അസാധ്യ ഷോട്ടായിരുന്നു അത്; എന്നാല്‍, ഷോട്ടൊക്കെ ഉഗ്രനാ പക്ഷെ എനിക്കത് ആവശ്യമില്ല എന്നാണ് രഞ്ജിയേട്ടന്‍ പറഞ്ഞത്: നന്ദു
Entertainment news
അസാധ്യ ഷോട്ടായിരുന്നു അത്; എന്നാല്‍, ഷോട്ടൊക്കെ ഉഗ്രനാ പക്ഷെ എനിക്കത് ആവശ്യമില്ല എന്നാണ് രഞ്ജിയേട്ടന്‍ പറഞ്ഞത്: നന്ദു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th April 2022, 6:10 pm

നിരവധി ക്യാരക്ടര്‍ റോളുകളിലൂടെ മലയാളികളുടെ മനസില്‍ സ്ഥാനം പിടിച്ചുപറ്റിയ അഭിനേതാവാണ് നന്ദു. സ്പിരിറ്റ് എന്ന രഞ്ജിത് ചിത്രത്തിലെ മണിയന്‍ എന്ന മുഴുനീള മദ്യപാനിയുടെ വേഷം അവതരിപ്പിച്ച് നന്ദു ഏറെ കയ്യടി നേടിയിരുന്നു.

സ്പിരിറ്റില്‍ അഭിനയിച്ചുകൊണ്ടിരിക്കെ തനിക്ക് അടിപൊളിയായി തോന്നിയ ഒരു ഷോട്ട് സംവിധായകന്‍ രഞ്ജിത് കട്ട് ചെയ്ത് കളഞ്ഞതിന്റെ അനുഭവം പങ്കുവെക്കുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ നന്ദു.

അഭിനയിച്ചിട്ട് സീന്‍ കട്ട് ചെയ്ത് പോയതില്‍ നിരാശ തോന്നിയിട്ടുള്ള അനുഭവങ്ങളുണ്ടായിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ഷോട്ട് രഞ്ജിത് കട്ട് ചെയ്ത് കളഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അത് സംവിധായകന്റെ മാത്രം തീരുമാനമാണെന്നും നന്ദു പറയുന്നു.

”സ്പിരിറ്റ് എന്ന സിനിമക്കകത്ത് ‘മണിയന്റെ ഒരു ദിവസം’ എന്ന് പറഞ്ഞ് അവസാനം കാണിക്കുന്നുണ്ട്. ആ സീക്വന്‍സ് മുഴുവന്‍ ഷൂട്ട് ചെയ്തത് ഒരു ദിവസം കൊണ്ടാണ്. അന്ന് നമ്മള്‍ ഒരു രണ്ട്‌നില കെട്ടിടത്തിന്റെ കണ്‍സ്ട്രക്ഷന്‍ നടക്കുന്നയിടത്തായിരുന്നു ഷൂട്ട്.

ഒരു സന്ധ്യ സമയത്ത് കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ കേറി വെള്ളമടിക്കുന്ന സീനായിരുന്നു. ആ ഷോട്ട് എന്ന് പറഞ്ഞാല്‍, ക്യാമറ അടുത്ത് വെച്ചിരിക്കുന്നു, ഞാന്‍ പ്രൊഫൈലില്‍ ഇരിക്കുന്നു, നേരെ നോക്കുമ്പോള്‍ ചുവന്ന നിറത്തില്‍ അസ്തമയ സൂര്യനാണ്. വൈകീട്ട് ഒരു ആറര മണിക്കാണ് ഷൂട്ട് ചെയ്യുന്നത്.

നല്ല കാറ്റാണ്. ഞാനൊരു പ്ലാസ്റ്റിക് ഗ്ലാസിനകത്ത് മദ്യം ഒഴിക്കുന്നതാണ് ഷോട്ട്. ഒഴിക്കുമ്പോള്‍ കാറ്റ് കാരണം ഇതിന്റെ പകുതി ഭാഗം തെറിക്കുകയാണ്. മദ്യം ഗ്ലാസില്‍ ഒഴിച്ചിട്ട് ഉയരത്തില്‍ നിന്ന് ഞാനത് വായിലേക്ക് ഒഴിക്കുന്നതാണ്. കാറ്റ് കാരണം വെള്ളം പകുതി വായിലേക്ക് വരും പകുതി തെറിച്ച് പോകും.

അത് എടുത്ത ശേഷം കണ്ട് കഴിഞ്ഞപ്പോള്‍ കുറച്ച് സ്റ്റില്‍ഔട്ട് പോലെയായിരുന്നു. കുറച്ച് ഡാര്‍ക്ക് ആയിട്ടാണ് ഇരിക്കുന്നത്. ഞാനാണെന്ന് അറിയാം. അസാധ്യ ഷോട്ട്. പക്ഷെ, അത് പടത്തിലില്ല.

അങ്ങനെ ഞാന്‍ രഞ്ജിയേട്ടനോട് ചോദിച്ചു, ചേട്ടാ അത് ഉഗ്രന്‍ ഷോട്ടായിരുന്നല്ലോ, എന്ന്. ഷോട്ട് ഒക്കെ ഉഗ്രനാ, പക്ഷെ എനിക്കത് ആവശ്യമില്ലായിരുന്നു, അതുകൊണ്ട് ഞാനത് കളഞ്ഞു, എന്ന് പറഞ്ഞു. അതൊക്കെ ഡയറക്ടറുടെ തീരുമാനമാണ്. നമുക്ക് ഗംഭീരം എന്ന് തോന്നിയിട്ടൊന്നും കാര്യമില്ല. ഒരു ഡയറക്ടര്‍ക്ക് ആവശ്യമുള്ളതേ അതിനകത്ത് കാണിക്കൂ,” നന്ദു പറഞ്ഞു.

Content Highlight: Actor Nandhu about Spirit movie experience with director Ranjith