| Saturday, 5th April 2025, 10:46 am

ആ സിനിമയില്‍ ഒരു വര്‍ഷം സ്റ്റക്കായി ജീവിക്കേണ്ടി വന്നാലും ഞാന്‍ റെഡി: നസ്‌ലെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ തനിക്ക് ഒരുപാട് റിലേറ്റ് ചെയ്ത ഒരു സിനിമയെ കുറിച്ചും ആ ദിവസം തന്നെ ആ സിനിമ ചെയ്യാമെന്നേറ്റതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ നസ്‌ലെന്‍.

ഒപ്പം ഒരു സിനിമയില്‍ ഒരു വര്‍ഷം സ്റ്റക്കായി ജീവിക്കേണ്ടി വന്നാല്‍ ഏത് സിനിമയാകും തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി.

താന്‍ അഭിനയിച്ചവയില്‍ തന്റെ റിയല്‍ ലൈഫുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന ചിത്രം ഹോം ആണെന്നാണ് നസ്‌ലെന്‍ പറയുന്നത്. ഒപ്പം ഒത്തിരി രസകരമായ ചോദ്യങ്ങള്‍ക്കും നസ്‌ലെന്‍ മറുപടി പറയുന്നുണ്ട്.

‘സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ നമുക്ക് റിലേറ്റ് ചെയ്യുന്ന കുറച്ചധികം കാര്യങ്ങള്‍ ഹോം എന്ന സിനിമയില്‍ ഉണ്ടായിരുന്നു. എന്റെ ഉമ്മാനോട് ഞാന്‍ ഇടപഴകുന്ന രീതിയുണ്ടാകുമല്ലോ.

അത്തരത്തില്‍ ഒത്തിരി റിലേറ്റ് ചെയ്യുന്ന കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഒരു അടി ഉണ്ടായി കഴിയുമ്പോള്‍ കുറച്ച് സമയത്തേക്ക് നമ്മള്‍ അമ്മമാരോട് സംസാരിക്കില്ല. ഫാദേഴ്‌സിനോട് അങ്ങനെ അല്ല. അവരോട് ഒരു പേടി എപ്പോഴും ഉണ്ടാകും.

അത്തരത്തില്‍ ഒത്തിരി കാര്യങ്ങള്‍ എനിക്ക് കണക്ട് ചെയ്യാന്‍ പറ്റിയ സിനിമയാണ് ഹോം. സ്‌ക്രിപ്റ്റ് വായിച്ച അന്ന് തന്നെ ഞാന്‍ ചെയ്യാമെന്ന് ഏറ്റ സിനിമയും ഹോം ആണ്,’ നസ്‌ലെന്‍ പറഞ്ഞു.

ഒരു സിനിമയ്ക്കകത്ത് ഒരു വര്‍ഷം സ്റ്റാക്കായി ജീവിക്കണമെന്ന അവസ്ഥ വന്നാല്‍ ഏത് സിനിമയായിരിക്കും തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് പഞ്ചാബി ഹൗസ് എന്നായിരുന്നു നസ്‌ലെന്റെ മറുപടി.

ആ സിനിമയില്‍ ഏത് ക്യാരക്ടറാവാനാണ് താത്പര്യമെന്ന ചോദ്യത്തിന് ഏത് ക്യാരക്ടര്‍ ആയാലും കുഴപ്പമില്ലെന്നും വഴിയില്‍ കൂടി പോകുന്ന ഒരു ക്യാരക്ടര്‍ ആയാലും മതിയെന്നായിരുന്നു നസ്‌ലെന്റെ മറുപടി.

ഇനി ഒരിക്കലും താന്‍ അത് ചെയ്യില്ലെന്ന് തോന്നിയ ഒരു കാര്യമെന്താണെന്ന ചോദ്യത്തിനും രസകരമായ ഒരു മറുപടിയായിരുന്നു നസ്‌ലെന്‍ പറഞ്ഞത്.

‘പ്രേമലുവിന്റെ പ്രൊമോഷന്‍ സ്‌റ്റേജില്‍ എല്ലാവരും ഡാന്‍സ് ചെയ്യുകയാണ്. അവരെല്ലാവരും ഡാന്‍സ് കളിക്കാന്‍ അറിയുന്നവരാണ്. മമിതയൊക്കെ ഗംഭീര ഡാന്‍സറാണ്.

അവിടെ അന്ന് ഞാന്‍ ഡാന്‍സ് കളിച്ചത് നല്ല കോമഡി ആയിട്ടുണ്ടായിരുന്നു. ഇനി പ്രിപ്പയര്‍ ചെയ്യാതെ ഒരു സ്റ്റേജില്‍ ഡാന്‍സ് ചെയ്യില്ലെന്ന് ഞാന്‍ അന്ന് തീരുമാനിച്ചതാണ്,’ നസ്‌ലെന്‍ പറഞ്ഞു.

ഓരോ ആക്ടേഴ്‌സിനെ കുറിച്ചും കേള്‍ക്കുമ്പോള്‍ അവരെ കുറിച്ച് പെട്ടെന്ന് മനസില്‍ തോന്നുന്ന കാര്യങ്ങള്‍ എന്താണെന്ന ചോദ്യത്തിനും താരം മറുപടി നല്‍കി.

പൃഥ്വിരാജ് -മാന്‍ലി, ദുല്‍ഖര്‍-സ്റ്റൈലിഷ്, മമിത- ക്യൂട്ട്, ടൊവിനോ-ചാം, രാജമൗലി- ഗ്രേറ്റ്, ഗണപതി -നന്‍പന്‍, അനശ്വര സ്വീറ്റ്, എന്നിങ്ങനെയായിരുന്നു ഓരോരുത്തരെ കുറിച്ചുള്ള ചോദ്യത്തിനും നസ്‌ലെന്റെ മറുപടി.

വര്‍ക്ക് ചെയ്യാന്‍ ഏറ്റവും ആഗ്രഹമുള്ള ഒരു സംവിധായകന്‍ ആരാണെന്ന ചോദ്യത്തിന് ഇംത്യാസ് അലിയെന്നായിരുന്നു താരത്തിന്റെ മറുപടി. വിളിക്കാന്‍ സാധ്യതയൊന്നും ഇല്ലെന്നും എങ്കിലും ആഗ്രഹം പറയാല്ലോ എന്നുമായിരുന്നു നസ്‌ലെന്റെ മറുപടി.

Content Highlight: Actor Naslen about His Favourite movie and relatable character

We use cookies to give you the best possible experience. Learn more