Entertainment news
എനിക്ക് കല്യാണം കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ടെന്‍ഷന്‍ മമ്മൂട്ടി അങ്കിളിനെ കണ്ടതായിരുന്നു; തോളില്‍ അടിച്ച് അത് പറഞ്ഞു: നിരഞ്ജ് മണിയന്‍പിള്ള രാജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 21, 02:29 am
Wednesday, 21st December 2022, 7:59 am

തന്റെ കല്യാണത്തിന് മമ്മൂട്ടി വന്നതിനെക്കുറിച്ച് പറയുകയാണ് മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് മണിയന്‍പിള്ള രാജു. മമ്മൂട്ടി കല്യാണ ദിവസം മുഴുവന്‍ സമയവും തങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നുവെന്നും കുടുംബത്തിലെ ഒരു അംഗത്തെ പോലെ എല്ലാ ചടങ്ങിന്റെയും ഭാഗമായിയെന്നും നിരഞ്ജ് പറഞ്ഞു. ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എന്റെ കല്യാണത്തിന്റെ സമയത്ത് മമ്മൂട്ടി അങ്കിള്‍ ഇവിടെ ഇല്ലായിരുന്നു. കല്യാണത്തിന് അല്ല അത് കഴിഞ്ഞുള്ള പരിപാടിയില്‍ വരുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ കല്യാണത്തിന് തന്നെ വന്നു. വരനെ സ്വീകരിക്കുന്ന ചടങ്ങിന് വേണ്ടി നിന്നപ്പോഴാണ് ബാക്കില്‍ ഒരു വണ്ടി വരുന്നത് കണ്ടത്.

എനിക്ക് ഭയങ്കര കാര്‍ ഭ്രാന്ത് ഉണ്ട്. അപ്പോള്‍ ജസ്റ്റ് കളര്‍ കണ്ടപ്പോള്‍ തന്നെ മമ്മൂട്ടി അങ്കിളാണെന്ന് എനിക്ക് മനസിലായി. പിന്നെ എനിക്ക് കല്യാണം കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ടെന്‍ഷനായി. പക്ഷെ വന്നപ്പോള്‍ തൊട്ട് അദ്ദേഹം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു.

ഒരു ഫാമിലി മെമ്പറിനെ പോലെ ഫുള്‍ ഉണ്ടായിരുന്നു. താലികെട്ടിനും സ്റ്റേജിലെ പ്രോഗ്രാമിനും എല്ലാത്തിനും വന്ന് ഇരുന്നതിന് ശേഷമാണ് അദ്ദേഹം പോയത്. ഷേക്ക് ഹാന്‍ഡ് തന്ന മമ്മൂട്ടി അങ്കിള്‍ എന്തൊക്കെ ഉണ്ടെടാ എന്നും ചോദിച്ച് എന്റെ തോളില്‍ ഒരു അടിയായിരുന്നു.

മമ്മൂട്ടി അങ്കിളിനെ പോലെ തന്നെ ജയറാം അങ്കിളും വന്നിരുന്നു. റിസപ്ഷനായിരുന്നു ഞങ്ങള്‍ എല്ലാവരെയും വിളിച്ചത്. പക്ഷെ ജയറാം അങ്കിളും കല്യാണത്തിനാണ് വന്നത്. മോഹന്‍ലാല്‍ അങ്കിള്‍ റാമിന്റെ ഷൂട്ടിങ്ങിനായിട്ട് മൊറോക്കോയിലായിരുന്നു. അദ്ദേഹത്തിനെയും ക്ഷണിച്ചിരുന്നു,” നിരഞ്ജ് പറഞ്ഞു.

ഡിസംബര്‍ 10 ന് ആയിരുന്നു നിരഞ്ജ് വിവാഹിതനായത്. സാജന്‍ സംവിധാനം ചെയ്ത വിവാഹ ആവാഹനമാണ് നിരഞ്ജന്‍ അഭിനയിച്ച അവസാന ചിത്രം. അജു വര്‍ഗീസ്, സന്തോഷ് കീഴാറ്റൂര്‍, സാബു, രാജീവ് പിള്ള, സുധി കോപ്പ, നന്ദിനി ഗോപാലകൃഷ്ണന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

content highlight: actor niranj maniyanpilla about mammootty