മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തിയ നടനാണ് നിര്‍മ്മല്‍ പാലാഴി. ചെയ്ത ഓരോ കഥാപാത്രത്തിലും തന്റേതായ ശൈലി കൊണ്ടുവരാനും നിര്‍മ്മലിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ ചുവടുറപ്പിക്കുന്ന സമയത്ത് താന്‍ നേരിട്ട വെല്ലുവിളികള്‍ ചെറുതൊന്നുമായിരുന്നില്ലെന്നാണ് നിര്‍മ്മല്‍ പറയുന്നത്. മാധ്യമം ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.
2014 ല്‍ തനിക്ക് ഒരു അപകടമുണ്ടായെന്നും ഒരുപാട് പേരുടെ പ്രാര്‍ത്ഥന കൊണ്ടാണ് താന്‍ ജീവിതത്തിലേക്ക് തിരികെ എത്തിയതെന്നും നിര്‍മ്മല്‍ പറഞ്ഞു. എന്നാല്‍ അപകടത്തിന് ശേഷമുള്ള അഭിനയജീവിതത്തില്‍ നിരവധി വെല്ലുവിളികളാണ് തന്നെ കാത്തിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യം ശരിയായ സമയത്ത് ഒരു സിനിമയിലേക്ക് എന്നെ വിളിച്ചു. അപകടത്തിന് ശേഷം മെമ്മറി കട്ട് ആകുന്ന പ്രശ്‌നം എനിക്കുണ്ടായിരുന്നു. ഡയലോഗ് ഓര്‍മ്മയില്‍ നില്‍ക്കാത്തത് കാരണം ഒരുപാട് ടേക്ക് എടുക്കേണ്ടി വന്നു. ഒരുപാട് റിടേക്ക് വന്നതോടെ ക്യാമറാമാന്റെ മൂഡ് നശിപ്പിച്ചു. 30 ദിവസമുണ്ടായിരുന്ന ഡേറ്റ് 3 ദിവസമാക്കി കുറച്ച് എന്റെ കഥാപാത്രത്തെ വെട്ടിച്ചുരുക്കുകയായിരുന്നു, നിര്‍മ്മല്‍ പറഞ്ഞു.
രണ്ടാമത് ലഭിച്ച സിനിമയിലും ഇതേ ക്യാമറാമാനായിരുന്നു. തന്നെ ഈ ഏരിയയിലേക്ക് അടുപ്പിച്ചാല്‍ ക്യാമറാമാന്‍ ക്യാമറയും എറിഞ്ഞിട്ട് ഓടുമെന്നും അവന്‍ തങ്ങളുടെ സമയം കളയുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. അതോടെ ആ സിനിമയും മുടങ്ങി. അത് തന്നെ ഏറെ വിഷമിപ്പിച്ചുവെന്നും ഇനി എന്തിനാണ് തിരിച്ചുവരുന്നതെന്ന് വരെ തോന്നിപ്പോയെന്നും നിര്‍മ്മല്‍ പറഞ്ഞു.
‘അപ്പോഴാണ് സിദ്ദീഖ് സാര്‍ ഫുക്രി എന്ന സിനിമയിലെ കഥാപാത്രം ചെയ്യാന്‍ വിളിക്കുന്നത്. അതിന് ശേഷം അമ്പതോളം സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞു’, നിര്‍മ്മല്‍ പറഞ്ഞു.
ഗിന്നസ് പക്രു സംവിധാനം ചെയ്ത കുട്ടീം കോലും എന്ന സിനിമയിലാണ് നിര്‍മ്മല്‍ ആദ്യമായി വേഷമിടുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ യുവം എന്ന ചിത്രത്തിലും ജയസൂര്യ നായകനായ ‘വെള്ള’ത്തിലും നിര്‍മ്മല്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക