ആ പരിപാടിക്ക് ഞാന്‍ പോവില്ല; അവതാരകന്റെ ചോദ്യത്തിന് നാനിയുടെ മറുപടി
Film News
ആ പരിപാടിക്ക് ഞാന്‍ പോവില്ല; അവതാരകന്റെ ചോദ്യത്തിന് നാനിയുടെ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 16th November 2023, 12:25 pm

കോഫി വിത്ത് കരണിലേക്ക് ക്ഷണം വന്നാല്‍ താന്‍ പോവില്ലെന്ന് നടന്‍ നാനി. കരണ്‍ ജോഹറിനെ കണ്ടാലും താന്‍ സിനിമയെ പറ്റി മാത്രമേ സംസാരിക്കുകയുള്ളൂവെന്നും നാനി പറഞ്ഞു. ഇന്ത്യ ടുഡേ സംഘടിപ്പിച്ച റൗണ്ട് ടേബിളിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘സാധാരണ ഗതിയില്‍ ഗോസിപ്പുകള്‍ പറയുന്ന ആളുകള്‍ എന്റെ അടുത്ത് വരുമ്പോള്‍ ഗോസിപ്പ് പറയില്ല. പറഞ്ഞാല്‍ ഞാന്‍ ഒരു റിയാക്ഷനും കൊടുക്കില്ല എന്ന് അവര്‍ക്കറിയാം. ഞാന്‍ അതൊന്നും ആസ്വദിക്കില്ല. അതുകൊണ്ട് ആരും എന്റെ അടുത്തിരുന്ന് ഗോസിപ്പ് പറയില്ല. മാധ്യമങ്ങളും ജനങ്ങളുമൊക്കെ അത് ആസ്വദിക്കുന്നുണ്ടാവാം. എനിക്ക് അങ്ങനെയല്ല. അത് ഞാന്‍ പ്രോത്സാഹിപ്പിക്കുകയുമില്ല,’ നാനി പറഞ്ഞു.

ഈ സമയം അവതാരകന്‍ കോഫി വിത്ത് കരണില്‍ പോവേണ്ടി വന്നാല്‍ ഇതൊക്കെ പറയേണ്ടി വരുമല്ലോ എന്ന് ചോദിച്ചപ്പോള് താന്‍ അവിടെ പോവില്ലെന്നായിരുന്നു നാനിയുടെ മറുപടി.

‘ആ പരിപാടിയിലേക്ക് എന്നെ വിളിച്ചാല്‍ തീര്‍ച്ചയായും വരില്ല എന്ന് പറയും. എല്ലാ ബഹുമാനത്തോടെയും വരില്ല എന്ന് പറയും. ചിലപ്പോള്‍ അദ്ദേഹത്തെ പോയി കാണുകയും സംസാരിക്കുകയും ചെയ്യുമായിരിക്കും, എന്നാല്‍ അത് സിനിമയെ പറ്റി ആയിരിക്കും. കോഫി വിത്ത് കരണ്‍ എന്ന പരിപാടി തീര്‍ച്ചയായും നല്ലൊരു എന്റര്‍ടെയ്‌നറാണ്. ഞാന്‍ കാണാറുണ്ട്,’ നാനി പറഞ്ഞു.

ഹായ് നണ്ണയാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന നാനിയുടെ ചിത്രം. മൃണാള്‍ താക്കൂര്‍ നായികയാവുന്ന ചിത്രം ഡിസംബര്‍ 21നാണ് റിലീസ് ചെയ്യുന്നത്. നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ‘ഹായ് നാണ്ണാ’ വൈര എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മോഹന്‍ ചെറുകുരിയും (സി.വി.എം) ഡോ. വിജേന്ദര്‍ റെഡ്ഡി ടീഗലയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രത്തിന്റെ റിലീസ്.

Content Highlight: Actor Nani says he will not go to Koffee with Karan