Entertainment
സഹ സംവിധായകനായിരുന്നപ്പോൾ ആ സൂപ്പർ സ്റ്റാറിനോട് ഞാൻ കഥ പറഞ്ഞിട്ടുണ്ട്: നാനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 09, 09:27 am
Monday, 9th September 2024, 2:57 pm

ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച താരമാണ് നാനി. ഒരു സംവിധായകനാവണമെന്ന ആഗ്രഹത്തോടെ തന്റെ സിനിമ ജീവിതം ആരംഭിച്ച നാനി ചില സിനിമകളിൽ സഹ സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.

രാജമൗലിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ ഈച്ചയിലൂടെയാണ് നാനി മലയാളികൾക്കിടയിൽ ശ്രദ്ധ നേടുന്നത്. ഈച്ച വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ജേഴ്സി, ഗാങ് ലീഡർ തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

സഹ സംവിധായകനായിരുന്ന സമയത്ത് ഒരു സിനിമയുടെ കഥയുമായി താൻ അല്ലു അർജുനെ കണ്ടിട്ടുണ്ടെന്ന് പറയുകയാണ് നാനി. കഥ അല്ലു അർജുന് വളരെ ഇഷ്ടപ്പെട്ടെന്നും ഇപ്പോൾ കാണുമ്പോഴും അതിനെ കുറിച്ച് സംസാരിക്കാറുണ്ടെന്നും നാനി പറയുന്നു. എന്നാൽ താൻ ഇനി സംവിധാനം ചെയ്യുമോയെന്നത് സംശയമാണെന്നും നാനി കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു നാനി.

‘ഞാൻ സഹസംവിധായകനായി വർക്ക്‌ ചെയ്തിരുന്ന സമയത്ത് അല്ലു അർജുന്റെ അടുത്ത് ഒരു കഥ പറയാൻ പോയിട്ടുണ്ട്. ഞങ്ങൾ ചിലപ്പോൾ അത് ചെയ്യുമായിരുന്നു. അല്ലുവിന് കഥ കേട്ടപ്പോൾ വലിയ ആകാംക്ഷ ഉണ്ടായിരുന്നു.

ഇപ്പോൾ കാണുമ്പോഴും ഞങ്ങൾ തമാശയായി അത് പറയാറുണ്ട്. പക്ഷെ ഞാൻ അഭിനയത്തിലേക്ക് വന്നത് കൊണ്ട് ഇനി ആ സിനിമ സംഭവിക്കുമോയെന്ന് എനിക്കറിയില്ല. പക്ഷെ അന്ന് ഞങ്ങൾ അതിനെ കുറിച്ച് സംസാരിച്ചിരുന്നു.

അല്ലു അർജുൻ നല്ല എക്സൈറ്റഡായിരുന്നു. എനിക്കും വലിയ ആകാംക്ഷയുണ്ടായിരുന്നു. ഇപ്പോൾ കാണുമ്പോഴും ഞങ്ങൾ ചോദിക്കും, ആ കഥ ഓർമയുണ്ടോയെന്ന്. പക്ഷെ ഇപ്പോൾ ട്രാക്കൊക്കെ മുഴുവൻ മാറിയില്ലേ. ഇനി അത് നടക്കുമോയെന്ന് അറിയില്ല.

ഇനി അത് നടക്കുമോയെന്ന് ചോദിച്ചാൽ, സംവിധാന രംഗത്തേക്കൊന്നും ഞാൻ ഇനി പോവുമെന്ന് വിചാരിക്കുന്നില്ല. അറിയില്ല,’നാനി പറയുന്നു.

Content Highlight: Actor Nani Talk About Allu Arjun