ഈ വർഷം മലയാളത്തിൽ ഇറങ്ങി വലിയ വിജയമായ സിനിമയായിരുന്നു മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ്.
ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി നാൽവർ പൊലീസ് സംഘം ഇന്ത്യ മൊത്തം നടത്തുന്ന യാത്രയുടെ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ റോബി വർഗീസ് രാജ് ആയിരുന്നു. നടൻ റോണി ഡേവിഡും റോബിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ബോക്സ് ഓഫീസിൽ വമ്പൻ ചലനം ഉണ്ടാക്കാൻ കണ്ണൂർ സ്‌ക്വാഡിന് കഴിഞ്ഞിരുന്നു.
ചിത്രത്തിലെ ഒരു വേഷത്തിലേക്ക് തന്നെയും വിചാരിച്ചിരുന്നുവെന്നും എന്നാൽ അത് തുറന്ന് പറഞ്ഞില്ലെന്നും പറയുകയാണ് നടൻ നരേൻ. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു നരേൻ.
ചിത്രത്തിലെ ഒരു കഥാപാത്രത്തിലേക്ക് താനാണ് ഒരാളുടെ പേര് നിർദ്ദേശിച്ചതെന്നും എന്നാൽ ആ വേഷം തനിക്ക് വേണ്ടി വിചാരിച്ച കാര്യം പിന്നെയാണ് റോണി തുറന്ന് പറഞ്ഞതൊന്നും നരേൻ കൂട്ടിച്ചേർത്തു.
‘എന്നെ റോണിയാണ് ആദ്യം മീറ്റ് ചെയ്യുന്നത്. പക്ഷെ നേരിട്ട് കണ്ടപ്പോഴും കണ്ണൂർ സ്‌ക്വാഡിൽ വർക്ക് ചെയുന്നതിനെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. ഒരു ക്യാരക്ടറിലേക്ക് എന്നെ വിളിക്കാൻ പുള്ളിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എങ്ങനെ ചോദിക്കുമെന്ന് റോണിക്ക് അറിയില്ലായിരുന്നു എന്ന് പിന്നെ എന്നോട് പറഞ്ഞു. അപ്പോൾ ഞാൻ ചോദിച്ചത്, എന്നോട് ചോദിക്കാമായിരുന്നില്ലേ എന്നായിരുന്നു.
എന്നോട് ചോദിച്ചത്, സിനിമയിലെ ഒരു കഥാപാത്രത്തിലേക്ക് ഏത് അഭിനേതാവാണ് നല്ലത് എന്നായിരുന്നു. റോണി ഒരു സീനിയർ ആർട്ടിസ്റ്റിന്റെ പേര് പറഞ്ഞു. അദ്ദേഹമല്ലെങ്കിൽ വേറേ ആരാണ് നല്ലതെന്ന് ചോദിച്ചപ്പോൾ ഞാനാണ് കിഷോർ നല്ല കാസ്റ്റിങ് ആണെന്ന് പറയുന്നത്. എന്റെ മനസിൽ വന്നത് കിഷോർ ആയിരുന്നു. എന്നോട്, ഓക്കെ നോക്കട്ടെ എന്ന് പറഞ്ഞു.
പിന്നീടാണ് എന്നോട് പറയുന്നത് കണ്ണൂർ സ്‌ക്വാഡിലേക്ക് എന്നെയും പരിഗണിച്ച കാര്യം. അത് കേട്ടപ്പോൾ ഞാൻ ചോദിച്ചത്, അതെന്താ എന്നോട് ചോദിച്ചൂടായിരുന്നോ എന്നായിരുന്നു. അല്ലാതെ കണ്ണൂർ സ്‌ക്വാഡിന്റെ കഥയൊന്നും ഞാൻ കേട്ടില്ല,’നരേൻ പറയുന്നു.
അതേസമയം എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ക്വീൻ എലിസബത്താണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഏറെ നാളുകൾക്ക് ശേഷം നരേനും മീരജാസ്മിനും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.
Content Highlight: Actor Narain Talk About Kannur Squad Movie