Entertainment news
നിങ്ങളുടെ സിനിമ കാരണമാണ് ഞാന്‍ ഇപ്പോള്‍ നാട്ടിലേക്ക് വരുന്നതെന്ന് അദ്ദേഹം ഫ്‌ളൈറ്റില്‍ വെച്ച് പറഞ്ഞു: നരേന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 07, 06:14 am
Thursday, 7th April 2022, 11:44 am

മലയാളത്തിലിറങ്ങിയ കള്‍ട്ട് സിനിമകളിലൊന്നായിരുന്നു ലാല്‍ജോസ് ഒരുക്കിയ ക്ലാസ്‌മേറ്റ്‌സ്. കോളേജ് കാല സൗഹൃദവും രാഷ്ട്രീയവും പ്രണയവും കുടുംബ ബന്ധങ്ങളുമെല്ലാം പറഞ്ഞ ചിത്രം ആ സമയത്തെ ട്രെന്‍ഡ് സെറ്റര്‍ കൂടിയായിരുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ, നരേന്‍, കാവ്യാ മാധവന്‍, രാധിക, ബാലചന്ദ്ര മേനോന്‍, സുകുമാരി തുടങ്ങി വമ്പന്‍ താരനിര തന്നെയായിരുന്നു ക്ലാസ്‌മേറ്റ്‌സില്‍ അണിനിരന്നത്.

റിലീസിന് ശേഷം കോളേജ് സുഹൃത്തുക്കള്‍ ഗെറ്റ് ടുഗദര്‍ നടത്തുന്നതും ക്ലാസ്‌മേറ്റ്‌സ് കൊണ്ടുവന്ന ട്രെന്‍ഡ് ആയിരുന്നു.

ക്ലാസ്‌മേറ്റ്‌സിന്റെ വിജയം തന്ന സന്തോഷത്തെക്കുറിച്ചും സിനിമ ഉണ്ടാക്കിയ ഇംപാക്ടിനെക്കുറിച്ചും സംസാരിക്കുകയാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ നരേന്‍. ഇത്രയും വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഷൂട്ട് ചെയ്യുമ്പോഴും പടം വിജയിച്ച് കഴിഞ്ഞും സെലിബ്രേറ്റ് ചെയ്ത സിനിമയാണ് ക്ലാസ്‌മേറ്റ്‌സ് എന്നുമാണ് നരേന്‍ പറയുന്നത്.

”ക്ലാസ്‌മേറ്റ്‌സ് ഇത്രയും വലിയ വിജയമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല, പ്രത്യേകിച്ചും ഞാന്‍. പടം ഹിറ്റാകും, നല്ല സിനിമയായിരിക്കും എന്ന വിശ്വാസമുണ്ടായിരുന്നു.

അന്ന് ഇന്നത്തെ അത്ര സോഷ്യല്‍ മീഡിയ ഇല്ല. എന്നിട്ടുവരെ ആ സിനിമ വലിയ ഒരു ഇംപാക്ട് ഉണ്ടാക്കി. സിനിമക്ക് ശേഷം വന്ന വലിയ ഒരു പുതുമ എന്നത്, കോളേജ്‌മേറ്റ്‌സും ക്ലാസ്‌മേറ്റ്‌സും വര്‍ഷങ്ങള്‍ക്ക് ശേഷം ഗെറ്റ് ടുഗതര്‍ ഒക്കെ തുടങ്ങാന്‍ ഈ സിനിമ നിമിത്തമായി എന്ന് പറയാം.

ഒരിക്കല്‍ ഞാന്‍ ഫ്‌ളൈറ്റില്‍ വരുമ്പോള്‍, ദുബായില്‍ നിന്ന് വരികയാണെന്ന് തോന്നുന്നു, എന്റെ കൂടെ ട്രാവല്‍ ചെയ്തിരുന്ന പാസഞ്ചര്‍, എന്നോട് പറഞ്ഞു. നിങ്ങളുടെ സിനിമ കാരണമാണ് ഞാന്‍ ഇപ്പോള്‍ നാട്ടിലേക്ക് വരുന്നത്, എന്ന്.

അദ്ദേഹത്തിന് ഏകദേശം 55- 60 വയസ് പ്രായം കാണും. പത്തുമുപ്പത് വര്‍ഷം മുമ്പത്തെ കോളേജ് ബാച്ച് ആണ്. ആദ്യമായാണ് ഞങ്ങളുടെ ഗെറ്റ് ടുഗദര്‍ നടക്കുന്നത്, എന്നദ്ദേഹം പറഞ്ഞു. അതിന് ക്ലാസ്‌മേറ്റ്‌സ് ആയിരുന്നു കാരണം.

അവിടന്നിങ്ങോട്ട് ക്ലാസ്‌മേറ്റ്‌സ് ഒരു ട്രെന്‍ഡ് ക്രിയേറ്റ് ചെയ്തു. അതിന്റെ ഒരു ഭാഗമാകുക എന്നത് ബ്യൂട്ടിഫുളാണ്. അതിന്റെ വര്‍ക്കിങ്ങ് കണ്ടീഷനും ആര്‍ടിസ്റ്റും, പൃഥ്വി, ജയന്‍, ഇന്ദ്രന്‍, കാവ്യ എല്ലാവരും ചേര്‍ന്ന് ബ്യൂട്ടിഫുളായിരുന്നു.

പിന്നെ ലാല്‍ജോസ് സാറും ക്യാമറമാന്‍ രാജീവ് രവിയേട്ടനും, എന്റെ ജോഡിയായി വന്ന രാധിക എല്ലാവരും. ചില പടങ്ങളുണ്ടല്ലോ, നമ്മള്‍ ഷൂട്ട് ചെയ്യുമ്പോഴും സെലിബ്രേറ്റ് ചെയ്യും പടം വിജയിച്ച് കഴിഞ്ഞും സെലിബ്രേറ്റ് ചെയ്യും. ചില വിരളമായ സിനിമകള്‍. അതിലൊന്നാണ് ക്ലാസ്‌മേറ്റ്‌സ്,” നരേന്‍ പറഞ്ഞു.

Content Highlight: Actor Narain about the success of Classmates movie and the experience