| Friday, 1st December 2023, 12:22 pm

മമ്മൂട്ടി എന്നെ ഹിന്ദി നടനാക്കുമെന്ന് പറഞ്ഞപ്പോള്‍ ഇത്രയും വലിയ പാരയാകുമെന്ന് അറിഞ്ഞില്ല: മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മുകേഷ്. അദ്ദേഹത്തിന്റേതായി ഏറ്റവും പുതുതായി പുറത്തിറങ്ങിയ സിനിമയാണ് ഫിലിപ്പ്‌സ്. മുകേഷിന്റെ മുന്നൂറാമത്തെ സിനിമയാണ് ഇത്.

ഇപ്പോള്‍ മമ്മൂട്ടിയോടൊപ്പമുള്ള തന്റെ ഒരു അനുഭവം പങ്കുവെക്കുകയാണ് താരം. മുകേഷ് സ്പീക്കിങ് എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കുമ്പോള്‍ ലൊക്കേഷനില്‍ ഭയങ്കര ഭക്ഷണമാകും. പുള്ളി പല സ്ഥലങ്ങളില്‍ നിന്നും കഴിക്കാനുള്ള സാധനങ്ങള്‍ വാങ്ങി കൊണ്ടുവരും.

ഏകദേശം പത്തിരുപതു ദിവസം കൊണ്ട് ഞാന്‍ ഒരു നാലഞ്ചു കിലോയൊക്കെ കൂടും. മറ്റുള്ളവര്‍ക്ക് ഞാന്‍ അത്രയും ഭാരം കൂടിയത് മനസിലാകില്ലെങ്കിലും എനിക്ക് മനസിലാകുമായിരുന്നു.

അങ്ങനെയൊരിക്കല്‍ മോഹന്‍ലാലിന്റെ കൂടെയുള്ള ഷൂട്ടിങ് കഴിഞ്ഞ് ഞാന്‍ മമ്മൂട്ടിയുടെ അടുത്തേക്ക് പോയി. അന്ന് മമ്മൂട്ടി പറഞ്ഞത്, ‘കൊണ്ടുകളഞ്ഞല്ലോടെ. അവന്റെ കൂടെ കൂടിയപ്പോഴേ ഇരുപത്തിയഞ്ച് ദിവസം കൊണ്ട് നിന്റെ ഫിഗര്‍ മാറ്റുമെന്ന് എനിക്ക് അറിയാമായിരുന്നു,’ എന്നാണ്.

ഞാന്‍ പത്തിരുപത്തിയഞ്ച് ദിവസം മമ്മൂട്ടിയുടെ സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ ‘ആഹ്, ഇരുപത്തിയഞ്ച് ദിവസം ഉണ്ടല്ലോ. അപ്പോഴേക്കും നിന്നെ ഹിന്ദി നടനാക്കി മാറ്റും ഞാന്‍,’ എന്നാണ് മമ്മൂട്ടി പറഞ്ഞത്.

തെലുങ്ക് പോരേയെന്ന് ചോദിച്ചപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞു. ‘നീ എന്റെ കൂടെ നിന്നാല്‍ മതി. കുറച്ച് ദിവസം നീ ഒന്നും അറിയണ്ട. വലിയ ഹിമാലയന്‍ ടാസ്‌ക് ഒന്നുമല്ല അത്. കൂടെ നിന്ന് ഞാന്‍ ചെയ്യുന്നത് പോലെ ചെയ്താല്‍ മതി,’ എന്നും പറഞ്ഞു.

ഒരു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ പ്രൊഡക്ഷന്‍ ബോയിയോട് ഒരു ചായ കൊണ്ടുവരാന്‍ പറഞ്ഞു. അടിച്ചെടുത്ത് പത വന്ന നല്ല ഗംഭീരം ചായ ആയിരിക്കണമെന്നും അല്ലാതെ തണുത്തതല്ലെന്നും പറഞ്ഞപ്പോള്‍ ചേട്ടന്റെ ചായ എനിക്കറിയാമെന്ന് പറഞ്ഞ് അവന്‍ എനിക്കുള്ള ചായ കൊണ്ടുവന്നു.

ഞാന്‍ ചായ കുടിക്കാന്‍ പോയപ്പോള്‍ പിന്നില്‍ നിന്ന് ആരോ വന്ന് ആ ചായ തട്ടിമാറ്റി. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ മമ്മൂക്കയാണ്. ഇതാണോ നീ അരമണിക്കൂര്‍ മുമ്പ് ഞാന്‍ പറഞ്ഞത് പോലെ ചെയ്യാമെന്ന് പറഞ്ഞതെന്ന് ചോദിച്ചു.

ഒരു ചായയല്ലേ അതെന്ന് ചോദിച്ചപ്പോള്‍ പാല്‍ ഒഴിച്ച ചായ കുടിക്കരുതെന്നും അത്യാവശ്യമാണെങ്കില്‍ കട്ടന്‍ചായ കുടിച്ചോളാനും പറഞ്ഞു. അതും മധുരം ഇടാതെ.

മധുരം ഇടാതെ കട്ടന്‍ ചായ എങ്ങനെ കുടിക്കുമെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ മധുരം ഇട്ട് കുടിക്കുന്നത് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. വാക്ക് തന്നതാണെന്നും പറഞ്ഞ് പ്രൊഡക്ഷന്‍ ബോയിയോട് എനിക്ക് മധുരം ഇടാതെ കട്ടന്‍ചായ കൊണ്ടുതരാന്‍ പറഞ്ഞു.

അപ്പോള്‍ തന്നെ ഇത് വലിയ പാരയാകാന്‍ സാധ്യതയുണ്ടെന്ന് എനിക്ക് മനസിലായി. ആ സമയത്താണെങ്കില്‍ ഹിന്ദി സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറയുകയും ചെയ്തു. ചായ കൊണ്ടുവന്നപ്പോള്‍ ഞാന്‍ കുടിച്ചു തുടങ്ങി.

ആകെ ഒരു വാട്ടവെള്ളം പോലെയുണ്ടായിരുന്നു. ഇന്നാണെങ്കില്‍ എനിക്ക് മധുരം ഇടാത്ത ചായ കുടിക്കുമ്പോള്‍ പ്രശ്‌നമില്ല. എന്നാല്‍ അന്ന് അങ്ങനെ ആയിരുന്നില്ല.

ഞാന്‍ ചായ കുടിക്കുമ്പോള്‍ മമ്മൂട്ടി പറഞ്ഞത്, ‘കണ്ടോ, ടേസ്റ്റ് കുറച്ച് കുറച്ചായിട്ട് നിനക്ക് ഇഷ്ടപെടും. ഇരുപത്തിയഞ്ച് ദിവസത്തിനകം മോഹന്‍ലാല്‍ നിന്നെ കണ്ടാല്‍ തിരിച്ചറിയില്ല,’ എന്നായിരുന്നു,’ മുകേഷ് പറഞ്ഞു.


Content Highlight: Actor Mukesh Talks About Mammootty

We use cookies to give you the best possible experience. Learn more