നീലക്കുറിഞ്ഞി കാണാനെത്തുന്നവര്‍ കുന്നുകളില്‍ പ്ലാസ്റ്റിക് ഉപേക്ഷിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി നടന്‍ നീരജ് മാധവ്. കള്ളിപ്പാറയില്‍ നീലക്കുറിഞ്ഞി പൂക്കുന്ന ചെടികള്‍ക്ക് സമീപത്ത് പോലും പ്ലാസ്റ്റിക്ക് കണ്ടെത്തിയെന്നും ദയവ് ചെയ്ത് കുന്നുകളിലേക്ക് പ്ലാസ്റ്റിക്ക് കൊണ്ടുവരരുതെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘നീലക്കുറിഞ്ഞി സന്ദര്‍ശിക്കാനെത്തുന്നവര്‍ വലിയ ദുരന്തത്തിലേക്ക് വഴിവെക്കുകയാണ്. ആളുകള്‍ വലിയ അളവില്‍ പ്ലാസ്റ്റിക് ഇവിടെ ഉപേക്ഷിക്കുകയാണ്. അതിന്റെ പരിസരത്ത് മാത്രമല്ല, ഇത്രയും മൂല്യവത്തായ പൂക്കളുണ്ടാകുന്ന ചെടികള്‍ക്ക് സമീപത്തുമുണ്ട്.
ഇത് തടയാനായി അധികൃതര്‍ അവരുടെ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ സന്ദര്‍ശകര്‍ ഇത് ഗൗനിക്കുന്നില്ല. ഈ മനോഹരമായ സ്ഥലം സന്ദര്‍ശിക്കാനെത്തുന്നവരോട് ഒരു അഭ്യര്‍ത്ഥന, ദയവ് ചെയ്ത് ഇവിടെ പ്ലാസ്റ്റിക്ക് കൊണ്ടുവരരുത്. അഥവാ കൊണ്ടുവന്നാല്‍ ഇവിടെ വലിച്ചെറിയരുത്,’ നീരജ് കുറിച്ചു.
ശാന്തന്‍പാറ കള്ളിപ്പാറയില്‍ പൂവിട്ട നീലക്കുറിഞ്ഞിയുടെ അപൂര്‍വകാഴ്ച കാണാനായി ആയിരക്കണക്കിനാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ശാന്തന്‍പാറ കള്ളിപ്പാറയില്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മലനിരകളിലാണ് നീലക്കുറിഞ്ഞി ധാരാളമായി പൂവിട്ടിരിക്കുന്നത്. ശാന്തന്‍ പാറയില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെയാണ് കള്ളിപ്പാറ എന്ന മനോഹരഗ്രാമം.
മൂന്നാര്‍-തേക്കടി സംസ്ഥാന പാതയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇതിന് മുന്‍പ് 2018 ല്‍ ചിന്നക്കനാല്‍ കൊളുക്കു മലയിലും 2020ല്‍ ശാന്തന്‍പാറ തോണ്ടിമലയിലുമാണ് വ്യാപകമായി നീലക്കുറിഞ്ഞി പൂവിട്ടത്. ഇവിടേക്ക് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.
Content Highlight: Actor Neeraj Madhav requested those who come to see Neelakurinji not to leave plastic on the hills