| Thursday, 5th December 2024, 9:02 pm

ഇന്ന് ബോളിവുഡില്‍ വരെ എത്തിനില്‍ക്കുന്ന ആ സംവിധായകന്‍ എന്റെ സ്റ്റുഡന്റായിരുന്നു: മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സീരിയലില്‍ നിന്ന് സിനിമയിലേക്കെത്തിയ നടനാണ് മുകുന്ദന്‍. ജോഷി സംവിധാനം ചെയ്ത സൈന്യത്തിലൂടെയാണ് മുകുന്ദന്‍ സിനിമയിലേക്കെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളെ മുകുന്ദന്‍ അവതരിപ്പിച്ചു. ദൂരദര്‍ശനിലെ ഏറ്റവും ജനപ്രിയ സീരിയലുകളില്‍ ഒന്നായ ജ്വാലയായില്‍ നായകനായി വേഷമിട്ടത് മുകുന്ദനായിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അധ്യാപകനായും മുകുന്ദന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

താന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളില്‍ പലരും വലിയ നിലയില്‍ എത്തിയിട്ടുണ്ടെന്നും അതിലൊരാള്‍ ഇന്ന് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന സംവിധായകനാണെന്നും മുകുന്ദന്‍ പറഞ്ഞു. ഇതുവരെ ആരോടും ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും ഇപ്പോഴാണ് പറയുന്നതെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു. റോഷന്‍ ആന്‍ഡ്രൂസാണ് ആ സംവിധായകനെന്നും അയാള്‍ നടനാകാന്‍ വേണ്ടിയാണ് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നതെന്നും മുകുന്ദന്‍ പറഞ്ഞു.

അന്നേ അയാളുടെ പൊട്ടന്‍ഷ്യല്‍ തനിക്ക് മനസിലായിട്ടുണ്ടായിരുന്നെന്നും തന്റെ മനസിലുള്ളത് കിട്ടാന്‍ എത്ര തവണ വേണമെങ്കിലും ശ്രമിക്കാന്‍ തയാറായിട്ടുള്ള ആളാണ് റോഷനെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു. അഭിനയത്തെക്കാള്‍ സംവിധാനമാണ് അയാള്‍ക്ക് ചേരുന്നതെന്ന് തനിക്ക് തോന്നിയെന്നും മുകുന്ദന്‍ പറഞ്ഞു. നല്ല അഭിനേതാവാണെന്ന കാര്യത്തില്‍ തനിക്ക് തര്‍ക്കമില്ലെന്നും മുകുന്ദന്‍ പറഞ്ഞു.

ഇക്കാര്യം റോഷന്‍ ആന്‍ഡ്രൂസിനോട് പറഞ്ഞിട്ടുണ്ടെന്നും ആദ്യ സിനിമയുടെ കഥ തന്നോട് പങ്കുവെച്ചിട്ടുണ്ടായിരുന്നെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു. ആദ്യസിനിമയുടെ ആദ്യ ഷോട്ടും അവസാന ഷോട്ടും എടുക്കുന്നതിന് മുമ്പ് റോഷന്‍ തന്നെ വിളിച്ച് സംസാരിച്ചിരുന്നെന്നും അയാളുടെ വളര്‍ച്ചയില്‍ ഒരുപാട് അഭിമാനമുണ്ടെന്നും മുകുന്ദന്‍ പറഞ്ഞു. സെല്ലുല്ലോയ്ഡ് മാഗസിനോട് സംസാരിക്കുകയായിരുന്നു മുകുന്ദന്‍.

‘സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിപ്പിക്കുന്ന സമയത്ത് ഒരുപാട് മികച്ച വിദ്യാര്‍ത്ഥികളെ കാണാന്‍ സാധിച്ചിരുന്നു. പലരും ഇന്ന് വലിയ നിലയിലെത്തിയിട്ടുണ്ട്. അതില്‍ ഒരാള്‍ ഇന്ന് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന സംവിധായകനാണ്. ഇതിന് മുമ്പ് ഒരു അഭിമുഖത്തിലും ഞാന്‍ ഈ കാര്യം പറഞ്ഞിട്ടില്ല. റോഷന്‍ ആന്‍ഡ്രൂസ് എന്റെ സ്റ്റുഡന്റായിരുന്നു. അയാളുടെ പൊട്ടെന്‍ഷ്യല്‍ എനിക്ക് അന്നേ അറിയാമായിരുന്നു.

മനസില്‍ വിചാരിക്കുന്ന കാര്യം കിട്ടാന്‍ വേണ്ടി എത്ര വേണമെങ്കിലും പരിശ്രമിക്കാന്‍ അയാള്‍ തയാറാണ്. ഉദാഹരണത്തിന് സംവിധായകനെന്ന നിലയില്‍ ഉദ്ദേശിക്കുന്ന ഷോട്ട് കിട്ടാന്‍ എത്ര ടേക്ക് പോകേണ്ടി വന്നാലും പുള്ളിക്ക് മടിയില്ല. ആക്ടറാകാന്‍ വേണ്ടിയാണ് റോഷന്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വന്നത്.

പക്ഷേ അഭിനയത്തെക്കാള്‍ സംവിധാനത്തിലാണ് അയാള്‍ക്ക് തിളങ്ങാന്‍ കഴിയുന്നതെന്ന് ഞാന്‍ അയാളോട് പറഞ്ഞു. അത് പുള്ളി സീരിയസായി എടുത്തു. ആദ്യ സിനിമയുടെ കഥ എന്നോടും പറഞ്ഞിരുന്നു. ഫസ്റ്റ് പടത്തിന്റെ ഫസ്റ്റ് ഷോട്ട് എടുക്കുന്നതിന് മുമ്പ് എന്നെ വിളിച്ച് സംസാരിച്ചിരുന്നു. ഇന്ന് ബോളിവുഡില്‍ വരെ സിനിമ ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്,’ മുകുന്ദന്‍ പറയുന്നു.

Content Highlight: Actor Mukundan says that director Roshan Andrews was his student

We use cookies to give you the best possible experience. Learn more