| Wednesday, 6th April 2022, 5:12 pm

മീരാജാസ്മിനും ഉര്‍വശിയുമാണ് അപ്പുറത്ത്, താന്‍ എന്തുചെയ്യുമെന്ന് സത്യന്‍ സാര്‍ ചോദിച്ചു; മറുപടിയും അദ്ദേഹം തന്നെ തന്നു: നരേന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് നരേന്‍. വൈകാതെ മലയാളത്തിനും തമിഴിലും ശ്രദ്ധേനയായ താരമായി അദ്ദേഹം മാറി. തമിഴ് സിനിമയില്‍ ചുവടുറപ്പിച്ചതോടെയാണ് സുനില്‍ എന്ന പേര് മാറ്റി നരേന്‍ എന്നാക്കിയത്.

ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദി പീപ്പിളിലെ സിറ്റി പൊലീസ് കമ്മീഷണറുടെ വേഷത്തിലൂടെയാണ് നരേന്‍ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ഇതിന് ശേഷമായിരുന്നു സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മയിലെ ഇജോ എന്ന കഥാപാത്രമായി നരേന്‍ എത്തിയത്. ചിത്രത്തില്‍ മീരാ ജാസ്മിനും ഉര്‍വശിക്കുമൊപ്പം നില്‍ക്കുന്ന പ്രകടനം നടത്താനും നരേന് സാധിച്ചിരുന്നു.

അച്ചുവിന്റെ അമ്മ എന്ന സിനിമ തന്നെ സംബന്ധിച്ച് വലിയൊരു ലേണിങ് എക്‌സ്പീരിയന്‍സ് ആയിരുന്നെന്ന് പറയുകയാണ് നരേന്‍. ചിത്രത്തിലേക്ക് തന്നെ കാസ്റ്റ് ചെയ്തതോര്‍ത്ത് അന്ന് അത്ഭുതം തോന്നിയിരുന്നെന്നും നരേന്‍ പറയുന്നു.

‘ഞാന്‍ ആദ്യമായിട്ട് ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതിന് മുന്‍പ് ഞാന്‍ വന്നത് ജയരാജ് സാര്‍ സംവിധാനം ചെയ്ത ഫോര്‍ ദി പീപ്പിള്‍ എന്ന സിനിമയിലാണ്. ആ ചിത്രമായിരുന്നു എന്റെ കൊമേഴ്ഷ്യല്‍ എന്‍ട്രി. എസ്.പി രാജന്‍ മാത്യു എന്ന കഥാപാത്രമായിരുന്നു ആ ചിത്രത്തില്‍.

ഫോര്‍ ദി പീപ്പിള്‍ ചെയ്യുമ്പോള്‍ എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. മാത്രമല്ല ചിത്രത്തിലെ എല്ലാവരും പുതിയ മുഖങ്ങളായിരുന്നു. ആ സമയത്തൊക്കെ നന്നായി വര്‍ക്ക് ഔട്ട് ചെയ്യുമായിരുന്നു. വളരെ സീരിയസും സ്റ്റിഫുമായ ക്യാരക്ടറായിരുന്നു അത്.

എന്നാല്‍ അച്ചുവിന്റെ അമ്മയിലെ കഥാപാത്രം ഭയങ്കര ഫ്‌ളെക്‌സിബിളും കാഷ്വലുമായിരുന്നു. എന്നെ അതിലേക്ക് കാസ്റ്റ് ചെയ്തപ്പോള്‍ എനിക്ക് ഭയങ്കര സര്‍പ്രൈസിങ് ആയിരുന്നു. ഫോര്‍ ദി പീപ്പിളിലെ ക്യാരക്ടര്‍ കണ്ട് എങ്ങനെയാണ് ഒരു ഡയറക്ടര്‍ ഇങ്ങനെ ഒരു കഥാപാത്രത്തിന് വേണ്ടി വിളിച്ചതെന്ന് തോന്നി.

അതാണ് യഥാര്‍ത്ഥത്തില്‍ ഒരു സംവിധായകന്‍. ഒരു ആര്‍ടിസ്റ്റിനെ എങ്ങനെ മോള്‍ഡ് ചെയ്യാമെന്ന് സത്യന്‍ സാറിന് അറിയാം. അത് അദ്ദേഹത്തിന്റെ കഴിവാണ്. ആ കോണ്‍ഫിഡന്‍സ് അദ്ദേഹത്തിനുണ്ടായിരുന്നു. എനിക്കുണ്ടായിരുന്നില്ല.

‘സുനില്‍, അപ്പുറത്ത് മീര ജാസ്മിനും ഉര്‍വശി ചേച്ചിയുമുണ്ട്. ഇപ്പുറത്ത് താന്‍ എന്ത് ചെയ്യും എന്ന് തുടക്കത്തില്‍ സത്യന്‍ സാര്‍ എന്നോട് ചോദിച്ചു. അതെ സാര്‍ എന്തുചെയ്യുമെന്ന് ഞാനും ചോദിച്ചു. പേടിക്കേണ്ട ഞാനുണ്ട് കൂടെ എന്ന് പറഞ്ഞു ചിരിക്കുകയായിരുന്നു അദ്ദേഹം. ഇതാണ് ഒരു സംവിധായകന്‍. അതിന്റെയൊരു റിസള്‍ട്ട് ആ സിനിമയിലും കാണാന്‍ പറ്റി. എന്നെ സംബന്ധിച്ച് അതൊരു വലിയ എക്‌സ്പീരിയന്‍സ് ആയിരുന്നു, നരേന്‍ പറഞ്ഞു.

വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ് നരേന്‍. നിരവധി കഥകള്‍ താന്‍ കേള്‍ക്കുന്നുണ്ടെന്നും അതില്‍ തന്നെ മികച്ച സംവിധായകരുടെ ചിത്രങ്ങള്‍ ഉണ്ടെന്നുമാണ് നരേന്‍ പറയുന്നത്. മലയാളത്തില്‍ നല്ല സിനിമകളുടെ ഭാഗമായി മുന്നോട്ടുപോകണമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നരേന്‍ അഭിമുഖത്തില്‍ പറഞ്ഞു.

മിഷ്‌കിന്‍ സംവിധാനം ചെയ്ത ചിത്തരം പേശുതടി ആയിരുന്നു തമിഴിലെ നരേന്റെ ആദ്യ ഹിറ്റ് ചിത്രം. ലാല്‍ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ മുരളി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content highlight: Actor Narain about Achuvinte amma movie

We use cookies to give you the best possible experience. Learn more