മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് നന്ദുലാല്‍. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് നന്ദുലാല്‍ എപ്പോഴും സിനിമക്കൊപ്പമുണ്ട്. ഇപ്പോഴിതാ അഭിനയരംഗത്ത് തന്റെ ആദ്യ വേഷം നഷ്ടപ്പെട്ട അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് വനിത മാഗസിനു നല്‍കിയ ഒരഭിമുഖത്തില്‍ നന്ദു.
പ്രിയദര്‍ശന്റെ ചെപ്പ് എന്നു പേരുള്ള സിനിമയില്‍ തനിക്ക് റോളുണ്ടെന്ന് അയല്‍വാസിയായ എം.ജി ശ്രീകുമാര്‍ പറഞ്ഞപ്പോള്‍ സന്തോഷമായെന്നും എന്നാല്‍ ഇക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ ചിറ്റപ്പന്‍ സമ്മതിച്ചില്ലെന്നും നന്ദു പറഞ്ഞു. ‘ഡിഗ്രിക്ക് കിട്ടാനുള്ള പേപ്പര്‍ എഴുതിയെടുത്തിട്ട് മതി സിനിമയിലേക്കെന്ന് ചിറ്റപ്പന്‍ പറഞ്ഞു. ചിറ്റപ്പന്‍ പറഞ്ഞാല്‍ പിന്നെ മറുത്തൊരു വാക്ക് പറഞ്ഞ് ശീലമില്ല. സിനിമയിലേക്കില്ലെന്ന് ശ്രീക്കുട്ടന്‍ ചേട്ടനോട് പറഞ്ഞു.
എന്നാല്‍ പിറ്റേ ദിവസം ചിറ്റപ്പന്‍ അഭിനയിക്കാന്‍ പോയ്‌ക്കോളാന്‍ പറഞ്ഞു. പെട്ടെന്നു തന്നെ പ്രിയന്‍ ചേട്ടനെ വിളിച്ചപ്പോള്‍ അര മണിക്കൂര്‍ മുന്നേ ആ വേഷം മറ്റൊരാള്‍ക്ക് കൊടുത്തുവെന്ന് പറഞ്ഞു’, നന്ദു പറയുന്നു.
അങ്ങനെ അരമണിക്കൂര്‍ മുന്‍പേ ആദ്യ വേഷം നഷ്ടപ്പെട്ട നടനാണ് താനെന്നും നന്ദു കൂട്ടിച്ചേര്‍ത്തു. തന്റെ സിനിമാനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന അഭിമുഖത്തിലാണ് നന്ദു ഇക്കാര്യം തുറന്നു പറഞ്ഞത്.
കിലുക്കം സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ അപകടത്തില്‍ നിന്ന് മോഹന്‍ലാല്‍ തലനാരിഴക്ക് രക്ഷപ്പെട്ട കഥയും ഇതേ അഭിമുഖത്തില്‍ നന്ദു പങ്കുവെച്ചു. കിലുക്കത്തിലെ ഊട്ടിപട്ടണം എന്ന പാട്ട് ചിത്രീകരിക്കുന്നതിനിടക്ക് മോഹന്‍ലാലും ജഗതിയും ട്രെയിനിന് മുകളില്‍ നില്‍ക്കുന്ന സമയത്താണ് അപകടത്തിനുള്ള സാഹചര്യം ഉണ്ടായതെന്നും നന്ദു പറയുന്നു.
വളവു തിരിഞ്ഞ് സാമാന്യം വേഗത്തില്‍ ട്രെയിന്‍ വരുമ്പോള്‍ ലാലേ കുനിഞ്ഞോ എന്ന് വലിയ ശബ്ദത്തില്‍ ജഗതി നിലവിളിച്ചുവെന്നും ട്രെയിനിന് മുകളില്‍ നിന്ന ജഗതിയും മോഹന്‍ലാലും പെട്ടെന്ന് കുനിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.
പാളത്തിന് കുറുകെ വലിച്ചു കെട്ടിയ കമ്പിയില്‍ കുടുങ്ങാതെ മോഹന്‍ലാല്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും സംവിധായകന്‍ പ്രിയദര്‍ശനും ക്യാമാറാ സംഘത്തിനുമൊപ്പം താനും സംഭവം നടക്കുന്നതിനരികില്‍ ഉണ്ടായിരുന്നുവെന്നും നന്ദു കൂട്ടിച്ചേര്‍ത്തു.