| Sunday, 4th December 2022, 12:46 pm

വളരാനുള്ള സ്‌പേസ് കിട്ടുന്നിടത്തല്ലേ നമ്മള്‍ വളരൂ, എനിക്ക് സാധ്യതകള്‍ തുറന്ന് തന്നത് മറ്റ് ഭാഷകളാണ്: നീരജ് മാധവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു നടന്‍ എന്ന നിലയില്‍ തനിക്ക് വളരാന്‍ സാധിക്കുന്ന കഥാപാത്രങ്ങള്‍ മലയാളത്തില്‍ ലഭിക്കുന്നില്ലായെന്ന് നടന്‍ നീരജ് മാധവ്. അതിനാലാണ് താന്‍ മലയാള സിനിമയില്‍ നിന്നും മാറി മറ്റ് ഭാഷകളിലേക്ക് പോകുന്നതെന്നും താരം പറഞ്ഞു. പോപ്പര്‍‌സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നീരജ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ആദ്യകാലങ്ങളില്‍ ഞാന്‍ ചെയ്തത് മുഴുവന്‍ കോമഡി കഥാപാത്രങ്ങളായിരുന്നു. അതില്‍ നിന്നും ഒരു ബ്രേക്ക് വേണമെന്ന് എനിക്ക് തന്നെ തോന്നിയിരുന്നു. കോമഡി എനിക്ക്് ഇഷ്ടമില്ലാത്തത് കൊണ്ടല്ല. 2015ല്‍ ഞാന്‍ ഒരുപാട് സിനിമ ആ രീതിയില്‍ ചെയ്തു. അതില്‍ പലതും ഞാന്‍ ഇഷ്ടമില്ലാതെ ചെയ്തതാണ്.

അങ്ങനെ കാത്തിരുന്നാണ് മെക്‌സിക്കന്‍ അപാരത, ഊഴം പോലെയുള്ള സിനിമകള്‍ ചെയ്യുന്നത്. ഒരു നടന്‍ എന്ന രീതിയില്‍ വളരണമെന്ന ആഗ്രഹിക്കുന്നയാളാണ് ഞാന്‍. എന്നാല്‍ ഈ സിനിമക്കൊക്കെ ശേഷവും എന്നെ തേടി അത്തരം കഥാപാത്രങ്ങള്‍ വന്നിട്ടില്ല. നമ്മുടെ ഉള്ളിലെ പൊട്ടന്‍ഷ്യല്‍ ബാക്കിയുള്ളവര്‍ കണ്ടെത്താന്‍ കാത്തിരുന്നിട്ട് കാര്യമില്ല.

അത് നമ്മള്‍ തന്നെ ആദ്യം തിരിച്ചറിയണം. അങ്ങനെ എന്റെ കഴിവുകള്‍ ഞാന്‍ കണ്ടെത്തിയത് മറ്റ് ഭാഷകളില്‍ നിന്നാണ്. അപ്പോള്‍ പിന്നെ ഇവിടുത്തെ മീഡിയേറ്ററായിട്ടുള്ള വേഷങ്ങള്‍ ചെയ്യുന്നതിലും നല്ലത് മറ്റ് ഭാഷകളിലുള്ള സിനിമകള്‍ ചെയ്യുന്നതാണെന്ന് ഞാന്‍ കരുതി. എനിക്ക് പെര്‍ഫോം ചെയ്യാന്‍ സാധ്യതകള്‍ തുറന്ന് തരുന്ന ഏത് ഭാഷയിലും ഞാന്‍ അഭിനയിക്കും.

ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, ഒരു നടന്‍ എന്ന നിലയില്‍ വളരാനാണല്ലോ നമ്മള്‍ ശ്രമിക്കേണ്ടത്. അതിപ്പോള്‍ ഒരു സ്ഥലത്ത് നിന്നുമാത്രം ചെയ്യാന്‍ ആരും പറഞ്ഞിട്ടില്ലല്ലോ. വളരാനുള്ള സ്‌പേസ് കിട്ടുനന്നിടത്തെ നമ്മള്‍ വളരൂ,’ നീരജ് മാധവ്

ചാര്‍ളി ഡേവിസ് സംവിധാനം ചെയ്ത സുന്ദരി ഗാര്‍ഡന്‍സാണ് നീരജിന്റെ അവസാനമിറങ്ങിയ മലയാളം സിനിമ. അപര്‍ണ ബാലമുരളി നായികയായ സിനിമ സോണി ലിവിലാണ് ഇറങ്ങിയത്. ബിനു പപ്പു, വിജയരാഘവന്‍, ജൂഡ് ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളില്‍ സജീവമാകാനുള്ള ശ്രമമാണ് താരം ഇപ്പോള്‍ നടത്തുന്നത്. അമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഫാമിലി മാന്‍ എന്ന ഹിന്ദി വെബ് സീരിയസിന് മികട്ട പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു.

content highlight: actor neeraj madhav talks about his new plans

We use cookies to give you the best possible experience. Learn more