2009ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ചിത്രമാണ് ‘പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’. ഈ ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കടന്നുവന്ന നടനാണ് മുസ്തഫ. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ മുസ്തഫ അവതരിപ്പിച്ചിട്ടുണ്ട്.
2020ല്‍ കപ്പേള എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും മുസ്തഫ തന്റെ കയ്യൊപ്പ് പതിപ്പിച്ചിരുന്നു. ആ സിനിമയിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും നേടിയിരുന്നു. 2015ല്‍ ഐന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മുസ്തഫക്ക് ദേശീയ അവാര്‍ഡ് വേദിയില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു.
ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് മുസ്തഫ. പാലേരി മാണിക്യത്തില്‍ താന്‍ അഭിനയിച്ച ഷോട്ട് കണ്ട മമ്മൂട്ടി സ്‌കൂള്‍ ഓഫ് ഡ്രാമയാണോയെന്ന് ചോദിച്ചുവെന്നും നാഷണല്‍ അവാര്‍ഡിന്റെ സമയത്ത് ഫോണില്‍ വിളിച്ചു സംസാരിച്ചുവെന്നും മുസ്തഫ പറയുന്നു. യെസ് 27 മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘സ്‌പോട്ട് എഡിറ്റിന്റെ സമയത്തോ മറ്റോ ആകണം മമ്മൂക്ക ഞാന്‍ പാലേരി മാണിക്യത്തില്‍ അഭിനയിച്ച ഷോട്ട് കണ്ടിരുന്നു. പിന്നീട് എന്നെ കണ്ടപ്പോള്‍ നന്നായിട്ടുണ്ടെന്ന് പറഞ്ഞു. നീ സ്‌കൂള്‍ ഓഫ് ഡ്രാമയാണോയെന്ന് ചോദിച്ചു. അപ്പോള്‍ ഉടനെ ഞാന്‍ അല്ലെന്ന് പറഞ്ഞു.
എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയ സമയത്ത് മമ്മൂക്ക വിളിച്ച് സംസാരിച്ചിരുന്നു. അന്ന് ഫോണില്‍ തുരുതുരാ മെസേജ് വരുന്നുണ്ടായിരുന്നു. സ്മാര്‍ട്ട് ഫോണ്‍ ആയിരുന്നില്ല, ബട്ടണ്‍ ഫോണ്‍ ആയിരുന്നു. അതില്‍ എത്രയോ മെസേജുകള്‍ വന്നു കിടപ്പുണ്ടായിരുന്നു. പലരുടെയും നമ്പര്‍ എനിക്ക് അറിയില്ലായിരുന്നു.
ആ സമയത്താണ് പരിചയമില്ലാത്ത നമ്പറില്‍ നിന്ന് കോള് വന്നത്. ‘ഞാനാണ്, മമ്മൂട്ടിയാണ്’ എന്നായിരുന്നു ആദ്യം പറഞ്ഞത്. എന്താണ് പറയേണ്ടത്, എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത ഒരു അവസ്ഥയിലായിരുന്നു ഞാന്‍. വല്ലാത്ത ഒരു മൊമന്റായിരുന്നു അത്,’ മുസ്തഫ പറഞ്ഞു.
Content Highlight: Actor Musthafa Talks About Mammootty’s Call