| Monday, 11th January 2021, 12:03 pm

'മദ്യപിക്കരുതെന്ന് ഡോക്ടര്‍, പൂജാമുറിയില്‍ നിന്ന് ദൈവത്തിന്റെ പടമെല്ലാം മാറ്റി മുത്തപ്പനെ പ്രതിഷ്ഠിച്ച് മദ്യപൂജ'; തിക്കുറിശിയുമൊത്തുള്ള അനുഭവംപറഞ്ഞ് നന്ദു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

35 വര്‍ഷത്തിലേറെ നീണ്ട സിനിമാജീവിതത്തില്‍ നിരവധി കഥാപാത്രങ്ങളിലൂടെ സിനിമാസ്വാദകരുടെ മനസില്‍ ഇന്നും തിളങ്ങുന്ന താരമായി നില്‍ക്കുകയാണ് നടന്‍ നന്ദു.

1986 ല്‍ മോഹന്‍ലാല്‍ നായകനായ സര്‍വകലാശാല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നന്ദു ഇക്കാലയളവിനുള്ളില്‍ പകര്‍ന്നാടിയ വേഷങ്ങള്‍ അനവധിയാണ്. ഈ വര്‍ഷം പുറത്തിറങ്ങാനുള്ള മരയ്ക്കാര്‍ അറബിക്കടലിന്റെ ചിത്രത്തിലും മികച്ച ഒരു വേഷത്തില്‍ നന്ദു എത്തുന്നുണ്ട്.

ചെറിയ കഥാപാത്രമായാലും മുഴുനീള വേഷമായാലും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസില്‍ ആഴത്തില്‍പതിയുന്ന മുഖമായി മാറാന്‍ നന്ദു ചെയ്ത പല കഥാപാത്രങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്. വളരെ തന്മയത്വത്തോടെ, എന്നാല്‍ അതിലേറെ ശക്തമായി കഥാപാത്രത്തെ പ്രേക്ഷകരിലെത്തിക്കാനുള്ള അപാരമായ ഒരു കഴിവ് അദ്ദേഹത്തിനുണ്ട്. അത്തരത്തില്‍ ഒരു കഥാപാത്രമായിരുന്നു 2012 ല്‍ രഞ്ജിത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിലെ മണിയന്‍ എന്ന കഥാപാത്രം.

തനിക്ക് ഒരുപാട് ഭാഗ്യം തന്ന കഥാപാത്രമാണ് സ്പിരിറ്റിലെ മണിയന്‍ എന്നാണ് നന്ദു പറയുന്നത്. മദ്യപാനം എന്നത് തനിക്ക് അന്യമായിരുന്നില്ലെങ്കിലും മണിയനെപ്പോലെ മര്യാദകെട്ട മദ്യപാനം തനിക്ക് ഉണ്ടായിട്ടില്ലെന്ന് നന്ദു പറയുന്നു.

മദ്യപാനത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തനിക്ക് ഓര്‍മ്മവരുന്നത് മലയാളത്തിന്റെ മഹാനടനായിരുന്ന തിക്കുറിശ്ശിയെ കുറിച്ചാണെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നന്ദു പറയുന്നുണ്ട്. തന്റെ ചെറുപ്പകാലത്ത് നടന്‍ തിക്കുറിശിക്കൊപ്പമുണ്ടായ ഒരു അനുഭവം കൂടി നന്ദു പങ്കുവെക്കുന്നുണ്ട്.

‘ ഞങ്ങളുടെ വീടിന്റെ അടുത്താണ് തിക്കുറിശി താമസിച്ചിരുന്നത്. ഞാന്‍ അപ്പൂപ്പന്‍ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. അപ്പൂപ്പനും ഞാനും വലിയ സുഹൃത്തുക്കളായിരുന്നു. അദ്ദേഹത്തിന്റെ വീടിന്റെ തിണ്ണയിലിരുന്നാണ് ദിവസവും സംസാരം. ഒരു ദിവസം ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം പൂജാമുറിയിലാണ്. പ്രാര്‍ത്ഥനയും മന്ത്രവും ഒക്കെ ചെയ്യുന്നുണ്ട്. ഒരു ഗ്ലാസില്‍ മദ്യവും ഒഴിച്ചുവെച്ചിട്ടുണ്ട്. ഞാന്‍ അമ്മയോട് ചോദിച്ചു. ഇതെന്താണ് മദ്യപൂജയോ?

അമ്മ പറഞ്ഞു; ഡോക്ടറെ കണ്ടപ്പോള്‍ പറഞ്ഞു ഇനി മദ്യപിക്കരുതെന്ന്. അന്നു വീട്ടില്‍ വന്ന് അപ്പൂപ്പന്‍ പൂജാമുറിയിലെ പടങ്ങളൊക്കെ മാറ്റി പകരം മുത്തപ്പന്റെ പടം പ്രതിഷ്ഠിച്ചു. മുത്തപ്പന് മദ്യസേവയാകാം. അതുകൊണ്ടാണ് ഈ മദ്യപൂജ’, അതായിരുന്നു തിക്കുറിശ്ശി അപ്പൂപ്പന്‍.

ജീവിതത്തില്‍ നിന്ന് അരങ്ങൊഴിഞ്ഞ പല പ്രമുഖ നടന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ തനിക്ക് കഴിഞ്ഞെന്നും ആ ഓര്‍മ്മകളെല്ലാം പലപ്പോഴും നൊമ്പരങ്ങളാണെന്നും നന്ദു പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Nandu Share Experience With Actor Thikkurissy

We use cookies to give you the best possible experience. Learn more