ജോജു, നരേന്, ഷറഫുദ്ദീന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാക് ഹാരീസ് കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ അദൃശ്യം ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ സിനിമയായ അദൃശ്യം ഒരു ഇമോഷണല്‍ ഡ്രാമകൂടിയാണ്.
സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ്.എമ്മിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് നടന് നരേന്. നടി ഭാവനയെ കുറിച്ചും ഭാവനയ്ക്കൊപ്പം അഭിനയിച്ച തമിഴ് ചിത്രത്തെ കുറിച്ചുമൊക്കെ നരേന് അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
ഭാവനയെക്കുറിച്ച് പറയുമ്പോള്‍ എന്താണ് ഓര്മ വരുന്നത് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
തമിഴിലെ എന്റെ ആദ്യത്തെ നായികയാണ് ഭാവന. ലൊക്കേഷനില്‍ എത്തുമ്പോള്‍ മുതല്‍ ഞാനും ഭാവനയും മലയാളം സംസാരിച്ചു തുടങ്ങും. രണ്ടുപേരും തൃശ്ശൂര്ക്കാരാണല്ലോ,
ഞങ്ങള്‍ മലയാളം പറയുന്നതുകേട്ട് മിഷ്ക്കിന് ദേഷ്യം പിടിച്ചുവെന്നും ഞങ്ങളെ കാസ്റ്റ് ചെയ്യണ്ടായിരുന്നുവെന്ന് പോലും മിഷ്ക്കിന് തോന്നിയെന്നും നരേന് ചിരിയോടെ പറഞ്ഞു.
മിഷ്ക്കിന് സംവിധാനം ചെയ്ത് നരേനും ഭാവനയും ഒരുമിച്ച് അഭിനയിച്ച ആദ്യ തമിഴ് സിനിമയാണ് ചിത്തിരം പേസുതേ.
‘ആ സിനിമ തീരാന്‍ 9 മാസമെടുത്തു. ചിത്തിരം പേസുതേയുടെ ലാസ്റ്റ് ഷെഡ്യൂളിന് ഭാവന വന്നപ്പോള്‍ ഈ സിനിമ ഇതുവരെ തീര്‍ന്നില്ലേയെന്ന് എന്നോട് ചോദിച്ചു. അതിനിടയില്‍ ഭാവന നാലോ അഞ്ചോ സിനിമകളില്‍ അഭിനയിക്കുകയും അതില്‍ രണ്ടു സിനിമ റിലീസാവുകയും ചെയ്തിരുന്നു.
വളരെ കഴിവുള്ളയാളാണ് ഭാവന. ആ ഒറ്റ സിനിമകൊണ്ടു തന്നെ ആ ഭാഷയില്‍ വളരാന്‍ അവര്‍ക്ക് സാധിച്ചു. ഞങ്ങള്‍ അവസാനമായി ഒരുമിച്ച് അഭിനയിച്ച സിനിമ ആദം ജോണാണ്. അന്ന് ഞങ്ങള്‍ സ്കോട്ട്ലന്റിലെ ഒരു റെസ്റ്റോറന്റിന്റെ പുറത്തിരുന്ന് പിസ കഴിച്ചിരുന്നു. വീണ്ടും ഞാനവിടെ പോയപ്പോള്‍ ഫോട്ടോ എടുത്തു. ഇനിയത് ഭാവനക്ക് അയച്ചുകൊടുക്കണം,’ നരേന് പറഞ്ഞു.
Content Highlight: Actor Narain about Actress Bhavana and theie First Movie