ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം. കമല്‍ ഹാസനൊപ്പം ഫഹദ് ഫാസില്‍, നരേന്‍, വിജയ് സേതുപതി, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍ താരനിര തന്നെയുണ്ടായിരുന്നു. സൂര്യ കാമിയോ റോളില്‍ എത്തിയെന്ന പ്രേത്യാകതയും ചിത്രത്തിനുണ്ട്. ഇന്‍സ്‌പെക്ടര്‍ ബിജോയ് എന്ന കഥാപാത്രത്തെയാണ് നരേന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.
ലോകേഷിനെക്കുറിച്ചും വിക്രത്തെക്കുറിച്ചും പറയുകയാണ് നരേന്‍. വിക്രം വലിയ സിനിമയായിട്ട് പോലും വളരെ ശാന്തമായിട്ടാണ് സെറ്റ് കാണപ്പെട്ടതെന്നും സിനിമ കണ്ടപ്പോള്‍ തിരക്കഥ കുറച്ച് കണ്‍ഫ്യൂസിങ്ങാണെന്ന് പറഞ്ഞപ്പോള്‍ അത് തന്നെയാണ് വേണ്ടതെന്നായിരുന്നേു ലോകേഷിന്റെ മറുപടിയെന്നും നരേന്‍ പറഞ്ഞു. ഗണ്ണുകളേക്കുറിച്ചും റൈഫിള്‍സിനേക്കുറിച്ചും ഭയങ്കര അറിവും താല്‍പര്യവുമാണെന്നും തന്റെ ഇത്തരം പാഷനുകള്‍ സിനിമയില്‍ കൊണ്ടുവരാനും ലോകേഷ് ശ്രമിക്കാറുണ്ടെന്നും ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ നരേന്‍ പറഞ്ഞു.
”വിക്രം ഞങ്ങള്‍ കാണാന്‍ പോയപ്പോള്‍ ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോള്‍ ലോകേഷ് എന്നോട് എങ്ങനെയുണ്ടെന്ന് ചോദിച്ചു. ഫസ്റ്റ് ഹാഫ് ഓക്കെ അല്ലെ സാര്‍ എന്നായിരുന്നു ചോദിച്ചത്. ഫസ്റ്റ് ഹാഫിന് വലിയ മാസ് സിനിമക്ക് കിട്ടുന്ന കയ്യടി ഒന്നും അധികമില്ല. കമല്‍ സാറിന്റെ പാട്ട് വരുമ്പോഴും വിജയ് സേതുപതിയുടെ എന്‍ട്രിക്കും ഒക്കെയാണ് ക്ലാപ്പ് ഉണ്ടായിരുന്നത്.
ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ഓക്കെയാണെന്ന്. ആ സമയത്ത് അദ്ദേഹം പെട്ടെന്ന് പറഞ്ഞത് അപ്പോള്‍ പടം വലിയ ഹിറ്റാകുമെന്നാണ്. അതായത് ഞങ്ങള്‍ പടത്തിന്റെ സെക്കന്റ് ഹാഫ് കണ്ടിട്ടില്ല. എന്നാലും അദ്ദേഹം അങ്ങനെ പറഞ്ഞു. സെക്കന്റ് ഹാഫ് കൂടെ ഇല്ലെയെന്ന് ഞാന്‍ ചോദിച്ചു. പെട്ടെന്ന് പറഞ്ഞു ഇതെന്റെ ഡയറക്ടറി ആണെന്ന്.
ലോകേഷിന് എല്ലാത്തിലും ഭയങ്കര ക്ലാരിറ്റിയാണ്. സിനിമ കണ്ടപ്പോള്‍ സ്‌ക്രീന്‍ പ്ലേ കുറച്ച് കണ്‍ഫ്യൂസിങ് ആണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ആണോ സാര്‍ അതാണ് വേണ്ടെതെന്ന് എന്നോട് പറഞ്ഞു. ഇതൊക്കെ പറഞ്ഞിട്ടും അദ്ദേഹം ഭയങ്കര ഹാപ്പിയായിരുന്നു. രണ്ടാമത് കാണുമ്പോഴാണ് മനസിലാകുകയെന്നും മൂന്നാമത്തെ തവണ കൂടി കണ്ടാല്‍ പടം ഹിറ്റാകുമെന്നും ലോകേഷ് പറഞ്ഞു.
ഓഡിയന്‍സിന്റെ പള്‍സ് പൂര്‍ണമായും അറിയുന്ന ഡയറക്ടറാണ് അദ്ദേഹം. ഭയങ്കര വര്‍ക്ക് ഹോളിക്കാണ്. സിനിമയെക്കുറിച്ച് എല്ലാ അറിവും അദ്ദേഹത്തിനുണ്ട്. ഗണ്ണുകളേക്കുറിച്ചും റൈഫിള്‍സിനെക്കുറിച്ചും ഭയങ്കര അറിവും താല്‍പര്യവുമാണ്. അദ്ദേഹത്തിന്റെ പാഷനുകളെല്ലാം സിനിമയില്‍ ഉള്‍പ്പെടുത്താറുമുണ്ട്.
മിക്ക ലൊക്കേഷനില്‍ പോയാലും ഭയങ്കര ബഹളമായിരിക്കും ഒരു ഭാഗത്ത് നിന്ന് ഡയറക്ടറുടെ ചീത്ത, അങ്ങോട്ടും ഇങ്ങോട്ടും വഴക്ക് ഫുള്‍ ബഹളം അകും. ഇത്രയും വലിയ സിനിമയായിട്ടും വിക്രത്തിന്റെ സെറ്റില്‍ പോയി കഴിഞ്ഞാല്‍ പിന്‍ ഡ്രോപ്പ് സൈലന്റായിരിക്കും. സെറ്റ് കണ്ടാല്‍ നമുക്ക് തോന്നും ഏതോ ആര്‍ട്ട് ഫിലിം എടുക്കുകയാണെന്ന്. ഒരു പ്രശ്‌നവും ഇല്ലാതെ വളരെ നല്ല ക്ഷമയോടെ ആണ് സെറ്റ് ഉണ്ടാവുക. സംഭവം വലിയ പടമാണ്. എന്നാല്‍ അതിന്റെ ഒരു സ്ട്രസ്സും ഫീല്‍ ചെയ്യില്ല,” നരേന്‍ പറഞ്ഞു.
content highlight: actor naren about lokesh kanagaraj