ഷൂട്ടിനിടക്ക് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ തലക്ക് അടിച്ച വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് നടന്‍ നാന പടേക്കര്‍. അനില്‍ ശര്‍മ സംവിധാനം ചെയ്യുന്ന ജേര്‍ണി എന്ന സിനിമയുടെ ചിത്രീകരണം വാരണാസിയില്‍ നടക്കുന്നതിനിടെ സെല്‍ഫിയെടുക്കാന്‍ അടുത്തെത്തിയ ആണ്‍കുട്ടിയെ നാനാ പടേക്കര്‍ തല്ലുകയായിരുന്നു. ആരാധകന്‍ അടുത്തേക്ക് വന്ന് ഫോണ്‍ ഉയര്‍ത്തിയ ഉടനെ തന്നെ നാനാ പടേക്കര്‍ തലക്ക് അടിക്കുകയായിരുന്നു. ഉടന്‍ തന്നെ ബോഡി ഗാര്‍ഡ്സ് ഇയാളെ പിടിച്ച് മാറ്റി കൊണ്ടുപോയി.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ നാനാ പടേക്കറിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. പിന്നാലെ സംഭവത്തില്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നാന പടേക്കര്‍. സിനിമയുടെ ക്രൂവിലുള്ള ആളാണെന്നാണ് താന്‍ കരുതിയതെന്നും ഷൂട്ടിന്റെ ഭാഗമാണെന്ന് ധരിച്ചാണ് അടിച്ചതെന്നും നാനാ പടേക്കര്‍ പറഞ്ഞു.
തെറ്റുപറ്റിയെന്ന് മനസിലാക്കി അയാളെ തിരികെ വിളിച്ചെങ്കിലും ഓടിപ്പോയെന്നും നാനേ പടേക്കര്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ ഖേദ പ്രകടനം.
‘സിനിമയുടെ ക്രൂവിലുള്ള ആരെങ്കിലുമാണെന്നാണ് കരുതിയത്. ഒരാളെ അടിക്കുന്നതായി തിരക്കഥയിലും എഴുതിയിട്ടുണ്ടായിരുന്നു. അതനുസരിച്ച് ആ ചെറുപ്പക്കാരനെ അടിക്കുകയും മാറിനില്‍ക്കാനും പറഞ്ഞു.
പിന്നെയാണ് അയാള്‍ അണിയറ പ്രവര്‍ത്തകരുടെ ഭാഗമല്ലായിരുന്നെന്ന് മനസിലായത്. തെറ്റുപറ്റിയെന്ന് മനസിലാക്കി തിരികെ വിളിച്ചെങ്കിലും അയാള്‍ ഓടിപ്പോയിരുന്നു. അയാളുടെ സുഹൃത്തായിരിക്കണം ആ വീഡിയോ പകര്‍ത്തിയത്.
എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കൂ. ഞാന്‍ ആരെയും തല്ലിയിട്ടില്ല, ഇതുപോലൊന്ന് ചെയ്തിട്ടില്ല. കാശിയിലെ ആളുകളും മറ്റെല്ലാവരും എന്നെ വളരെയധികം സ്നേഹിക്കുന്നു, ഞാന്‍ ഒരിക്കലും ഇത്തരത്തില്‍ ചെയ്യില്ല. ഞങ്ങള്‍ കുട്ടിയെ ഒരുപാട് തിരഞ്ഞു, കാരണം ഒരു തെറ്റും കൂടാതെ അവനെ തല്ലി, പക്ഷേ ഞങ്ങള്‍ക്ക് അവനെ കണ്ടെത്താന്‍ കഴിഞ്ഞില്ല,’ നാനാ പടേക്കര്‍ പറഞ്ഞു.
Content Highlight: Actor Nana Patekar expressed regret after the video of him hitting a fan who tried to take a selfie went viral