മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. തന്റെ ഇഷ്ടനടനെ കാണാനാഗ്രഹിക്കുന്ന രീതിയില്‍ പൃഥ്വിരാജ് ആദ്യചിത്രത്തില്‍ തന്നെ അവതരിപ്പിച്ചത് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി ലൂസിഫര്‍ മാറി. ആദ്യഭാഗത്തെക്കാള്‍ വലിയ രീതിയിലാണ് പൃഥ്വിരാജ് എമ്പുരാന്‍ അണിയിച്ചൊരുക്കുന്നത്.
ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. എമ്പുരാനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ നന്ദലാല്‍ കൃഷ്ണമൂര്‍ത്തി (നന്ദു). ലൂസിഫറില്‍ പീതാംബരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നന്ദു എമ്പുരാനിലും ഭാഗമാകുന്നുണ്ട്. ചിത്രത്തിന്റെ കഥയെക്കുറിച്ച് തനിക്ക് കൂടുതലായി ഒന്നും അറിയില്ലെന്ന് നന്ദു പറഞ്ഞു.
തനിക്ക് മാത്രമല്ല, ചിത്രത്തില്‍ അഭിനയിച്ച പലര്‍ക്കും അതിന്റെ മുഴുവന്‍ കഥയും അറിയില്ലെന്നും ആകെ നാല് പേര്‍ക്ക് മാത്രമേ അതെല്ലാം അറിയുള്ളൂവെന്നും നന്ദു കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജ്, മോഹന്‍ലാല്‍, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവരാണ് ആ നാലുപേരെന്നും നന്ദു പറഞ്ഞു. ബാക്കിയുള്ള ആര്‍ട്ടിസ്റ്റുകള്‍ അവരവരുടെ പോര്‍ഷന്‍ മാത്രമാണ് ചെയ്തതെന്നും അതല്ലാതെ അവര്‍ക്ക് വേറൊന്നും അറിയില്ലെന്നും നന്ദു കൂട്ടിച്ചേര്‍ത്തു. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നന്ദു ഇക്കാര്യം പറഞ്ഞത്.
‘എമ്പുരാനില്‍ ഞാന്‍ അഭിനയിച്ചു എന്നല്ലാതെ ആ പടത്തിന്റെ കഥയെപ്പറ്റിയൊന്നും എനിക്ക് അറിയില്ല. കഥ മുഴുവനും അറിയാവുന്ന നാല് പേര്‍ മാത്രമേയുള്ളൂ. ഒന്ന് പൃഥ്വിരാജ്, പുള്ളി അതിന്റെ ഡയറക്ടറാണല്ലോ. മറ്റൊരാള്‍ റൈറ്റര്‍ മുരളി ഗോപി. പിന്നെ ലാലേട്ടനും ആന്റണിയും. ബാക്കി ആര്‍ട്ടിസ്റ്റുകളെല്ലാം അവരവരുടെ പോര്‍ഷന്‍ ചെയ്തിട്ട് പോകുന്നതാണ് കണ്ടിട്ടുള്ളത്. അതിലെ വില്ലനാരാണെന്നൊന്നും എനിക്കറിയില്ല. ലാലേട്ടന്റെ ക്യാരക്ടറിന് വേറൊരു മുഖം കൂടിയുണ്ടല്ലോ.
ആ രണ്ട് ട്രാക്കും ഈ പടത്തില്‍ കാണിക്കേണ്ടതുണ്ട്. രാജു എന്റെയടുത്ത് കഥയുടെ ഏകദേശരൂപം തരാന്‍ പോയപ്പോള്‍ ഞാന്‍ അത് വേണ്ടെന്ന് പറഞ്ഞിരുന്നു. കാരണം നമ്മള്‍ അതിനെപ്പറ്റിയൊന്നും കാടുകേറി ചിന്തിക്കേണ്ട ആവശ്യമില്ല. വരുക, അഭിനയിക്കുക, പോവുക വേറൊന്നും ശ്രദ്ധിക്കാന്‍ നിന്നില്ല. മാത്രമല്ല, ഇത്രയും വലിയ പടം തിയേറ്ററില്‍ കാണുമ്പോള്‍ കഥയെപ്പറ്റി യാതൊരു ഐഡിയയുമില്ലാതെ കണ്ടാല്‍ മാത്രമേ ആ ഒരു എക്‌സൈറ്റ്‌മെന്റ് കിട്ടുള്ളൂ,’ നന്ദു പറയുന്നു.
Content Highlight: Actor Nandhu about Empuraan movie