35 വര്‍ഷത്തിലേറെ നീണ്ട സിനിമാജീവിതത്തില്‍ നിരവധി കഥാപാത്രങ്ങളിലൂടെ സിനിമാസ്വാദകരുടെ മനസില്‍ ഇന്നും തിളങ്ങുന്ന താരമായി നില്‍ക്കുകയാണ് നടന്‍ നന്ദു.
1986 ല്‍ മോഹന്‍ലാല്‍ നായകനായ സര്‍വകലാശാല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നന്ദു ഇക്കാലയളവിനുള്ളില്‍ പകര്‍ന്നാടിയ വേഷങ്ങള്‍ അനവധിയാണ്. ഈ വര്‍ഷം പുറത്തിറങ്ങാനുള്ള മരയ്ക്കാര്‍ അറബിക്കടലിന്റെ ചിത്രത്തിലും മികച്ച ഒരു വേഷത്തില്‍ നന്ദു എത്തുന്നുണ്ട്.
ചെറിയ കഥാപാത്രമായാലും മുഴുനീള വേഷമായാലും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസില്‍ ആഴത്തില്‍പതിയുന്ന മുഖമായി മാറാന്‍ നന്ദു ചെയ്ത പല കഥാപാത്രങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്. വളരെ തന്മയത്വത്തോടെ, എന്നാല്‍ അതിലേറെ ശക്തമായി കഥാപാത്രത്തെ പ്രേക്ഷകരിലെത്തിക്കാനുള്ള അപാരമായ ഒരു കഴിവ് അദ്ദേഹത്തിനുണ്ട്. അത്തരത്തില്‍ ഒരു കഥാപാത്രമായിരുന്നു 2012 ല്‍ രഞ്ജിത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിലെ മണിയന്‍ എന്ന കഥാപാത്രം.
തനിക്ക് ഒരുപാട് ഭാഗ്യം തന്ന കഥാപാത്രമാണ് സ്പിരിറ്റിലെ മണിയന്‍ എന്നാണ് നന്ദു പറയുന്നത്. മദ്യപാനം എന്നത് തനിക്ക് അന്യമായിരുന്നില്ലെങ്കിലും മണിയനെപ്പോലെ മര്യാദകെട്ട മദ്യപാനം തനിക്ക് ഉണ്ടായിട്ടില്ലെന്ന് നന്ദു പറയുന്നു.
മദ്യപാനത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തനിക്ക് ഓര്‍മ്മവരുന്നത് മലയാളത്തിന്റെ മഹാനടനായിരുന്ന തിക്കുറിശ്ശിയെ കുറിച്ചാണെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നന്ദു പറയുന്നുണ്ട്. തന്റെ ചെറുപ്പകാലത്ത് നടന്‍ തിക്കുറിശിക്കൊപ്പമുണ്ടായ ഒരു അനുഭവം കൂടി നന്ദു പങ്കുവെക്കുന്നുണ്ട്.