| Thursday, 11th March 2021, 11:09 am

കലാകാരന്മാര്‍ ഒരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങരുത്: മുരളി ഗോപി പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായാല്‍ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമാകും എന്നാണ് തനിക്ക് തോന്നുന്നതെന്നും ആര്‍ട്ടിസ്റ്റ് ഒരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും നടന്‍ മുരളി ഗോപി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മുരളിയുടെ രാഷ്ട്രീയം എന്താണെന്ന ചോദ്യത്തിനുള്ള ഈ മറുപടി.

‘ഓരോ സിനിമ ഇറങ്ങുമ്പോഴും ഓരോ തരം മുദ്രകുത്തലുകള്‍ ഉണ്ടാകാറുണ്ട്. നമ്മുടെ പല നിരൂപകരും ഈ മുദ്ര കുത്തലുകള്‍ തൊഴിലാക്കിയവരാണ്. എന്നാല്‍ നിരീക്ഷകന്റെ രാഷ്ട്രീയമാണ് എന്റേത്.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായാല്‍ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമാകും എന്നാണ് ചിന്ത. ആര്‍ട്ടിസ്റ്റ് ഒരിക്കലും തെരഞ്ഞെടുപ്പ്  രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

മുന്‍പ് സാമുഹിക വിഷയങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. എന്നാല്‍ നമ്മുടെ പോസ്റ്റുകളുടെ കമന്റ് സെക്ഷന്‍ സ്പര്‍ധയുദ്ധങ്ങളുടെ പോര്‍ക്കളം ആകുന്നത് കണ്ടതോടെ അതു ഗണ്യമായി കുറച്ചു,’മുരളി ഗോപി പറഞ്ഞു.

താന്‍ എഴുതിയതും അഭിനയിച്ചതുമായ സിനിമകളില്‍ മിക്കതും ചര്‍ച്ചയായിട്ടുണ്ടെങ്കിലും വലിയ വിജയം ലൂസിഫറിനാണ് ലഭിച്ചതെന്നും അഭിമുഖത്തില്‍ മുരളി ഗോപി പറയുന്നു.

‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും ‘, ‘ഈ അടുത്ത കാലത്തും’, ‘കാറ്റും’, ‘ടിയാനും’, ‘കമ്മാരസംഭവ’വുമെല്ലാം ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ പലരും പറഞ്ഞത് ‘കാലത്തിനു മുന്‍പേ സഞ്ചരിക്കുന്നതാണ് എന്റെ സിനിമയെന്നാണ്. എന്നാല്‍ എനിക്ക് അത് വേണ്ട. കാലത്തിനൊപ്പം സഞ്ചരിക്കുന്ന പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന സിനിമ ചെയ്യാനാണ് എനിക്ക് താത്പര്യം, അഭിമുഖത്തില്‍ മുരളി ഗോപി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Murali Gopi About his politics

We use cookies to give you the best possible experience. Learn more