| Monday, 18th April 2022, 9:55 am

പ്രിയന്‍ സാറിനെയൊക്കെ നമ്മള്‍ കാലില്‍ തൊട്ട് തൊഴും; മരക്കാറില്‍ എന്റെ ഒരു അടിപൊളി സീന്‍ കട്ട് ചെയ്ത് കളഞ്ഞിട്ടുണ്ട്: നന്ദു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു മരക്കാര്‍: അറബിക്കടലിന്റെ സിംഹം. സമ്മിശ്ര പ്രതികരണമായിരുന്നു സിനിമ നേടിയത്.

നടന്‍ നന്ദുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. മരക്കാറില്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പറയുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ നന്ദു.

പ്രിയദര്‍ശന്റെ പടങ്ങളില്‍, സിനിമ റിലീസ് ചെയ്യുമ്പോള്‍ ഉണ്ടെങ്കില്‍ ഉണ്ട് എന്ന അവസ്ഥയാണെന്നും മരക്കാറില്‍ തന്റെ ഒരു അടിപൊളി സീന്‍ കട്ട് ചെയ്ത് കളഞ്ഞിട്ടുണ്ടെന്നുമാണ് നന്ദു പറയുന്നത്.

”പ്രിയന്‍ ചേട്ടന്റെ സിനിമകളില്‍ പലപ്പോഴും എഡിറ്റിങ്ങ് ടേബിളില്‍ പോവാറുണ്ട്. പ്രിയന്‍ സാറിനെയൊക്കെ നമ്മള്‍ കാലില്‍ തൊട്ട് തൊഴും. ചെല്ലുമ്പോഴേക്കും പറയും ഡേ ഡേ, എന്റെ കാലില്‍ തൊട്ട് തൊഴണ്ട, എഡിറ്റര്‍ അംബി സാറിന്റെ കാലില്‍ പിടി എന്ന് പറയും.

കാരണം, ഞാന്‍ ഓരോന്ന് ഷൂട്ട് ചെയ്ത് കൊണ്ടുകൊടുക്കും അങ്ങേര് അതെല്ലാം വെട്ടി ദൂരെക്കളയും. പടത്തില്‍ കാണണമെന്നുണ്ടെങ്കില്‍ നീ അങ്ങേരുടെ കാല് പിടി, എന്ന് പ്രിയന്‍ സാര്‍ തമാശക്ക് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്.

അംബി സാറായിരുന്നു അന്ന് സ്ഥിരം എഡിറ്റര്‍.

അത് സത്യമാണ്. കാരണം നല്ല തലയുള്ള ഒരാളാണ് എഡിറ്റര്‍ എന്ന് പറയുന്നത്. ഒരു മനുഷ്യന്റെ ബ്രെയിന്‍, ഹാര്‍ട്ട് എന്ന് പറയുന്നത് പോലെയാണ് സിനിമയുടെ എഡിറ്റിങ്ങ്. എഡിറ്റിങ്ങ് മോശമാണെങ്കില്‍ സിനിമ എടുത്ത് വെച്ചിരുന്നത് പോലും ഒരു ഭംഗിയുമുണ്ടാവില്ല.

എടുത്ത് വെച്ചിരിക്കുന്നത് അല്‍പം മോശമാണെങ്കില്‍ പോലും എഡിറ്റിങ്ങില്‍ ഗംഭീരമാക്കാന്‍ സാധിക്കും.

പ്രിയന്‍ ചേട്ടന്റെ പടത്തിലൊക്കെ സിനിമ വരുമ്പോള്‍ ഉണ്ടെങ്കില്‍ ഉണ്ട് എന്ന അവസ്ഥയാണ്.

മരക്കാറിനകത്ത് ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എനിക്ക് ഗംഭീര ഡയലോഗുള്ള ഒരു സീനുണ്ടായിരുന്നു അതില്‍.

രണ്ടുമൂന്ന് പേരോട് കുറിക്ക് കൊള്ളുന്ന ഡയലോഗ് ഞാന്‍ പറയുന്ന സീനായിരുന്നു. അവര്‍ക്ക് ഒന്നും പറയാന്‍ പറ്റാതെ അവരുടെ വായടപ്പിക്കുന്ന രീതിയിലുള്ള ഡയലോഗ്. പക്ഷെ, ഈശ്വരാനുഗ്രഹം കൊണ്ട് അത് കട്ട് ചെയ്ത് പോയി.

എനിക്ക് അത് സിനിമയില്‍ വേണ്ടെന്ന് തോന്നി, അതുകൊണ്ട് കട്ട് ചെയ്ത് കളഞ്ഞു, എന്ന് പറഞ്ഞു. ഞാന്‍ ഓ ശരി എന്ന് പറഞ്ഞു. എന്ത് ചെയ്യാനാ, പോയത് പോയി.

അത് ഡയറക്ടറുടെയും എഡിറ്ററുടെയും തീരുമാനമാണ്. നമുക്ക് ഗംഭീരമായെന്ന് തോന്നിയിട്ട് കാര്യമില്ല. ഒരു ഡയറക്ടര്‍ക്ക് ആവശ്യമുള്ളതേ അതില്‍ കാണിക്കൂ,” നന്ദു പറഞ്ഞു.

Content Highlight: Actor Nandhu about Marakkar movie and director Priyadarshan

We use cookies to give you the best possible experience. Learn more