മലയാളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ട്രോളി നടനും എം.എല്‍.എയുമായ മുകേഷ് രംഗത്ത്. ഓ മൈ ഡാര്‍ലിങ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. ഇവിടെ ഞാനിപ്പോള്‍ മഹാത്മാ ഗാന്ധിയെക്കുറിച്ചൊക്കെ പറഞ്ഞിട്ടുണ്ട്, അതൊക്കെ വെട്ടിനുറുക്കി ഞാന്‍ ഗാന്ധിയെ എന്തോ ചെയ്‌തെന്നൊക്കെ പറഞ്ഞ് കളയരുതെന്ന് മുകേഷ് പറഞ്ഞു.
ചിത്രത്തിന്റെ നിര്‍മ്മാതാവ് മനോജുമായുള്ള പരിചയവും, ചിത്രത്തിന് ഡേറ്റ് നല്‍കാനുണ്ടായ സാഹചര്യത്തെക്കുറിച്ചുമൊക്കെ ചടങ്ങില്‍ മുകേഷ് സംസാരിച്ചു.
മനോജുമായി നടത്തിയ ഉഗാണ്ടന്‍ യാത്രക്കിടെ നൈല്‍ നദിയുടെ ഉത്ഭവസ്ഥലം കാണാന്‍ പോയതും, തിരിച്ച് വരുന്ന വഴിയില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ നില്‍ക്കുന്ന സ്ഥലം സന്ദര്‍ശിച്ചതുമൊക്കെ അദ്ദേഹം ഓര്‍ത്തെടുത്തു. ഒരു ഇന്ത്യാക്കാരനായതില്‍ തനിക്കേറെ അഭിമാനം തോന്നിയ നിമിഷമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാനും മനോജും നൈല്‍ നദിയുടെ ഉത്ഭവം കണ്ട്, തിരിച്ച് കാറിന് അടുത്തേക്ക് വരുന്ന സമയത്ത് കുറച്ച് ആളുകള്‍ മറ്റൊരു സ്ഥലത്തേക്ക് നടന്ന് പോവുന്നത് കണ്ടു. എന്തായാലും ഇവിടെ വരെ വന്നതല്ലേ, അതും കൂടെ അങ്ങ് കണ്ട് കളയാം എന്നും പറഞ്ഞ് ഞാനും മനോജും അവിടേക്ക് പോയി.
അവിടെ ചെന്നപ്പോള്‍ ഒരു ഇന്ത്യാക്കാരനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ അഭിമാനം തോന്നിയ കാഴ്ച്ചയാണ് എനിക്ക് കാണാന്‍ പറ്റിയത്. ലോകത്ത് നിന്നാകെ വന്ന നൂറ് കണക്കിനാളുകള്‍ ഒരു പ്രതിമയില്‍ പുഷ്പം അര്‍പ്പിക്കുന്നു. ഏത് പ്രതിമയാണെന്ന് ചോദിച്ചാല്‍ നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമയായിരുന്നു അത്,’ അദ്ദേഹം പറഞ്ഞു.
ശേഷം സിനിമയുടെ വിശേഷങ്ങളും കൂടെ പങ്ക് വെച്ച താരം പ്രസംഗം അവസാനിപ്പിക്കുന്നതിനിടയിലാണ് മാധ്യമങ്ങളെ ട്രോളി സംസാരിച്ചത്.
‘ഞാനിപ്പോള്‍ പറഞ്ഞ കാര്യങ്ങളില്‍ മഹാത്മാഗാന്ധിയൊക്കെ ഉണ്ട് കേട്ടോ, ഇനി അതും വെട്ടി നുറുക്കി ഞാന്‍ ഗാന്ധിയെ അങ്ങനെ ചെയ്തു, അത് പറഞ്ഞു, എന്നൊന്നും പറഞ്ഞ് കളയരുത് എല്ലാം കൃത്യമായിട്ട് തന്നെ ചെയ്യണം,’ മുകേഷ് പറഞ്ഞു
മലയാളത്തില്‍ ബാലതാരമായി വന്ന അനിഘ സുരേന്ദ്രന്‍ ആദ്യമായി നായികയായെത്തുന്ന ചിത്രമാണ് ഓ മൈ ഡാര്‍ലിങ്. ആല്‍ഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെല്‍വിന്‍, മുകേഷ്, മഞ്ജു പിള്ള, ഫുക്രു എന്നിവര്‍ പ്രഥാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന
ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.
Content Highlight: Actor Mukesh trolling online news channels