നിന്റെ ഒക്കെ സമയം കൊണ്ടാണ് നിനക്ക് ഒക്കെ ബിയര്‍, ഞങ്ങള്‍ക്ക് ചായയും കാപ്പിയുമാണ് കലക്കി തരുകയെന്ന് മമ്മൂക്ക പറഞ്ഞു: നന്ദു
Entertainment news
നിന്റെ ഒക്കെ സമയം കൊണ്ടാണ് നിനക്ക് ഒക്കെ ബിയര്‍, ഞങ്ങള്‍ക്ക് ചായയും കാപ്പിയുമാണ് കലക്കി തരുകയെന്ന് മമ്മൂക്ക പറഞ്ഞു: നന്ദു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th November 2022, 8:18 pm

മലയാള സിനിമകളില്‍ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് നന്ദു. മമ്മൂട്ടിയോടൊപ്പം ആദ്യമായി അഭിനയിച്ച ചരിത്രം സിനിമയിലെ ഷോട്ടിനെക്കുറിച്ച് പറയുകയാണ് അദ്ദേഹം.

ആ സിനിമയിലാണ് താന്‍ മമ്മൂട്ടിയെ ആദ്യമായി കാണുന്നതെന്നും റിയല്‍ ബിയര്‍ കുടിക്കുന്നത് കണ്ടിട്ട് തങ്ങളോട് അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ തമാശയായി പറഞ്ഞുവെന്നും നന്ദലാല്‍ പറഞ്ഞു. ആസ്‌ക്വയര്‍ ഗാലക്‌സിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

”ചരിത്രത്തിന്റെ ഷൂട്ടിങ്ങില്‍ ഞങ്ങള്‍ ബിയര്‍ കുടിക്കുന്ന ഒരു ഷോട്ട് ഉണ്ട്. ബിയര്‍ കുടിക്കുന്നതില്‍ ഒരു പ്രശ്‌നമുണ്ട്. ബിയര്‍ കുടിക്കുമ്പോള്‍ ഒറിജിനല്‍ ബിയര്‍ കാണിക്കണം. കാരണം പത വരണം. നേരത്തെ ഡ്രിങ്ക്‌സ് എല്ലാം കാണിച്ചത് കട്ടന്‍ ചായവെച്ചാണ്. എന്നാല്‍ ഇപ്പോഴത്തെ സെറ്റില്‍ അത് കൊക്കകോളെയായി.

ലൈറ്റായിട്ട് കട്ടന്‍ ചായ മിക്‌സ് ചെയ്താല്‍ അത് വിസ്‌ക്കിയുടെ കളര്‍ ആകും. കുറച്ച് ഡാര്‍ക്കാക്കിയാല്‍ ബ്രാണ്ടിയുടെ കളര്‍ ആകും. പക്ഷെ ബിയര്‍ കാണിക്കുമ്പോള്‍ അത് ഒറിജിനല്‍ കാണിക്കണം. ഞാന്‍ ചരിത്രത്തിലാണ് മമ്മുക്കയുടെ കൂടെ അഭിനയിക്കുന്നത്. അതുമാത്രമല്ല ആദ്യമായിട്ട് അന്നാണ് അദ്ദേഹത്തെ കാണുന്നതും.

ഞങ്ങള്‍ ബിയര്‍ കുടിച്ച് കൊണ്ട് നിക്കുമ്പോള്‍ മമ്മൂക്ക വരുന്ന ഒരു ഷോട്ടാണ് എടുക്കുന്നത്. ഇത് ഒറിജിനല്‍ ബിയര്‍ ആണോയെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. വര്‍ഷങ്ങളായി ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് ഇതുവരെ എനിക്ക് ഒരു ബിയര്‍ കിട്ടിയിട്ടില്ലെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു.

എന്നോട് എന്റെ എത്രമാത്തെ പടമാണെന്ന് ചോദിച്ചു. എന്റെ രണ്ടാമത്തെ പടമായിരുന്നു. പെട്ടെന്ന് അദ്ദേഹം വിജയേട്ടനെ വിളിച്ചു. ഞങ്ങള്‍ വിചാരിച്ചു അദ്ദേഹം സീരിയസായിട്ട് പറയുന്നതാണെന്ന്. എന്നാല്‍ തമാശ പറയുകയായിരുന്നു.

നിന്റെ ഒക്കെ സമയം കൊണ്ടാണ് നിനക്ക് ഒക്കെ ബിയര്‍, ഞങ്ങള്‍ക്ക് ചായയും കാപ്പിയും ആണ് കലക്കി തരുകയെന്ന് അദ്ദേഹം പറഞ്ഞു. അന്നാണ് അദ്ദേഹവുമായി അടുത്ത് സംസാരിക്കാനുള്ള അവസരം ലഭിക്കുന്നത്. സ്‌നേഹം ഉണ്ടെങ്കിലും ഓപ്പണായി അത് വാരി വിതറി കാണിക്കുന്ന വ്യക്തിയല്ല അദ്ദേഹം,” നന്ദു പറഞ്ഞു.

1989ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചരിത്രം. റഹ്മാന്‍, ശോഭന, ലിസി, ജഗദി ശ്രീകുമാര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. ജി.എസ്. വിജയനാണ് ചിത്രത്തിന്റെ ഡയറക്ടര്‍.

 

content highlight: actor nandalal krishnamoorthy about mammootty