ആ ചിത്രത്തിലെ മമ്മൂക്കയുടെ പ്രകടനം കണ്ട് ഞെട്ടിയിട്ടുണ്ട്, ഞാൻ ഇതുവരെ അദ്ദേഹത്തെ ഇക്കായെന്ന് വിളിച്ചിട്ടില്ല: നന്ദു
Entertainment
ആ ചിത്രത്തിലെ മമ്മൂക്കയുടെ പ്രകടനം കണ്ട് ഞെട്ടിയിട്ടുണ്ട്, ഞാൻ ഇതുവരെ അദ്ദേഹത്തെ ഇക്കായെന്ന് വിളിച്ചിട്ടില്ല: നന്ദു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th October 2024, 1:05 pm

ഇന്ത്യൻ സിനിമയിലെ മഹാനടന്മാരിൽ ഒരാളാണ് മമ്മൂട്ടി. ചെറിയ വേഷങ്ങളിലൂടെ കരിയർ തുടങ്ങിയ അദ്ദേഹം ഇന്ന് ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ്. എഴുപതിന്റെ നിറവിലും തന്റെ കഥാപാത്രങ്ങളിലൂടെ യുവ നടന്മാരെ വരെ അമ്പരിപ്പിച്ച് കൊണ്ടിരിക്കുകയാണ് മമ്മൂട്ടി.

വിവിധ ഭാഷകൾ കൈകാര്യം ചെയ്യാനുള്ള മമ്മൂട്ടിയുടെ കഴിവിനെ കുറിച്ച് ഒരുപാടാളുകൾ സംസാരിച്ചിട്ടുണ്ട്. അതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ നന്ദു. താൻ മമ്മൂട്ടിയെ സാർ എന്നാണ് വിളിക്കാറുള്ളതെന്നും രാജമാണിക്യം എന്ന സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ടപ്പോൾ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും നന്ദു പറയുന്നു.
ഇക്കായെന്നോ അണ്ണായെന്നോ അദ്ദേഹത്തെ തനിക്ക് വിളിക്കാൻ കഴിയില്ലെന്നും മമ്മൂട്ടി തനിക്കൊരു മൂത്ത സഹോദരനെ പോലെയാണെന്നും നന്ദു പറഞ്ഞു.

‘കാസർഗോഡ് ഭാഷയൊക്കെ പറയുമ്പോൾ ശരിക്കും വെള്ളം കുടിച്ച് പോവും. ആ കാര്യത്തിലൊക്കെ മമ്മൂക്ക ഗംഭീരമാണ്. അതുകൊണ്ടാണ് ഞാൻ ഇപ്പോഴും അദ്ദേഹത്തെ സാർ എന്ന് വിളിക്കുന്നത്. ശരിക്കും കാലിൽ തൊട്ട് വന്ദിക്കണം. അദ്ദേഹം അതിന് വേണ്ടി എടുക്കുന്ന ഒരു സ്ട്രയിൻ വളരെ വലുതാണ്.

അത് സമ്മതിച്ച് കൊടുത്തേപറ്റു. തിരുവനന്തപുരം ഭാഷയിൽ സെന്റിമെന്റ്സ് പറഞ്ഞാൽ ആളുകൾ കൂവും. കോമഡി പറയുന്ന പോലെയാണത്. പക്ഷെ അദ്ദേഹം ആ രാജമാണിക്യത്തിൽ എന്ത് ഗംഭീരമായിട്ടാണ് ചെയ്തുവെച്ചിട്ടുള്ളത്. എത്ര മനോഹരമായാണ് ആ സെന്റിമെന്റൽ സീൻ ചെയ്തത്.

തിരുവനന്തപുരം ഭാഷ ഇങ്ങനെയും ചെയ്യാൻ പറ്റുമെന്ന് ഞാൻ അപ്പോഴാണ് മനസിലാക്കിയത്. ഞാൻ ഞെട്ടിപോയത് അദ്ദേഹത്തിന്റെ ആ ചിത്രത്തിലെ പ്രകടനത്തിലൂടെയാണ്. ഞാൻ ഇതുവരെ അദ്ദേഹത്തെ ഇക്കായെന്നോ അണ്ണായെന്നോ വിളിച്ചിട്ടില്ല. ഞാൻ സാർ എന്നാണ് വിളിക്കാറുള്ളത്. ആ ബഹുമാനം ഉള്ളതുകൊണ്ടാണ്.

അദ്ദേഹം പണ്ടൊരിക്കൽ എന്നോട് ചോദിച്ചു, എന്തിനാണ് എന്നെ സാർ എന്ന് വിളിക്കുന്നത് ഇക്കായെന്ന് വിളിച്ചൂടെയെന്ന്. ഒരു മൂത്ത ചേട്ടനേക്കാളും ഉപരിയായിട്ടുള്ള ഒരാളായാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. അണ്ണായെന്ന് വിളിക്കുന്നത് ഒരു ഫ്രണ്ട്ഷിപ്പ് പോലെയായി പോവും,’നന്ദു പറയുന്നു

 

Content Highlight: Actor Nandhu About Mammootty