സ്‌റ്റേജില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടയില്‍ ഇഷ്ടികക്ക് ഏറ് കിട്ടിയതിനെ കുറിച്ച് പറയുകയാണ് നടന്‍ നസീര്‍ സംക്രാന്തി. പരിപാടിക്ക് കൂവല്‍ കിട്ടിയിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് താരം. അടുത്ത കാലത്തൊന്നും പരിപാടിക്കിടെ കൂവല്‍ കിട്ടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇഷ്ടിക നിര്‍മിക്കുന്ന സ്ഥലത്ത് വെച്ചായിരുന്നു പരിപാടി നടന്നതെന്നും പരിപാടി മോശമായപ്പോള്‍ തന്നെ ഇഷ്ടിക വെച്ച് ആളുകള്‍ എറിഞ്ഞുവെന്നും കഷ്ടപ്പെട്ടാണ് രക്ഷപെട്ടതെന്നും അദ്ദേഹം പറഞ്ഞു. അന്ന് സ്റ്റേജിന്റെ പുറകിലൂടെയിറങ്ങി ഓടുകയായിരുന്നു എന്നും മൈല്‍സ്‌റ്റോണ്‍ മേക്കഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നസീര്‍ പറഞ്ഞു.
‘കൂവല്‍ കിട്ടിയ പരിപാടി ഈ അടുത്തിടെയൊന്നും ഉണ്ടായിട്ടില്ല. പക്ഷെ എനിക്ക് ഇഷ്ടികക്ക് ഏറ് കിട്ടിയിട്ടുണ്ട്. അത് ഇപ്പോഴൊന്നും അല്ല. കുറേ നാളുകള്‍ക്ക് മുമ്പാണ്. ഞാന്‍ ആദ്യകാലത്ത് പരിപാടി ചെയ്തപ്പോഴായിരുന്നു അത് സംഭവിച്ചത്.
പണ്ടൊക്കെ ഞാന്‍ നാടകത്തില്‍ അഭിനയിക്കുമായിരുന്നു. അതിനെ മാട്ട നാടകമെന്നാണ് പറയുന്നത്. പെട്ടെന്ന് തട്ടികൂട്ടിയുണ്ടാക്കുന്ന നാടകങ്ങളാണ് അതൊക്കെ. അതൊരിക്കലും പ്രൊഫഷണല്‍ നാടകമൊന്നുമല്ല. നമ്മള്‍ സുഹൃത്തുക്കള്‍ എല്ലാംകൂടി പെട്ടെന്ന് ചെയ്യുന്ന നാടകങ്ങളാണത്.
അങ്ങനെ ഒരിക്കല്‍ ഞാന്‍ അഭിനയിക്കാന്‍ പോയി. അപ്പോഴാണ് ഇഷ്ടികക്ക് ഏറ് കിട്ടുന്നത്. ഇഷ്ടിക കളം എന്നുപറയുന്ന സ്ഥലമുണ്ട്. ഇഷ്ടിക ഉണ്ടാക്കുന്ന സ്ഥലമാണത്. അവിടെ വെച്ചാണ് പരിപാടി നടക്കുന്നത്. ഒരു ഇഷ്ടിക എന്റെ നേരെ വന്നപ്പോള്‍ ഞാന്‍ തലയൊന്ന് കുനിച്ച് കൊടുത്തു. അല്ലെങ്കില്‍ അത് എന്റെ തലയും കൊണ്ടുപോയേനെ.
ആ ഇഷ്ടിക നേരെ പോയി കര്‍ട്ടനില്‍ ഇടിച്ചു. അവിടെ നിന്നും ഓടിയ ഞാന്‍ സംക്രാന്തിയിലാണ് വന്ന് നിന്നത്. ഞാന്‍ സ്‌റ്റേജിന്റെ പുറകില്‍ കൂടെയാണ് ഇറങ്ങിയോടിയത്. രാത്രി രണ്ടരക്ക് മൂന്ന് നാല് കിലോ മീറ്ററാണ് ഓടിയത്,’ നസീര്‍ സംക്രാന്തി പറഞ്ഞു.
content highlight: actor nazeer sankranthi share his experience