| Thursday, 30th November 2023, 9:41 pm

അന്ന് ചായ കുടിക്കുമ്പോള്‍ മമ്മൂട്ടി തട്ടിമാറ്റി; വാക്കുതന്നതാണെന്ന് പറഞ്ഞ് കട്ടന്‍ചായ കുടിപ്പിച്ചു: മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മുകേഷ്. താന്‍ മോഹന്‍ലാല്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് മമ്മൂട്ടി സിനിമയുടെ ലൊക്കേഷനിലേക്ക് പോയപ്പോളുണ്ടായ ഒരു അനുഭവത്തെ കുറിച്ച് പറയുകയാണ് താരം. തന്റെ യൂട്യൂബ് ചാനലായ മുകേഷ് സ്പീക്കിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മോഹന്‍ലാലിന്റെ കൂടെ നില്‍ക്കുമ്പോള്‍ അവിടെ ഭയങ്കര ഭക്ഷണമാണ്. പുള്ളി പല സ്ഥലങ്ങളില്‍ നിന്നും കഴിക്കാനുള്ള സാധനങ്ങള്‍ വാങ്ങി കൊണ്ടുവരും. ബിരിയാണികളും ചിക്കന്‍ കറിയുമൊക്കെയാകും അത്.

അങ്ങനെ ഏകദേശം പത്തിരുപത് ദിവസം കൊണ്ട് ഞാന്‍ ഒരു നാലഞ്ചു കിലോയൊക്കെ കൂടും. മറ്റുള്ളവര്‍ക്ക് ഞാന്‍ അത്രയും ഭാരം കൂടിയത് മനസിലാകില്ലെങ്കിലും എനിക്ക് മനസിലാകുമായിരുന്നു.

ഞാന്‍ ചെറുതായി തടിച്ച് കവിളൊക്കെ ചാടിയിട്ടുണ്ടാകും. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഞാന്‍ ഒരിക്കല്‍ മോഹന്‍ലാലിന്റെ കൂടെയുള്ള സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് മമ്മൂട്ടിയുടെ അടുത്തേക്ക് പോകുന്നത്.

അവിടെ ചെന്ന് കഴിഞ്ഞാല്‍ മമ്മൂട്ടിയുടെ പരിശോധനയുണ്ടായിരുന്നു. ‘കൊണ്ട് കളഞ്ഞല്ലോടെ, അവന്റെ കൂടെ കൂടിയപ്പോഴേ അവന്‍ നിന്റെ ഫിഗര്‍ മാറ്റുമെന്ന് എനിക്ക് അറിയാമായിരുന്നു,’ എന്ന് മമ്മൂട്ടി പറഞ്ഞു.

അത്ര മാറ്റമൊന്നും വന്നിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ ‘നിനക്കെന്തറിയാം, എനിക്കറിയാലോ. നിന്റെ ഫിഗറ് മാറി. ഇതൊക്കെ ഫാറ്റാണ്. ആ മോഹന്‍ലാലിന് അതൊന്നും മനസിലാവില്ല,’ എന്നാണ് മമ്മൂട്ടി പറഞ്ഞത്.

പിന്നെ എന്നോട് അവിടെ എത്ര ദിവസമുണ്ടാകുമെന്ന് ചോദിച്ചു. പത്തിരുപത്തിയഞ്ചു ദിവസം ഉണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ ‘ആഹ്, ഇരുപത്തിയഞ്ചു ദിവസം ഉണ്ടല്ലോ. അപ്പോഴേക്കും നിന്നെ ഹിന്ദി നടനാക്കി മാറ്റും ഞാന്‍,’ എന്ന് പറഞ്ഞു.

തെലുങ്ക് നടനായാല്‍ പോരേയെന്ന് ചോദിച്ചപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞു. ‘നീ എന്റെ കൂടെ നിന്നാല്‍ മതി. കുറച്ച് ദിവസം നീ ഒന്നും അറിയണ്ട. വലിയ ഹിമാലയന്‍ ടാസ്‌ക് ഒന്നുമല്ല അത്. കൂടെ നിന്ന് ഞാന്‍ ചെയ്യുന്നത് പോലെ ചെയ്താല്‍ മതി,’ എന്നും മമ്മൂട്ടി പറഞ്ഞു.

ഹിന്ദിയില്‍ അവസരം വാങ്ങി തരുന്ന കാര്യം ചോദിച്ചപ്പോള്‍ അതിന് റെക്കമെന്റ് ചെയ്യേണ്ട ആവശ്യമില്ല. നിന്നെ കണ്ടാല്‍ ഹിന്ദിക്കാര്‍ വരുമെന്നാണ് പറഞ്ഞത്.

അന്ന് ഒരു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ പ്രൊഡക്ഷന്‍ ബോയിയോട് ഒരു ചായ കൊണ്ടുവരാന്‍ പറഞ്ഞു. അവന്‍ പോയി എനിക്കുള്ള ചായ കൊണ്ടുവന്നു.

ഞാന്‍ ചായ കുടിക്കാന്‍ തുടങ്ങിയതും പിന്നില്‍ നിന്ന് ആരോ വന്ന് ആ ചായ തട്ടിമാറ്റി. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ മമ്മൂക്കയാണ്. ഇതാണോ നീ അരമണിക്കൂര്‍ മുമ്പ് ഞാന്‍ പറയുന്നത് പോലെ ചെയ്യാമെന്ന് പറഞ്ഞതെന്ന് ചോദിച്ചു.

ചായയല്ലേ അതെന്ന് ചോദിച്ചപ്പോള്‍, പാല്‍ ഒഴിച്ച ചായ കുടിക്കരുതെന്നും അത്യാവശ്യമാണെങ്കില്‍ കട്ടന്‍ചായ കുടിക്കാനും പറഞ്ഞു. അതും മധുരം ഇടാതെ.

മധുരം ഇടാതെ കട്ടന്‍ ചായ എങ്ങനെ കുടിക്കുമെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ മധുരം ഇട്ട് കുടിക്കുന്നത് കണ്ടിട്ടുണ്ടോ എന്നാണ് മമ്മൂട്ടി ചോദിച്ചത്. വാക്ക് തന്നതാണെന്നും പറഞ്ഞ് എന്നെ കൊണ്ട് അന്ന് കട്ടന്‍ചായ കുടിപ്പിച്ചു,’ മുകേഷ് പറഞ്ഞു.


Content Highlight: Actor Mukesh Talks About Mammootty

We use cookies to give you the best possible experience. Learn more