|

ബ്ലെസിയേട്ടന്‍ മൂന്നുമണിക്കൂര്‍ ഉപദേശിച്ചു, അദ്ദേഹത്തിന്റെ വാദത്തിന് മുന്നില്‍ എനിക്കു മറുപടിയില്ലായിരുന്നു; മനസുതുറന്ന് മുരളി ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ ഇനി വേണ്ട എന്ന തന്റെ തീരുമാനം മാറിയതിനെ കുറിച്ചും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയെ കുറിച്ചും മനസുതുറക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.

സിനിമ ഇനി വേണ്ട എന്ന് തീരുമാനിച്ച് അഞ്ചു വര്‍ഷത്തോളമായി സിനിമ വിട്ട് ഇരിക്കുന്ന സമയത്ത് തന്റെ അടുക്കല്‍ വന്ന് മണിക്കൂറുകളോളം തന്നെ ഉപദേശിക്കുകയും സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ട ആളല്ല താനെന്ന് പറയുകയും ചെയ്ത സംവിധായകന്‍ ബ്ലെസിയെ കുറിച്ചാണ് മുരളി ഗോപി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

‘2004ല്‍ ഹിന്ദു ദിനപത്രത്തില്‍ ജേണലിസ്റ്റായിരുന്ന കാലത്താണ് ലാല്‍ ജോസിന്റെ ‘രസികന്‍’ സിനിമയുടെ തിരക്കഥ എഴുതുന്നതും അതില്‍ കാള ഭാസ്‌കരന്‍ ആയി അഭിനയിക്കുന്നതും.

നാട്ടിന്‍പുറത്തെ ഗുണ്ട ആയി തുടങ്ങണോ എന്നായിരുന്നു ലാലുവിന്റെ സംശയം. സുന്ദരന്‍ കഥാപാത്രമായി തുടക്കം എന്ന പതിവ് ബ്രേക്ക് ചെയ്യാനുള്ള കുസൃതി ആയിരുന്നു എന്റെ ആ മോഹത്തിനു പിന്നില്‍.

”രസികനു’ ശേഷം ഗള്‍ഫ് പത്രത്തില്‍ സ്‌പോര്‍ട്‌സ് എഡിറ്ററായി പോയി. അമേരിക്കന്‍ ബോക്‌സര്‍ ജോര്‍ജ് ഫോര്‍മാന്‍, ടെന്നീസ് താരം മരിയ ഷറപ്പോവ തുടങ്ങിയവരെയൊക്കെ ആ കാലത്ത് ഇന്റര്‍വ്യൂ ചെയ്യാന്‍ സാധിച്ചു.

മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ രാജ്യാന്തര എക്‌സ്‌പോഷര്‍ ലഭിച്ചത് അക്കാലത്താണ്. പിന്നീട് എം.എസ്.എന്നില്‍ എന്റര്‍ടെയിന്‍മെന്റ് എഡിറ്ററായി നാട്ടിലേക്ക് മടങ്ങി.

പിന്നെ, ബ്ലെസിയേട്ടന്‍ ‘ഭ്രമര’ത്തി ലെ കഥാപാത്രമാകാന്‍ വിളിച്ചപ്പോഴും ‘സിനിമ ഇനി വേണ്ട’ എന്നാണ് മറുപടി പറഞ്ഞത്. നേരില്‍ കാണാന്‍ വന്ന ബ്ലെസിയേട്ടന്‍ മൂന്നുമണിക്കൂര്‍ ഉപദേശിച്ചു.

‘നീ സിനിമയില്‍ നിന്നു മാറി നില്‍ക്കേണ്ട ആളല്ല’ എന്ന അദ്ദേഹത്തിന്റെ വാദത്തിനു മുന്നില്‍ എനിക്കു മറുപടിയില്ലായിരുന്നു. അങ്ങനെ അഞ്ചു വര്‍ഷത്തെ ഇടവേള അവസാനിച്ചു,’ അഭിമുഖത്തില്‍ മുരളി ഗോപി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Murali Gopy About Director Blessy