| Monday, 19th September 2022, 9:00 pm

ലോഹി സാറും കമല്‍ സാറും റിജക്ട് ചെയ്തു, സെറ്റില്‍ കാണാന്‍ പോയപ്പോള്‍ ഫാസില്‍ സാര്‍ പറഞ്ഞത് ഇതാണ്: നരേന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഛായാഗ്രഹണ സഹായി ആയി സിനിമയുടെ ഭാഗമായി പിന്നീട് സഹനടനായി സിനിമയിലെത്തി ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് നരേന്‍. കൈതി, വിക്രം തുടങ്ങി നിരവധി ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിന്റെ മലയാളത്തിലെ മികച്ച സിനിമകള്‍ അച്ചുവിന്റെ അമ്മ, ക്ലാസ്മേറ്റ്സ്, പന്തയക്കോഴി, അയാളും ഞാനും തമ്മില്‍, റോബിന്‍ ഹുഡ് എന്നിവയാണ്.

സിനിമയില്‍ അഭിനയിക്കുക എന്ന ആഗ്രഹത്തിലേക്ക് എത്തിച്ചേരാന്‍ എടുത്ത ബുദ്ധിമുട്ടുകളെക്കുറിച്ച് കാന്‍ചാനല്‍മീഡിയയോട് സംസാരിക്കുകയാണ് നരേന്‍. സിനിമ എന്ന മോഹത്തിലേക്ക് എത്തിച്ചേരാനായി അദ്ദേഹത്തിന് ഒരുപാട് കാത്തിരിക്കേണ്ടി വന്നിരുന്നു.

”ഇന്‍ഡസ്ട്രിയിലെ ഒരു പ്രധാന പ്രശ്നം നമ്മുടെ സ്വന്തം ഭാഷയില്‍ അല്ലാത്തതില്‍ അഭിനയിച്ച് ക്ലിക്കായില്ലെങ്കില്‍ പിന്നെ അവിടെ രക്ഷപ്പെടാന്‍ കഴിയില്ല എന്നതാണ്. പിന്നെ നമ്മളുടെ രൂപം മാറി ഇമേജ് മേക്കര്‍ ഒക്കെ കഴിഞ്ഞ് വരേണ്ടിവരും.

പക്ഷേ ഒരു വലിയ ഡയറക്ടര്‍ അല്ലെങ്കില്‍ പ്രൊഡ്യൂസറിന്റെ കൂടെയാണ് വരുന്നതെങ്കില്‍ ഈ പ്രശ്നമില്ല. പുതിയ ഡയറക്ടറുടെയോ പ്രൊഡ്യൂസറുടെ കൂടെ ഒക്കെയാണെങ്കില്‍ ഞാന്‍ ഈ പറഞ്ഞ പ്രശ്നമുണ്ട്. കാരണം സിനിമ വിജയിക്കുമോ പുറത്ത് വരുമോ എന്ന് വരെ സംശയമാണ്. ഞാന്‍ കുറേ കഥ കേട്ടിട്ടുണ്ട് അച്ചുവിന്റെ അമ്മ കഴിഞ്ഞപ്പോഴാണ് എനിക്ക് സമാധാനമായത്. കമല്‍ സാര്‍, ലോഹി സാര്‍ എല്ലാവരും എന്നെ റിജക്ട് ചെയ്തവരാണ്. ലോഹി സാര്‍ രണ്ട് തവണ ഭയങ്കരമായി റിജക്ട് ചെയ്തു,’ നരേന്‍ പറഞ്ഞു.

വീട്ടില്‍ നിന്ന് എതിര്‍പ്പുണ്ടായിട്ടും അഭിനയം എന്ന മോഹം കൊണ്ടാണ് സിനിമാറ്റോഗ്രഫിയും ക്യാമറയും പഠിക്കാന്‍ പോയതെന്ന് അദ്ദേഹം പറഞ്ഞു.

‘ആഗ്രഹം അഭിനയം തന്നെയായിരുന്നു. അച്ഛനും അമ്മയും ഗള്‍ഫിലായിരുന്നു. പത്ത് വരെ ഞാന്‍ പഠിച്ചതും അവിടെയായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ക്ക് ആര്‍ക്കും സിനിമയുമായി ബന്ധമില്ല.

ആരെയാണ് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ സമീപിക്കേണ്ടതെന്ന് പോലും അറിയില്ല. സിനിമാക്കാരെയും അറിയില്ല, അവരെ അറിയുന്നവരെയും അറിയില്ല. അങ്ങനെ ഞാന്‍ കരുതി ഇന്‍സ്റ്റ്യൂട്ടില്‍ പഠിക്കാമെന്ന് പക്ഷേ അച്ഛനും അമ്മയ്ക്കും തീരെ താല്‍പര്യം ഇല്ല. അവര്‍ പൂര്‍ണ്ണമായും അതിന് എതിരായിരുന്നു.

അച്ഛന്‍ പറഞ്ഞത് ആക്ടിങ് പഠിക്കാന്‍ പോവണ്ട, ഒരു പ്രൊഫഷണല്‍ ഡിഗ്രി എടുത്തിട്ട് നീ എന്തുവേണേല്‍ ചെയ്തോ എന്നായിരുന്നു. ഞാന്‍ എഞ്ചിനിയറിങ് പഠിക്കാന്‍ പോകാം, എന്നിട്ട് ആക്ടിങ്ങിന് പോകുമെന്നായിരുന്നു അവരോട് പറഞ്ഞത്. അതിന് അവര്‍ സമ്മതം തന്നു.

പക്ഷേ എന്‍ട്രന്‍സ് കിട്ടിയില്ല. പിന്നെ അവസാനം ഡിഗ്രിക്ക് പോയി. അതിന് ശേഷം ഞാന്‍ ഡയറക്ഷന്‍ കോഴ്സിന് പോവാമെന്ന് തീരുമാനിച്ചു. എന്റെ അയല്‍ക്കാര്‍ ഫാസില്‍ സാറുമായി ക്ലോസായിരുന്നു. ഞാന്‍ അവരുടെ കൂടെ അദ്ദേഹത്തെ കാണാന്‍ പോയി. അന്നാണ് ഞാന്‍ ജീവിതത്തില്‍ ആദ്യമായി ഒരു ഡയറക്ടറിനെ കാണുന്നത്. അവിടെ വെച്ച് അദ്ദേഹത്തെ പരിചയപ്പെട്ടു. ഇവന് സിനിമ ഭയങ്കര താല്‍പര്യമാണ്, അഭിനയിക്കാന്‍ ആണ് ഇഷ്ടമെന്ന് കൂടെ ഉള്ള ആള്‍ പറഞ്ഞു.

ഡയറക്ഷന്‍ കോഴ്സ് ചെയ്താലോ എന്നാണ് ഞാന്‍ ആലോചിക്കുന്നത് പക്ഷേ എനിക്ക് ആക്ടിങ് ആണ് ഇഷ്ട്മെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഫാസില്‍ സാര്‍ പറഞ്ഞതിന് ശേഷമാണ് സിനിമാറ്റോഗ്രഫി കോഴ്സ് പഠിക്കാമെന്ന് ഞാന്‍ ചിന്തിക്കുന്നത്. ലാസ്റ്റ് നിമിഷത്തില്‍ അച്ഛനും അമ്മയും സമ്മതിക്കുകയും ചെയ്തു,” നരേന്‍ പറഞ്ഞു.

Content Highlight: actor narain says Lohitha das and Kamal rejected him

We use cookies to give you the best possible experience. Learn more