|

പുലി ശരിക്കും ഹിറ്റാകേണ്ടതായിരുന്നു, പക്ഷേ അവര്‍ കാരണം അത് പരാജയമായി: നടരാജ സുബ്രഹ്‌മണ്യന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ്‌യെ നായകനാക്കി ചിമ്പുദേവന്‍ സംവിധാനം ചെയ്ത് 2015ല്‍ റിലീസായ ചിത്രമായിരുന്നു പുലി. മരുധീരന്‍, പുലിവേന്ദന്‍ എന്നിങ്ങനെ ഇരട്ടവേഷത്തില്‍ വിജയ് എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായി മാറി. ബോളിവുഡ് താരം ശ്രീദേവിയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു. 100 കോടി ബജറ്റിലൊരുങ്ങിയ ചിത്രം വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായി മാറി. ചിത്രത്തിന്റെ പരാജയകാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ഛായാഗ്രഹകനും നടനുമായ നടരാജ സുബ്രഹ്‌മണ്യന്‍ (നട്ടി).

ആ ചിത്രം അന്നത്തെ കാലത്ത് തമിഴിലെ ഏറ്റവുമുയര്‍ന്ന ബജറ്റില്‍ ചിത്രീകരിച്ച ചിത്രമാണെന്നും തെറ്റായ രീതിയില്‍ മാര്‍ക്കറ്റ് ചെയ്തതുകൊണ്ടാണ് പരാജയമായതെന്നും നട്ടി പറഞ്ഞു. നിര്‍മാതാക്കള്‍ ആ ചിത്രത്തെ ഒരു ആക്ഷന്‍ ചിത്രമെന്ന രീതിക്കാണ് മാര്‍ക്കറ്റ് ചെയ്‌തെന്നും എന്നാല്‍ ആ സിനിമയുടെ ഴോണര്‍ വ്യത്യസ്തമാണെന്നും നട്ടി കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിന്റെ ഷൂട്ടിന് മുമ്പ് വിജയ് ആ സിനിമ കമ്മിറ്റ് ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് തന്നോട് സംസാരിച്ചുവെന്നും നട്ടി പറഞ്ഞു. താനൊരു കഥ കേട്ടെന്നും കുട്ടിക്കാലത്ത് കേട്ട പോലെ സംസാരിക്കുന്ന കാക്ക, തവള, ചെറിയ മനുഷ്യര്‍ എന്നീ എലമെന്റുകളുള്ള ഒരു ഫാന്റസി കഥ പോലെ തോന്നിയെന്നും ആ കഥ ചെയ്യാന്‍ തീരുമാനിച്ചെന്നുമാണ് വിജയ് തന്നോട് പറഞ്ഞതെന്ന് നട്ടി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ബാഹുബലി 1 റിലീസായ സമയമായതിനാല്‍ അതുപോലൊരു ആക്ഷന്‍ ചിത്രമെന്ന രീതിയില്‍ നിര്‍മാതാക്കള്‍ പ്രേക്ഷകരെ ധരിപ്പിച്ചെന്നും അത് വിചാരിച്ചുവന്ന ഓഡിയന്‍സ് നിരാശരായതാണ് പരാജയത്തിന് കാരണമെന്നും നട്ടി പറഞ്ഞു. ദിനമലറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പുലി എന്ന സിനിമ ശരിക്കും ഹിറ്റാകേണ്ടതായിരുന്നു. എന്നാല്‍ അതിന്റെ നിര്‍മാതാക്കള്‍ ആ സിനിമയെ തെറ്റായ രീതിയിലാണ് അന്ന് മാര്‍ക്കറ്റ് ചെയ്തത്. ഒരു ആക്ഷന്‍ സിനിമ, വിജയ് ഡബിള്‍ റോളില്‍ എത്തുന്നു എന്നൊക്കെയാണ് റിലീസിന് മുമ്പ് അവര്‍ പടത്തെ മാര്‍ക്കറ്റ് ചെയ്തത്. പക്ഷേ അത് എങ്ങനെയുള്ള സിനിമയാണെന്ന് വിജയ് സാറിന് നേരത്തെ അറിയാമായിരുന്നു. ഷൂട്ടിന് മുമ്പ് പുള്ളി അത് എന്നോട് പറഞ്ഞിട്ടുമുണ്ട്.

അതെങ്ങനെയാണെന്ന് വെച്ചാല്‍ ‘നട്ടീ, ഞാനൊരു കഥ കേട്ടു. എങ്ങനെയുള്ള കഥയാണെന്ന് വെച്ചാല്‍, എനിക്ക് ഏഴെട്ട് വയസൊക്കെ ഉള്ള സമയത്ത് ഞാന്‍ കേട്ട ഫാന്റസി കഥ പോലെ ഒന്ന്. സംസാരിക്കുന്ന കാക്കയും തവളയും, ചെറിയ ലില്ലിപ്പുട്ട് മനുഷ്യര്‍, ഒറ്റക്കണ്ണുള്ള രാക്ഷസന്‍ എന്നിവയൊക്കെയുള്ള കഥ. അതുപോലൊന്ന് ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്.

പക്ഷേ ആ സമയത്ത് ബാഹുബലി 1 ഇറങ്ങി ഹിറ്റായി നില്‍ക്കുന്ന സമയമായതുകൊണ്ട് അതുപോലൊരു ആക്ഷന്‍ സിനിമയാണ് എന്ന് പ്രൊഡ്യൂസേഴ്‌സ് ഓഡിയന്‍സിനെ തെറ്റിദ്ധരിപ്പിച്ചു. അവര്‍ വന്ന് പടം കണ്ടപ്പോള്‍ പടം അങ്ങനെയൊന്നുമല്ല എന്ന കണ്ടു. അങ്ങനെ അവര്‍ നിരാശരായിസിനിമ പരാജയപ്പെട്ടു,’ നട്ടി പറയുന്നു.

Content Highlight: Actor Natty explains why Puli movie failed in box office