നവാസിന്റെ വണ്ടി അകത്തേക്ക് വിട്, എന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു; ഏത് വണ്ടി? ഞാന്‍ കോളേജിന്റെ പുറത്തേക്ക് ഓടി ഒരു പെട്ടിക്കടയുടെ ബാക്കില്‍ പോയി നിന്ന് വിറച്ചു; കാറ് വാങ്ങിയതിന് പിന്നിലെ കഥ പറഞ്ഞ് നവാസ് വള്ളിക്കുന്ന്
സുഡാനി ഫ്രം നൈജീരിയ, തമാശ, കപ്പേള, ഹലാല്‍ ലവ് സ്റ്റോറി, കുരുതി, മധുരം, നാരദന്‍ തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് നവാസ് വള്ളിക്കുന്ന്.
കരിയറിന്റെ തുടക്കത്തില്‍ കോമഡി ടച്ചുള്ള കഥാപാത്രങ്ങള്‍ ചെയ്ത നവാസ് പിന്നീട് വില്ലന്‍ സ്വഭാവമുള്ള റോളുകളിലൂടെയും വിജയം കണ്ടു
താന്‍ കാറ് വാങ്ങിയതിന് പിന്നിലെ രസകരമായ കഥ പറയുകയാണ് ഇപ്പോള്‍ പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ നവാസ്.
സ്വന്തമായി വണ്ടിയില്ലാത്തത് കാരണം ഒരു കോളേജില്‍ പരിപാടിക്ക് പോയപ്പോള്‍ പെട്ട് പോയതിന്റെ അനുഭവമാണ് രസകരമായി നവാസ് പറയുന്നത്.
”ഞാന്‍ ഒരു കോളേജിലെ പരിപാടിക്ക് ഉദ്ഘാടനത്തിന് പോയതായിരുന്നു. അപ്പൊ നോക്കിയപ്പോള്‍ പോകാന്‍ വണ്ടിയില്ല. ഞാന്‍ എത്തിക്കോളാ എന്ന് അവരോട് വിളിച്ച് പറഞ്ഞിരുന്നു.
പിന്നെ ആലോചിച്ചപ്പോഴാണ്, ഉദ്ഘാടനമാണല്ലോ ഓട്ടോറിക്ഷയിലൊന്നും പോവാന്‍ പറ്റില്ലല്ലോ. അങ്ങനെ ഞാന്‍ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ വര്‍ക്ക് ചെയ്യുന്ന എന്റെ സുഹൃത്തിനെ വിളിച്ചു.
അവന് നാല് മണിക്ക് ഡ്യൂട്ടിയുണ്ട് എന്ന് പറഞ്ഞു. രണ്ട് മണിക്കാണ് പരിപാടി രണ്ടര ആകുമ്പോഴേക്ക് നിന്നെ ഫ്രീയാക്കാം എന്നും പറഞ്ഞ് അവനെ കൂട്ടി. അങ്ങനെ അവന്റെ കാറും എടുത്ത് പോയി.
അങ്ങനെ കോളേജിലെത്തിയപ്പോള്‍ ഭയങ്കര സ്വീകരണം. റോഡില്‍ നിന്ന് ബാന്‍ഡ് ഒക്കെ അടിച്ചിട്ടാണ് കൊണ്ടുപോയത്. സുഹൃത്തും കൂടെയുണ്ടായിരുന്നു. പരിപാടിയുടെ വേദിയില്‍ പോയി ഇരുത്തി.
മൂന്ന് മണിയായിട്ടും പരിപാടി തുടങ്ങിയില്ല. ഒരു മൂന്നര ആയപ്പോള്‍ ലേറ്റ് ആയത് കാരണം ഞാന്‍ അവനോട് പോയ്‌ക്കൊള്ളാന്‍ പറഞ്ഞു. അവന്‍ പോയി.
അങ്ങനെ എന്റെ പ്രസംഗം ഒക്കെ കഴിഞ്ഞു. എന്നെ അവര്‍ അനുമോദിച്ചിരുന്നു. പൊന്നാടയും ട്രോഫിയുമൊക്കെ ഉണ്ടായിരുന്നു. പൊന്നാട ഇട്ടതിന് ശേഷം രണ്ട് പെണ്‍കുട്ടികള്‍ വന്ന് അത് വാങ്ങിക്കൊണ്ടുപോയി. സാറിന്റെ വണ്ടിയില്‍ വെച്ച് തരാം എന്ന് പറഞ്ഞ് അത് വാങ്ങി.
പരിപാടിയൊക്കെ കഴിഞ്ഞു. നവാസിന്റെ വണ്ടി അകത്തേക്ക് വിട് എന്ന് അവിടത്തെ പ്രിന്‍സിപ്പാള്‍ പറഞ്ഞു. ഏത് വണ്ടി എന്ന് വിചാരിച്ച് ഞാനിങ്ങനെ നിന്നു. എന്താ ഇപ്പൊ ഇവരോട് പറയാ എന്ന് വിചാരിച്ച് ബേജാറായി നിന്നു.
അനുമോദിച്ച പൊന്നാടയും ട്രോഫിയും തിരിച്ച് തരാന്‍ കുട്ടികളോട് പറഞ്ഞു. സാറിന്റെ കയ്യില്‍ തരില്ല, വണ്ടിയില്‍ വെച്ച് തരാം എന്ന് അവര് പറഞ്ഞു. എന്ത് ചെയ്യണമെന്ന് ആലോചിച്ച് അവസാനം ഫോണ്‍ എടുത്തു.
വെറുതെ ആരെയോ വിളിച്ച് ഹലോ, എടാ പറയടാ എന്നും പറഞ്ഞ് ആ കുട്ടിയുടെ കയ്യില്‍ നിന്ന് ട്രോഫിയും പൊന്നാടയും വാങ്ങി ഞാന്‍ ഫോണ്‍ ചെയ്തുകൊണ്ട് ഞാന്‍ കോളേജിന്റെ പുറത്തേക്ക് പോയി.
ഞാന്‍ ഓടി. സത്യം പറഞ്ഞാല്‍ ഞാന്‍ ഓടി ഒരു പെട്ടിക്കടയുടെ ബാക്കില്‍ പോയി വിറക്കുകയായിരുന്നു. ആരെങ്കിലും കണ്ടിട്ടുണ്ടെങ്കിലോ. കാരണം എന്നെ ബാന്‍ഡ് ഒക്കെ അടിച്ച് കൊണ്ടുവന്നതല്ലേ. എന്ത് ചെയ്യുമെന്നറിയാതെ പെട്ടിക്കടയുടെ ബാക്കില്‍ പോയി നിന്നു.