| Saturday, 19th November 2022, 12:06 pm

ലൈറ്റിങ് ഒക്കെ കഴിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും അവരുടെ കാല് പിടിച്ച് കുറച്ചുനേരം നിന്നു, അഭിനയിക്കാന്‍ പോകുകയാണ് അനുഗ്രഹിക്കണം, എന്ന് പറഞ്ഞു: നരേന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിനൊപ്പം തമിഴിലും ഒരുപിടി നല്ല കഥാപാത്രങ്ങളുടെ അവതരിപ്പിക്കുകയും സൂപ്പര്‍ഹിറ്റുകളുടെ ഭാഗമാകുകയും ചെയ്യുന്ന നടനാണ് നരേന്‍.

അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രം നിഴല്‍ക്കൂത്തിലൂടെയാണ് അഭിനേതാവായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും ജയരാജ് ചിത്രം ഫോര്‍ ദ പീപ്പിളിലൂടെയാണ് താരം ശ്രദ്ധ നേടിയത്.

സിനിമാട്ടോഗ്രഫറും സംവിധായകനുമായ രാജീവ് മേനോന്റെ അസോസിയേറ്റായിട്ടായിരുന്നു സിനിമാ ഇന്‍ഡസ്ട്രിയില്‍ നരേന്റെ തുടക്കം. ഈ സമയത്താണ് ഫോര്‍ ദ പീപ്പിളില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്.

നടി ഷബാന അസ്മിയുമൊത്തുണ്ടായ (Shabana Azmi) ഒരനുഭവം പങ്കുവെക്കുകയാണിപ്പോള്‍ നരേന്‍. രാജീവ് മേനോന്റെ അസോസിയേറ്റായിരിക്കെ ഷബാന നായികയായ മോണിങ് രാഗ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയുണ്ടായ ഒരനുഭവമാണ് പോപ്പര്‍സ്റ്റോപ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ നരേന്‍ പങ്കുവെച്ചത്.

ആക്ടറാകാനായിരുന്നു ആഗ്രഹം. സിനിമാട്ടോഗ്രഫി അതിനുള്ള വഴിയായി തെരഞ്ഞെടുത്തതായിരുന്നു. എനിക്ക് വേറെ ഓപ്ഷനില്ലായിരുന്നു.

വീട്ടില്‍ നിന്നുള്ള പ്രഷര്‍ കാരണം സിനിമാട്ടോഗ്രഫി തന്നെ ചൂസ് ചെയ്യേണ്ടി വന്നു. ഫോട്ടോഗ്രഫിയോട് എനിക്ക് പാഷനുണ്ടായിരുന്നു. അതും ഒരു കാരണമായിരുന്നു. അതെന്നെ സഹായിച്ചിട്ടുമുണ്ട്.

ഫിലിം മേക്കര്‍ രാജീവ് മേനോന്റെ അസോസിയേറ്റായി ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷത്തിനിടയില്‍ അദ്ദേഹത്തിന്റെ അടുത്തുനിന്ന് ഞാന്‍ രണ്ടുമൂന്ന് തവണ രാജി വെച്ചിട്ടുണ്ട്.

മാഷേ ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോവാണ്, എന്നൊക്കെ പറയും, പോകും. രണ്ടുമൂന്ന് മാസം കഴിയുമ്പൊ ഒന്നും നടക്കില്ല. വീണ്ടും തിരിച്ച് പുള്ളിയുടെ അടുത്തേക്ക് തന്നെ വരും. എന്ത് പറ്റി, എന്ന് പുള്ളി ചോദിക്കും. ഒന്നും നടന്നില്ല, എന്ന് ഞാന്‍ പറയും. അത് കഴിഞ്ഞ് വീണ്ടും രാജി വെക്കും. വീണ്ടും വരും.

മൂന്നാമത്തെ തവണയായപ്പോള്‍ പുള്ളി തന്നെ എന്നോട് ‘നീ പോ, പോയി രണ്ട് വര്‍ഷം എവിടെയെങ്കിലും ട്രൈ ചെയ്യ്, ഒന്നും നടന്നില്ലെങ്കില്‍ തിരിച്ചു വാ,’ എന്ന് പറഞ്ഞു.

‘ഇത്തവണ ഞാന്‍ വരില്ല സാര്‍, ഞാന്‍ പ്രൂവ് ചെയ്തിട്ടേ തിരിച്ചുവരൂ’, എന്നൊക്കെ പറഞ്ഞ് ഞാന്‍ പോയി. വീണ്ടും ചാന്‍സ് അന്വേഷിച്ച് നടക്കല്‍ തന്നെ.

