ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളോട് വിടപറയുകയാണെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വലിയ പ്രൊഡക്ഷന്‍ ഹൗസുകളുടെ റാക്കറ്റായും അനാവശ്യമായ പരിപാടികള്‍ തള്ളുന്ന ചവര്‍ക്കൂനയായും മാറിയെന്നായിരുന്നു താരം പ്രതികരിച്ചത്.
വലിയ അളവില്‍ പരിപാടികള്‍ വരുന്നത് ഉള്ളടക്കത്തിന്റെ ക്വാളിറ്റിയെ ബാധിക്കുന്നുണ്ടെന്നും നവാസുദ്ദീന്‍ സിദ്ദിഖി ബോളിവുഡ് ഹംഗാമയോട് പ്രതികരിച്ചു.
”ഞാന്‍ സേക്രഡ് ഗെയിംസ് ചെയ്യുന്ന സമയത്ത് ഡിജിറ്റല്‍ മീഡിയ വലിയ ആവേശമായിരുന്നു. ആ സമയത്ത് കഴിവുള്ള പുതിയ ആളുകള്‍ക്ക് ഒരുപാട് അവസരങ്ങള്‍ ലഭിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ ഫ്രഷ്‌നെസ് ഇന്നില്ല,” നടന്‍ പറയുന്നു.
ഈയിടെയായി ഒ.ടി.ടിയില്‍ വരുന്ന കണ്ടന്റുകള്‍ സഹിക്കാവുന്നതിലും അപ്പുറമാണെന്നും ഇത് കാണാന്‍ പോലും കഴിയാത്ത താന്‍ എങ്ങനെയാണ് അതില്‍ അഭിനയിക്കുകയെന്നും നവാസുദ്ദീന്‍ സിദ്ദിഖി ചോദിച്ചു.
”സൂപ്പര്‍ താരങ്ങളുടെ സിസ്റ്റം ബിഗ് സ്‌ക്രീനിനെ നശിപ്പിച്ചു. ഇപ്പോള്‍ ഒ.ടി.ടിയിലെ താരങ്ങളും അതേ സ്ഥിതിയിലേയ്ക്കാണ് പോകുന്നത്.
ഉള്ളടക്കത്തിനും കഥയ്ക്കുമാണ് പ്രാധാന്യമെന്ന് ഇത്തരം ആളുകള്‍ മറക്കുന്നു. ലോക്ഡൗണിനും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വ്യാപകമാകുന്നതിനും മുന്‍പ് ഇന്ത്യയിലെ 3000 തിയേറ്ററില്‍ സൂപ്പര്‍സ്റ്റാറുകളുടെ സിനിമകള്‍ റിലീസ് ചെയ്യും.
അവരുടെ സിനിമകള്‍ കാണുക എന്നതല്ലാതെ ആളുകള്‍ക്ക് വേറെ ഓപ്ഷന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ഇന്ന് എന്ത് കാണണമെന്ന് തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് മുന്നില്‍ നിരവധി ഓപ്ഷനുകളുണ്ട്,” താരം കൂട്ടിച്ചേര്‍ത്തു.