| Friday, 12th March 2021, 12:52 pm

നിന്റെ ഉള്ളില്‍ ഒരു നടനുണ്ട്, നിനക്ക് അഭിനയിക്കാന്‍ സാധിക്കും, ആ രംഗം അഭിനയിച്ചു കാണിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു; അനുഭവം പങ്കുവെച്ച് മുരളി ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ താരവും തന്റെ പിതാവുമായ ഭരത് ഗോപിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി.

താന്‍ കണ്ടിട്ടുള്ള ലോകത്തിലെ ഏറ്റവും പ്രഗത്ഭനായ നടന്‍ അച്ഛനാണെന്നും അദ്ദേഹം എന്നും തന്നെ പ്രചോദിപ്പിച്ചിട്ടേയുള്ളൂവെന്നും മുരളി ഗോപി പറയുന്നു.

കുട്ടിക്കാലത്ത് കലാവാസനയ്ക്ക് വേദി കണ്ടെത്താന്‍ ശ്രമിച്ചിട്ടുള്ള ഒരാളല്ല ഞാന്‍. സ്‌കൂളില്‍ വച്ച് ഒരിക്കല്‍ പോലും സ്റ്റേജില്‍ കയറിയിട്ടില്ല. പാട്ട് പാടുന്നതായിരുന്നു കലയുമായുള്ള ബന്ധം, അതും കോളജ് കാലത്ത്.

സിനിമകളില്‍ അച്ഛന്‍ ഹീറോ ആയിരുന്നെങ്കിലും അച്ഛന്റെ ജീവിതത്തിലെ ‘ഹീറോ’ അമ്മ ജയലക്ഷ്മിയാണ്. ‘മദര്‍ ഇന്ത്യ’ എന്നാണ് ഞാന്‍ അമ്മയെ ഇപ്പോഴും വിളിക്കുന്നത്. അച്ഛനു സ്‌ട്രോക് വന്നശേഷം ഞങ്ങളെ താങ്ങി നിര്‍ത്തിയത് അമ്മയുടെ കരുത്താണ്. ഹെല്‍ത്ത് സര്‍വീസില്‍ ഉന്നത ഉദ്യോഗസ്ഥയായിരുന്നു അമ്മ

അഭിനയ മികവ് അച്ഛന്‍ തിരിച്ചറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് അച്ഛനെ സന്തോഷിപ്പിക്കാന്‍ ആവുന്നതൊക്കെ ആ കാലത്ത് ചെയ്യുമായിരുന്നു എന്നായിരുന്നു മുരളി ഗോപിയുടെ മറുപടി. ‘ഒരിക്കല്‍ ഞാനെഴുതിയ ഒരു കഥ അച്ഛന് വായിക്കാന്‍ നല്‍കി. കഥ വായിച്ച അച്ഛന്‍ നിറഞ്ഞ ചിരിയോടെ എന്റെ പുറത്ത് ചെറുതായൊന്നു തട്ടി. അതായിരുന്നു എനിക്കു ലഭിച്ച ആദ്യ അഭിനന്ദനം.

അതിന്റെ പ്രചോദനത്തിലാണ് കഥ 19ാം വയസ്സില്‍ പ്രസിദ്ധീകരിക്കുന്നത്. കേരളത്തില്‍ ഒരു മണിക്കൂര്‍ പവര്‍ കട്ടുള്ള കാലമായിരുന്നു അത്. മെഴുകുതിരി വെട്ടത്തില്‍ ഞങ്ങളെല്ലാം ചുറ്റും കൂടിയിരുന്നു സംസാരിക്കും.

അങ്ങനെ ഒരു ദിവസം അച്ഛന്റെ മുന്നില്‍ ഷേക്‌സ്പിയറിന്റെ ജൂലിയസ് സീസറിന്റെ കഥാപാത്രങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ മാര്‍ക്ക് ആന്റണിയുടെയും ബ്രൂട്ടസിന്റെയും പ്രസംഗം അറിയാമെങ്കില്‍ അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. അച്ഛന്റെ മുന്നില്‍ അഭിനയിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. കുറച്ചു പേടിയോടെ ആണെങ്കിലും ഞാനത് അവതരിപ്പിച്ചു. ‘നിന്റെ ഉള്ളില്‍ ഒരു നടനുണ്ട്. നിനക്ക് അഭിനയിക്കാന്‍ സാധിക്കും.’ എന്നായിരുന്നു അച്ഛന്റെ വാക്കുകള്‍.

Content Highlight: Actor Murali Gopi About His Father Bharat Gopi

We use cookies to give you the best possible experience. Learn more