നിന്നെപ്പോലുള്ള കുരങ്ങന്‍മാര്‍ക്കൊന്നും ആ റോള്‍ തരാന്‍ പറ്റില്ലെന്ന് പറഞ്ഞു: നിരഞ്ജന്‍ രാജു
Entertainment news
നിന്നെപ്പോലുള്ള കുരങ്ങന്‍മാര്‍ക്കൊന്നും ആ റോള്‍ തരാന്‍ പറ്റില്ലെന്ന് പറഞ്ഞു: നിരഞ്ജന്‍ രാജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th February 2023, 1:16 pm

ബാലതാരമായി സിനിമയിലെത്തി ഇന്ന് മലയാളത്തിലെ യുവ നടന്മാരില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നിരഞ്ജന്‍ മണിയന്‍ പിള്ള രാജു. ഡിയര്‍ വാപ്പിയാണ് താരത്തിന്റേതായി തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രം.

ഛോട്ടാ മുംബൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് തന്റെ അച്ഛന്‍ മണിയന്‍ പിള്ള രാജുവുമായുണ്ടായ രസകരമായ സംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍.

2007ല്‍ മോഹന്‍ലാലിനെ നായകനാക്കി മണിയന്‍ പിള്ള രാജു നിര്‍മിച്ച ഛോട്ടാ മുംബൈ എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്യണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നും, ചിത്രത്തില്‍ വേഷം ചോദിച്ച സമയത്ത് അച്ഛന്‍ തന്നെ കളിയാക്കിയെന്നുമാണ് നടന്‍ പറഞ്ഞത്.


ഡിയര്‍ വാപ്പിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് താരം തന്റെ ഓര്‍മകള്‍ പങ്കുവെച്ചത്.

‘ബാല താരമായാണ് ഞാന്‍ സിനിമയിലെത്തിയത്. അച്ഛന്‍ നിര്‍മിച്ച ഒരു പടത്തിലും ഞാന്‍ ബാലതാരമായി അഭിനയിച്ചിട്ടില്ല. അച്ഛന്‍ നിര്‍മിച്ച ഛോട്ടാ മുംബൈയില്‍ ഒരു വേഷം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അച്ഛന്‍ അന്നത് സമ്മതിച്ചില്ല.

സിനിമയുടെ ഡിസ്‌കഷന്‍ സമയത്ത് സിനിമയിലെ കാളിദാസ് എന്ന ഒരു കുട്ടിയുടെ റോളിന് ആളെ ആവശ്യമുണ്ടെന്ന് അച്ഛന്‍ ഫോണിലൂടെ പറയുന്നത് കേട്ടു. എങ്കില്‍ പിന്നെ എന്നെ അഭിനയിപ്പിച്ചൂടെ എന്ന് ഞാന്‍ അച്ഛനോട് ചോദിച്ചു.

അച്ഛന്‍ പറഞ്ഞു അതൊക്കെ ഞാന്‍ കൊള്ളാവുന്ന ആരെക്കൊണ്ടെങ്കിലും ചെയ്യിപ്പിച്ചോളാമെന്ന്. നിന്നെപ്പോലുള്ള കുരങ്ങന്‍മാര്‍ക്കൊന്നും ആ റോള്‍ കൊടുക്കാന്‍ പറ്റൂലാന്ന് പറഞ്ഞ് എന്നെ തളര്‍ത്തിക്കളഞ്ഞു. പിന്നെ ഒരു കണക്കിന് എനിക്ക് പറ്റിയ റോളൊന്നും ആ സിനിമയില്‍ ഉണ്ടായിരുന്നുമില്ല,’ നിരഞ്ജന്‍ പറഞ്ഞു.

ഷാന്‍ തുളസി സംവിധാനം ചെയ്ത ഡിയര്‍ വാപ്പിയില്‍ അനഘ നാരായണന്‍, ലാല്‍, ജഗദീഷ്, മണിയന്‍ പിള്ള രാജു, നീന കുറുപ്പ്, സുനില്‍ സുഗത എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: Actor Niranjan shares funny experience with Maniyan pilla raju