അങ്ങനെ ഒരു ആറ് മാസം കഴിഞ്ഞപ്പോള്‍ പുള്ളി വിളിച്ച് ചോദിച്ചു, ‘എന്താണ് സംഭവിക്കുന്നത്,’ എന്ന്. ജോലിയില്ല, എന്ന് ഞാന്‍ പറഞ്ഞു. എന്നാ വാ, ഞാന്‍ ഒരു ഇന്ത്യന്‍- ഇംഗ്ലീഷ് ഫിലിം ചെയ്യുന്നുണ്ട്, അസോസിയേറ്റായി വര്‍ക്ക് ചെയ്യാന്‍ വരുന്നോ,’ എന്ന് പുള്ളി ചോദിച്ചു. അങ്ങനെ ഞാന്‍ പോയി.

മോണിങ് രാഗ എന്നായിരുന്നു സിനിമയുടെ പേര്. ആന്ധ്രയിലെ അമലാപുരം എന്ന സ്ഥലത്തായിരുന്നു ഷൂട്ടിങ്. അതിന്റെ ലൊക്കേഷനില്‍ വെച്ചാണ് ഫോര്‍ ദ പീപ്പിള്‍ ചെയ്യാന്‍ വേണ്ടി ഞാന്‍ വരുന്നത്.

ഷബാന അസ്മിയായിരുന്നു മോണിങ് രാഗയില്‍ പ്രധാന റോളിലെത്തിയത്. അവരുടെ സീനുകളില്‍ ലൈറ്റിങ് ചെയ്തിരുന്നതൊക്കെ ഞാനായിരുന്നു. ഫോര്‍ ദ പീപ്പീളില്‍ അഭിനയിക്കാന്‍ വരുന്നതിന്റെ തലേ ദിവസം ഒരു സംഭവമുണ്ടായി.

അവര്‍ ഇരിക്കുന്ന ഒരു സീനായിരുന്നു. പടത്തിലെ നായകന്‍ വന്ന് അവരുടെ അനുഗ്രഹം വാങ്ങുന്ന സീനാണ്. ലൈറ്റിങ് ഒക്കെ ചെയ്ത് കഴിഞ്ഞ് അനുഗ്രഹം വാങ്ങുന്ന സീനിന്റെ ട്രയല്‍ നോക്കിയപ്പോള്‍ ഞാന്‍ ശരിക്കും അവരുടെ കാല് പിടിച്ച് കുറച്ചുനേരം നിന്നു.

നിങ്ങള്‍ എന്താണീ ചെയ്യുന്നത്, എന്ന് ഷബാന അസ്മി ചോദിച്ചു. ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്, എന്നെ അനുഗ്രഹിക്കണം, ഞാന്‍ അഭിനയിക്കാന്‍ പോകുകയാണ്, എന്ന് ഞാന്‍ പറഞ്ഞു.

ഓ നിങ്ങള്‍ അഭിനയിക്കാന്‍ പോകുകയാണോ, എന്നവര്‍ ചോദിച്ചു. അതെ, എന്റെ കുറേ കാലത്തെ ആഗ്രഹമാണ്, എന്ന് ഞാന്‍ പറഞ്ഞു. രാജിവ് സാറിനെ വിളിച്ച്, ‘രാജീവ് ഇവന്‍ അഭിനയിക്കാന്‍ പോകുകയാണെന്ന് പറയുന്നു,’ എന്ന് അവര്‍ വീണ്ടും പറഞ്ഞു. അവന്റെ കാര്യം ഒന്നും പറയണ്ട, കുറേ കാലമായി അവന്‍ ഇതിന് പിന്നാലെ നടക്കുന്നു,’ എന്നായി രാജീവ്.

ഫോര്‍ ദ പീപ്പിളില്‍ ആ നാലില്‍ ഒരാളായിട്ടായിരുന്നു എന്നെ കാസ്റ്റ് ചെയ്തത്. പക്ഷെ ട്രെയിനില്‍ ഇവിടെ എത്തിയപ്പോഴേക്കും എന്റെ ക്യാരക്ടര്‍ മാറി പൊലീസായി. അതാണ് ക്യാമറക്ക് പിന്നില്‍ നിന്ന് മുന്നിലേക്കുള്ള എന്റെ യാത്ര. അത് വലിയൊരു മുഹൂര്‍ത്തമായിരുന്നു, സിനിമാറ്റോഗ്രഫിയില്‍ നിന്ന് ആക്ടറായി മാറിയത്,” നരേന്‍ പറഞ്ഞു.

അതേസമയം, സാക് ഹാരിസ് സംവിധാനം ചെയ്യുന്ന അദൃശ്യം ആണ് നരേന്റെ ഒടുവില്‍ റിലീസായ മലയാള ചിത്രം. ജോജു ജോര്‍ജ്, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Content Highlight: Actor Narain about an experience with Shabana Azmi

We use cookies to give you the best possible experience. Learn more