Entertainment news
സ്‌കൂളില്‍ പഠിച്ച ഹിന്ദിയല്ലാതെ  വേറെയൊന്നും അറിയില്ലായിരുന്നു, ഫാമിലി മാനില്‍ എത്തിപ്പെട്ടതിനെ കുറിച്ച് നീരജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 29, 08:13 am
Tuesday, 29th June 2021, 1:43 pm

മലയാളികളുടെ ഇഷ്ട യുവതാരങ്ങളില്‍ ഒരാളാണ് നീരജ് മാധവ്. ഫാമിലി മാന്‍ എന്ന സീരിസിലൂടെ ഇന്ത്യ മുഴുവന്‍ നീരജ് ശ്രദ്ധിക്കപ്പെട്ടു.  നെറ്റ്ഫ്‌ളിക്‌സിന്റെ ആന്തോളജി സിനിമയിലും നീരജ് അഭിനയിച്ചിരുന്നു.

താന്‍ എങ്ങിനെയാണ് ഫാമിലി മാന്‍ എന്ന സീരിസില്‍ എത്തിപ്പെട്ടതെന്ന് തുറന്നുപറയുകയാണ് നീരജ്.  ഫാമിലി മാനില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ തനിക്ക് സ്‌കൂളില്‍ പഠിച്ച ഹിന്ദി അല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നെന്നാണ് താരം പറയുന്നത്.

കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നീരജിന്റെ തുറന്നുപറച്ചില്‍. പഴയ സ്‌കൂള്‍ ക്ലാസുകളില്‍ പഠിച്ച ഹിന്ദി പരിജ്ഞാനമേ തനിക്കുമുണ്ടായിരുന്നുള്ളൂ. അവിടെച്ചെന്ന് ഹിന്ദി പഠിക്കുകയായിരുന്നുവെന്ന് നീരജ് പറഞ്ഞു.

ഫാമിലി മാന്‍ സിങ്ക് സൗണ്ട് ആയിരുന്നു. ധാരാളം ഡയലോഗ് പറയുന്ന ഒരു കഥാപാത്രമാണ് എന്റേത്. തലേന്ന് സ്‌ക്രിപ്റ്റ് തരും. അത് വായിച്ച് മനഃപാഠമാക്കിയിട്ടാണ് ഷോട്ടിന് എത്തിയിരുന്നത്. ഭാഗ്യത്തിന് തെറ്റുകുറ്റങ്ങളൊന്നുമുണ്ടായില്ല – നീരജ് പറഞ്ഞു.

മുകേഷ് ഛബ്ര എന്ന കാസ്റ്റിംഗ് കമ്പനിയില്‍നിന്നാണ് തനിക്ക് ആദ്യത്തെ കോള്‍ വരുന്നത്. ആമസോണിനുവേണ്ടി ഒരു വെബ്സീരീസ് പ്ലാന്‍ ചെയ്യുന്നുണ്ടെന്നും അതിലൊരു വേഷം ചെയ്യാന്‍ താല്‍പ്പര്യമുണ്ടോയെന്നും അന്വേഷിച്ചുകൊണ്ടുമുള്ള കോളായിരുന്നു. ഓഡിഷന് വരേണ്ടിവരുമെന്നും അവര്‍ സൂചിപ്പിച്ചു. ഓഡിഷന്‍ കൊടുക്കുന്നതില്‍ വിഷമമുണ്ടായിരുന്നില്ല. പക്ഷേ അതൊരു ചെറിയ വേഷത്തിനാണെങ്കിലോ? ഈ ആശങ്ക ഉള്ളതുകൊണ്ട് അവരോട് തന്റെ കഥാപാത്രത്തെക്കുറിച്ച് തിരക്കിയെന്നും നീരജ് പറഞ്ഞു.

തുടര്‍ന്ന് കമ്പനിയില്‍നിന്ന് വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ ഏതെങ്കിലും അസിസ്റ്റന്റ് ഡയറക്ടര്‍മാരായിരിക്കുമെന്നാണ് കരുതിയത്. പക്ഷേ വിളിച്ചത് സംവിധായകരില്‍ ഒരാളായ ഡി.കെയാണ്. തന്റെ ചില സിനിമകള്‍ തെരഞ്ഞെടുത്ത് കണ്ടിട്ടുണ്ടെന്നും അവരുടെ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനെന്ന നിലയിലാണ് എന്നെ വിളിക്കുന്നതെന്നും അദ്ദേഹം ആമുഖമായി പറഞ്ഞു. കഥകൂടി കേട്ടപ്പോള്‍ ശരിക്കും ഞെട്ടിയെന്നും നീരജ് പറഞ്ഞു.

ഫാമിലി മാനിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നാണ്. ഇത്രയും നല്ലൊരു വേഷം മലയാള സിനിമയില്‍നിന്നുപോലും ഇക്കാലത്തിനിടയില്‍ തനിക്ക് ലഭിച്ചിട്ടില്ല. തുടര്‍ന്ന് പ്രോജക്ട് കമ്മിറ്റ് ചെയ്‌തെന്നും നീരജ് പറഞ്ഞു.

ഫാമിലി മാന്‍ സീരിസിന്റെ രണ്ടാം സീസണ്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മനോജ് ബാജ്‌പേയി, പ്രിയാമണി എന്നിവര്‍ക്കൊപ്പം സാമന്തയായിരുന്നു രണ്ടാം സീസണില്‍ പ്രധാനവേഷത്തില്‍ എത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Actor Neeraj Madhav about his arrival at Family Man series