മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന സിനിമ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഡിസംബര്‍ രണ്ടിനാണ് തിയേറ്ററുകളിലെത്തുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ലാലേട്ടന്റെ സിനിമ തിയേറ്ററില്‍ കാണാന്‍ സാധിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ആദ്യം ഒ.ടി.ടി. പ്ലാറ്റ്ഫോമിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.
ഒരു നീണ്ട താരനിരതന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇതിനോടകം തന്നെ പലരും മരക്കാര്‍ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ സിനിമയില്‍ ഒരു സുപ്രധാന വേഷം അവതരിപ്പിച്ച നന്ദുവാണ് തന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം മനസുതുറക്കുന്നത്.
സിനിമാഭിനയം ആരംഭിച്ചിട്ട് ഒരുപാട് വര്‍ഷങ്ങളായി. അതില്‍ പ്രിയദര്‍ശന്റെ കൂടെയാണ് ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുള്ളതെന്ന് താരം പറയുന്നു. ‘പ്രിയന്‍ ചേട്ടന്റെ മലയാള സിനിമയില്‍ മാത്രമല്ല, അദ്ദേഹത്തിന്റെ ഹിന്ദി, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ എനിക്ക് വേഷം തന്ന ഡയറക്ടറാണ് പ്രിയദര്‍ശന്‍. അതുപോലെ ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് ലാലേട്ടന്റെ കൂടെയാണ്. പ്രിയന്‍ ചേട്ടന്‍ ലാലേട്ടന്‍ കൂട്ടുകെട്ടിലുള്ള സിനിമകളായിരിക്കും അത്. ആ ലൊക്കേഷനുകളിലെത്തുമ്പോള്‍ വീട്ടിലെത്തുന്നപോലെയാണ്,’ നന്ദു പറയുന്നു.
പ്രിയദര്‍ശന്റെ സിനിമകളില്‍ തനിക്ക് എന്തെങ്കിലുമൊരു വേഷം അദ്ദേഹം കരുതിവെക്കാറുണ്ടെന്നും നന്ദു പറയുന്നു. ‘പ്രിയന്‍ ചേട്ടന്റെ പലസിനിമകളിലും ഒരു അച്ചാറായിട്ടാണെങ്കിലും ഞാനൊരു മൂലയില്‍ കാണും. അതുപോലെ തന്നെ ഒരു ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ അച്ചാറല്ല എന്നാലും അതിനേക്കാള്‍ കുറച്ചുകൂടെ നല്ലൊരു വേഷം തന്നു. വലിയ ക്യാന്‍വാസിലുള്ള സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് തന്നെ വലിയൊരു ഭാഗ്യം. കുതിരവട്ടത്ത് നായര്‍ എന്ന സാമൂതിരിയുടെ മന്ത്രിയുടെ വേഷമാണ് ചെയ്തത്. സായിപ്പുമായി സംസാരിക്കാന്‍ പറ്റുന്ന ഇംഗ്ലീഷ് അറിയുന്ന മലയാളിയുടെ കഥാപാത്രമാണത്,’ താരം പറയുന്നു.
സിനിമയിലെ എല്ലാകഥാപാത്രങ്ങളും ചരിത്രവുമായി ബന്ധപ്പെട്ടുകൊണ്ടുള്ളതാണെന്നും കുഞ്ഞാലി മരക്കാറിന്റെ എല്ലാവിധത്തിലുള്ള ചരിത്രവും പഠിച്ചതിന് ശേഷമാണ് പ്രിയദര്‍ശന്‍ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ ചെയ്തിരിക്കുന്നതെന്നും നന്ദു പറയുന്നു.
മലയാള സിനിമയ്ക്കു സ്വപ്നം കാണാന്‍ പോലും പറ്റാത്ത ക്യാന്‍വാസിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നും, പ്രിയദര്‍ശന്‍ ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആഗ്രഹിച്ച, സ്വപ്നം കണ്ട രീതിയിലുള്ള ഒരു ചിത്രമാണ് മരക്കാര്‍ എന്നും നന്ദു പറയുന്നു.
മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, ജി. സുരേഷ് കുമാര്‍, ഐ.വി. ശശി, ത്യാഗരാജന്‍ മാസ്റ്റര്‍ എന്നിവരുടെ എല്ലാം കുടുംബം പൂര്‍ണ്ണമായും ഉള്‍പ്പെട്ട ഒരു ചിത്രമാണ് മരക്കാറെന്നും നന്ദു പറഞ്ഞു.
മലയാള സിനിമ കണ്ട എക്കാലത്തേയും ഏറ്റവും വലിയ ചിത്രമായ മരക്കാര്‍ മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളിലായി അറുപതിനു മുകളില്‍ ലോക രാജ്യങ്ങളിലാണ് റിലീസ് ചെയ്യാന്‍ പോകുന്നത് എന്നാണ് സൂചന.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാരിയര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
മലയാള സിനിമയിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്‌സ്, ഓവര്‍സീസ് റൈറ്റ്‌സ്, സാറ്റലൈറ്റ് റൈറ്റ്‌സ്, ഡിജിറ്റല്‍ റൈറ്റ്‌സ് എന്നിവയെല്ലാം നേടിയ ചിത്രം കൂടിയാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. സംസ്ഥാന അവാര്‍ഡില്‍ മികച്ച വി.എഫ്.എക്‌സ്, നൃത്ത സംവിധാനം, ഡബ്ബിങ് എന്നീ മൂന്നു അവാര്‍ഡുകളാണ് മരക്കാര്‍ നേടിയത്. ദേശീയ തലത്തില്‍ മികച്ച ചിത്രം, വസ്ത്രാലങ്കാരം, മികച്ച വി.എഫ്.എക്‌സ് എന്നീ അവാര്‍ഡുകളും മരക്കാര്‍ നേടി.