അച്ഛന് സുഖമില്ലാതായപ്പോള്‍ പ്രതീക്ഷിച്ച പലരും ഒരു മെസേജ് പോലും അയച്ചില്ല, പക്ഷേ മമ്മൂക്ക അയച്ച മെസേജ് ഇന്നും എന്റെ മനസിലുണ്ട്: നിരഞ്ജ് മണിയന്‍ പിള്ള
Entertainment news
അച്ഛന് സുഖമില്ലാതായപ്പോള്‍ പ്രതീക്ഷിച്ച പലരും ഒരു മെസേജ് പോലും അയച്ചില്ല, പക്ഷേ മമ്മൂക്ക അയച്ച മെസേജ് ഇന്നും എന്റെ മനസിലുണ്ട്: നിരഞ്ജ് മണിയന്‍ പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd November 2022, 3:52 pm

നടനും മണിയന്‍ പിള്ള രാജുവിന്റെ മകനുമായ നിരഞ്ജ് മണിയന്‍ പിള്ള രാജുവിന്റെ പുതിയ ചിത്രമാണ് വിവാഹ ആവാഹനം. ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ എന്ന ചിത്രത്തിലാണ് നിരഞ്ജ് ആദ്യമായി അഭിനയിച്ചത്. മമ്മൂട്ടിയേക്കുറിച്ച് പറയുകയാണ് നിരഞ്ജ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയാണെന്നും മണിയന്‍പിള്ള രാജുവിന് കൊവിഡ് വന്ന് സീരിയസായപ്പോള്‍ മമ്മൂട്ടി മെസേജ് അയച്ചതിനേക്കുറിച്ചും നിരഞ്ജ് പറഞ്ഞു.

പ്രതീക്ഷിച്ച പലരും അന്ന് മെസേജ് അയച്ച് മണിയന്‍പിള്ള രാജുവിന്റെ ആരോഗ്യത്തെക്കുറിച്ച് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് നിരഞ്ജ് ഇക്കാര്യം പറഞ്ഞത്.

”എന്റെ പേഴ്‌സണല്‍ ഫേവറിറ്റാണ് മമ്മൂക്ക. ഒരു നടനെന്ന നിലയില്‍ എപ്പോഴും പുതുമകള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഈ അടുത്ത് ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നു. വളരെ അപ്‌ഡേറ്റഡാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും ഭയങ്കര അറിവാണ്.

ഇപ്പോഴും പുതുമുഖങ്ങളുടെ കൂടെയും പുതിയ ഡയറക്ടേര്‍സിന്റെ കൂടെയുമാണ് വര്‍ക്ക് ചെയ്യുന്നത്. അത് വളരെ വലിയ ഒരു ഗുണമാണ്. വ്യക്തിപരമായി എനിക്ക് ഇഷ്ടമാവാന്‍ ഒരു കാരണമുണ്ട്. അത് അച്ഛന് കോവിഡ് വന്ന സമയത്താണ്. കൊവിഡ് വന്ന് അദ്ദേഹത്തിന് തീരെ വയ്യാതായിരുന്നു.

ആ സമയത്ത് ഞങ്ങള്‍ പ്രതീക്ഷിച്ച പലരും ഒരു മെസേജ് പോലും അയച്ചിരുന്നില്ല. അദ്ദേഹത്തിന് എങ്ങനെ ഉണ്ടെന്ന് ചോദിച്ചിട്ട് ആരും വിളിച്ചില്ല. അത്രക്ക് സീരിയസായിരുന്നു അച്ഛന്. ഒരു സമയത്ത് അച്ഛന് നെഗറ്റീവ് ആകുന്നുണ്ടെന്നും കുഴപ്പമില്ലെന്നും പറഞ്ഞ സമയത്ത് അച്ഛന്റെ ഫോണില്‍ ഞാന്‍ മമ്മൂക്കയുടെ മേസേജ് കണ്ടു.

അച്ഛന്‍ കണ്ടിട്ടില്ലായിരുന്നു ഫോണ്‍ നോക്കാറില്ലായിരുന്നു. അല്‍ഹംദുലില്ല ഞാന്‍ എന്നും പ്രോര്‍ത്ഥിച്ചിരുന്നു എന്ന് മമ്മൂക്ക മെസ്ജ് അയച്ചു. അതെനിക്ക് ഭയങ്കര സ്‌ട്രൈക്കിങ്ങായിരുന്നു. എന്നും അതെന്റെ മനസില്‍ ഉണ്ടാകും. മറക്കാന്‍ പറ്റാത്ത ഇന്‍സിഡന്റായി ഉള്ളില്‍ തന്നെ ഉണ്ടാകും,” നിരഞ്ജ് പറഞ്ഞു.

അതേസമയം, പുതിയ ചിത്രമായ വിവാഹ ആവാഹനം സംവിധാനം ചെയ്യുന്നത് സാജന്‍ ആലംമൂട്ടിലാണ്. സുധി കോപ്പ്, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

content highlight: actor niranj maniyanpilla raju about mammootty