മലയാള സിനിമയിലെ നെപ്പോട്ടിസത്തെ കുറിച്ചും കരിയറില്‍ എടുക്കേണ്ടി വന്ന സ്ട്രഗിളിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ നീരജ് മാധവ്.
ആദ്യകാലമൊന്നും നെപ്പോട്ടിസം പോലുള്ള ഒന്നും തന്നെ ബാധിച്ചിരുന്നില്ലെന്നും പുതിയ ഒരു ആക്ടര്‍ വന്ന് സ്‌കോര്‍ ചെയ്യുമ്പോള്‍ സപ്പോര്‍ട്ടിങ് ആക്ടര്‍ക്ക് ഒരുപാട് അവസരങ്ങള്‍ കിട്ടുമെന്നും അന്ന് നമ്മള്‍ വെറുമൊരു ആക്‌സസറി മാത്രമായിരിക്കുമെന്നുമായിരുന്നു നീരജിന്റെ മറുപടി.
ഒരു സിനിമയുടെ മുഖമായി നമ്മള്‍ മാറാന്‍ തയ്യാറെടുക്കുന്ന ഘട്ടത്തില്‍ പല വെല്ലുവിളികളും നേരിടേണ്ടി വരുമെന്നും ഇന്‍ഡിക്കയ്ക്ക് പകരം ഇന്നോവ ചോദിച്ചവന്‍ എന്ന് വരെ തന്നെ കൊണ്ട് പറഞ്ഞവരുണ്ടെന്നും നീരജ് പറയുന്നു.
‘തുടക്ക സമയത്തൊന്നും എനിക്ക് നെപ്പോട്ടിസം നേരിടേണ്ടി വന്നിരുന്നില്ല. കാരണം എന്നെ സംവിധായകര്‍ എല്ലാം നേരിട്ട് വിളിക്കുകയായിരുന്നു. എന്റെ മൂന്നാമത്തെ പടമാണ് ദൃശ്യം. ജീത്തു ചേട്ടന്‍ നേരിട്ട് വിളിച്ചാണ് ആ കഥാപാത്രം തന്നത്. ആദ്യത്തെ കുറച്ച് പടങ്ങള്‍ എളുപ്പമായിരുന്നു.
എന്നാല്‍ ഞാന്‍ എന്റെ ലൈന്‍ മാറ്റാന്‍ തുടങ്ങിയപ്പോഴാണ് പ്രശ്‌നം തുടങ്ങിയത്. നമ്മള്‍ ഒരു സിനിമയുടെ മുഖമായി മാറുമ്പോള്‍ അതിനുള്ള വാല്യു ഇവനുണ്ടോ, മാര്‍ക്കറ്റുണ്ടോ, വലിയ ആളായോ എന്നൊക്കെയുള്ള ചോദ്യം വരും. ആ സമയത്ത് മാത്രമാണ് ഒരു ബാക്ക് അപ്പ് ഉണ്ടായിരുന്നെങ്കില്‍ എളുപ്പമാകുമായിരുന്നു എന്ന് തോന്നിയത്.
സിനിമയില്‍ വന്ന സമയങ്ങളിലൊന്നും ഞാന്‍ ഭയങ്കര ഡിപ്ലോമാറ്റിക് ഒന്നും ആയിരുന്നില്ല. ചാന്‍സിന് വേണ്ടി കെഞ്ചേണ്ടി വരാത്തതുകൊണ്ട് തന്നെ എന്റെ ആവശ്യങ്ങള്‍ ഞാന്‍ നേരിട്ട് പറയുമായിരുന്നു. മുഖത്തടിച്ചപോലുള്ള സംസാരം. ഒരു പക്ഷേ അത് ആ പ്രായത്തിന്റേയും ആയിരിക്കും. അതിനെ ന്യായീകരിക്കുന്നുമില്ല.
അപ്പോഴും ഞാന്‍ വര്‍ക്കില്‍ മിസ്സ് ചെയ്തിരുന്നില്ല. രണ്ട് പേര്‍ കൂടി റൂം ഷെയര്‍ ചെയ്യണമെന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ഞാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടുണ്ടാകും. ഇത്രയൊക്കെയേ ഉള്ളൂ. ഇന്‍ഡിക്കയ്ക്ക് പകരം ഇന്നോവ ചോദിച്ചവന്‍ എന്ന് എന്നെ കൊണ്ട് പറഞ്ഞവരുണ്ട്.
ഒരു സിനിമ ചെയ്യുമ്പോള്‍ കാരവനിനകത്ത് ഒരു കാബിന്‍ ഞാന്‍ ചോദിച്ചിരുന്നു. അന്ന് ഞാന്‍ വേറൊരു സിനിമയ്ക്ക് വേണ്ടി സ്‌ക്രിപ്റ്റ് എഴുതുന്ന സമയമാണ്. കുറേ ആള്‍ക്കാര്‍ ഉണ്ടാവുമ്പോള്‍ ആ എഴുത്ത് നടക്കില്ലെന്ന് ഉള്ളതുകൊണ്ടായിരുന്നു ഒരു കാബിന്‍ ചോദിച്ചത്.
എന്നാല്‍ നീരജ് മാധവിന് സ്വന്തം കാരവനുണ്ടെങ്കിലേ പടം ചെയ്യൂ എന്ന് പറഞ്ഞെന്ന രീതിയിലാണ് പിന്നെ അത് പുറത്തുവരുന്നത്. ന്യായമായ കാര്യങ്ങള്‍ക്ക് വേണ്ടി നമ്മള്‍ സംസാരിച്ച് തുടങ്ങുമ്പോള്‍ അത് ആള്‍ക്കാര്‍ക്ക് പ്രശ്‌നമാണെന്ന് മനസിലായി.
ആളുകള്‍ പറയുന്നത് കേട്ട് ഡിപ്ലോമാറ്റിക് ആയി പോയാല്‍ നമ്മള്‍ പ്രൊമോട്ട് ചെയ്യപ്പെടും. അങ്ങനെ തലകുനിച്ച് നില്‍ക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അതാണ് എന്റെ മെന്റാലിറ്റി. അല്ലെങ്കില്‍ പിന്നെ ഒരു ഗ്രൂപ്പിന്റെ ഭാഗമാകണം. അതും ഞാന്‍ പരീക്ഷിച്ചിരുന്നു.
അവിടെയും ഞാന്‍ വേറൊരു ആളായി അഭിനയിക്കേണ്ടി വരുന്നു. എന്റെ സംസാരമൊന്നും വെല്‍ക്കമിങ് അല്ല.
പിന്നെ എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടുന്നതെന്ന് എനിക്ക് തോന്നി. നമുക്ക് നമ്മുടെ വഴി കണ്ടെത്താന്‍ പറ്റും. നമ്മുടെ കഴിവില്‍ വിശ്വസിച്ച് മുന്നോട്ട് പോകുക. ഒരുപക്ഷേ അതായിരിക്കാം പല വീഴ്ചകള്‍ സംഭവിച്ചപ്പോഴും പിടിച്ച് കയറി മുന്നോട്ട് വരാന്‍ സാധിച്ചത്, നീരജ് മാധവ് പറഞ്ഞു.
നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആര്‍.ഡി.എക്‌സ് ആണ് നീരജിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്,എന്നിവരാണ് ചിത്രത്തിലെ മറ്റ് നായകന്മാര്‍.
Content Highlight: Actor Neeraj Madhav about his film life and struggles