കോമഡി വേഷങ്ങളിലൂടെ അഭിനയം ആരംഭിച്ച നടനാണ് നവാസ് വള്ളിക്കുന്ന്. എന്നാല്‍ മനു വാര്യര്‍- പൃഥ്വിരാജ് ചിത്രം കുരുതിയില്‍ വില്ലന്‍ ടച്ചുള്ള കഥാപാത്രത്തെയായിരുന്നു നവാസ് അവതരിപ്പിച്ചത്. ഇത് ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
കുരുതി റിലീസ് ചെയ്ത ശേഷം ലഭിച്ച പ്രതികരണത്തെക്കുറിച്ചും അതിന് ശേഷം വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചും സംസാരിക്കുകയാണ് പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ നവാസ്.
”ഒരുപാട് ആളുകള്‍ ആ പടം കണ്ടിട്ട് വിളിച്ചിരുന്നു. ഇനി ഇറങ്ങാന്‍ പോകുന്നതൊക്കെ വില്ലനായിട്ടുള്ള പടങ്ങളാണ്. കോമഡിയൊക്കെ വിട്ടു. ലേശം സീരിയസിലേക്ക് കടന്നു.
കുരുതി നല്ല ഗുണം ചെയ്തു. ഒരുപാട് ആളുകള്‍ കണ്ടിട്ട്, നവാസേ അടിപൊളിയായിട്ടുണ്ട്, എന്ന് പറഞ്ഞു,” നവാസ് പറഞ്ഞു.
തന്റെ ലുക്ക് വെച്ച് നായകനായി അഭിനയിക്കാന്‍ പറ്റുമോ എന്ന് സംശയിച്ചിരുന്നെന്നും എന്നാല്‍ നായകനായി ഇപ്പോള്‍ മൂന്ന് സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും നവാസ് അഭിമുഖത്തില്‍ പറയുന്നുണ്ട്.
”ലുക്ക് കാരണം നമ്മളെ നായകനായി ആരെങ്കിലും വിളിക്കുമോ എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. പക്ഷെ, ഇപ്പോള്‍ രണ്ടുമൂന്ന് സിനിമ ഞാന്‍ നായകനായുള്ളത് എടുത്തിട്ടുണ്ട്. ആരോടും പറഞ്ഞിട്ടില്ല. കമ്മിറ്റ് ചെയ്തിട്ടുണ്ട്.
എനിക്ക് ചെയ്യാന്‍ പറ്റുന്ന സിനിമകളാണ്. തമാശ കഴിഞ്ഞപ്പോള്‍ നായകനായുള്ള സിനിമയുടെ ഓഫര്‍ വന്നിരുന്നു. അയ്യോ ചേട്ടാ, എനിക്കിപ്പോള്‍ ക്യാമറ വെച്ചാല്‍ ഞാന്‍ ഉണ്ടോ എന്നുവരെ അറിയില്ല, പഠിച്ച് വരുന്നതേ ഉള്ളൂ, എന്ന് ഞാന്‍ പറഞ്ഞു. ഇപ്പോഴും പഠിച്ച് വരുന്നതേയുള്ളൂ.
പക്ഷെ, ഇപ്പോള്‍ കുറച്ച് ധൈര്യം വന്നു. കുറച്ച് പടങ്ങളൊക്കെ ഇറങ്ങിയപ്പോള്‍, ചെയ്യാന്‍ പറ്റും എന്ന് ധൈര്യം വന്നു. കുറേ ആര്‍ടിസ്റ്റുകളുടെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍, അവര്‍ കുറേ കാര്യങ്ങളൊക്കെ പറഞ്ഞ് തരും. സിദ്ദിഖ് ആണെങ്കിലും ടൊവിനോക്കൊപ്പം നാരദന്‍ ചെയ്തപ്പോഴും, അങ്ങനെ എല്ലാവരും.
എല്ലാവരുടെ കൂടെ അഭിനയിക്കുമ്പോഴും ഞാന്‍ കാര്യങ്ങളൊക്കെ ചോദിക്കും. അവര്‍ക്ക് അറിയുന്ന കാര്യങ്ങള്‍ എനിക്ക് പറഞ്ഞുതരും. അങ്ങനെ കുറേ കാര്യങ്ങള്‍ പഠിക്കുകയാണല്ലോ.
അങ്ങനെ കുറച്ച് ധൈര്യം വന്നപ്പോള്‍ നായകനായി പടം ചെയ്തു. ചെറിയ പടങ്ങളാണ് ഒക്കെ. എനിക്ക് ചെയ്യാന്‍ പറ്റും എന്ന് തോന്നിയതുകൊണ്ട് ഞാന്‍ ചെയ്തു. അങ്ങനെ നായകനായി ഇപ്പോള്‍ മൂന്ന് പടങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്,” നവാസ് വള്ളിക്കുന്ന് പറഞ്ഞു.
സുഡാനി ഫ്രം നൈജീരിയ, തമാശ, കപ്പേള, ഹലാല്‍ ലവ് സ്റ്റോറി, കുരുതി, മധുരം, നാരദന്‍ എന്നിവയാണ് നവാസ് വേഷമിട്ട ശ്രദ്ധേയമായ സിനിമകള്‍.
മാഹി ആണ് റിലീസിനൊരുങ്ങി നില്‍ക്കുന്ന പുതിയ സിനിമ.
Content Highlight: Actor Navas Vallikkunnu about his roles as villain and hero