| Wednesday, 6th December 2023, 8:14 am

എന്റെ ആ റെക്കോഡ് ഒരു വലിയ സിനിമക്കും തകര്‍ക്കാനാവില്ല: മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1991ല്‍ തിയേറ്ററിലെത്തിയ മലയാളചലച്ചിത്രമാണ് ഗോഡ്ഫാദര്‍. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലെത്തിയ ചിത്രം തുടര്‍ച്ചയായി നാനൂറിലധികം ദിവസങ്ങളില്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ഏക മലയാള സിനിമ കൂടെയാണ്

മുകേഷ്, എന്‍.എന്‍. പിള്ള, കനക, ഫിലോമിന, സിദ്ദീഖ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

തിരുവനന്തപുരത്തെ തിയേറ്ററിലായിരുന്നു ഈ ചിത്രം തുടര്‍ച്ചയായി നാനൂറിലധികം ദിവസങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ആ വര്‍ഷത്തെ ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ചിത്രം നേടി. ഇപ്പോള്‍ സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ഗോഡ്ഫാദര്‍ സിനിമയെ കുറിച്ച് പറയുകയാണ് നടന്‍ മുകേഷ്.

മൂന്നുറ് സിനിമകളില്‍ അഭിനയിച്ചതാണോ അതോ നാനൂറിലധികം ദിവസം തിയേറ്ററില്‍ ഓടിയ അല്ലെങ്കില്‍ ഏറ്റവും അധികം കാലം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട മലയാള സിനിമയുടെ നായകന്‍ ആയതിലാണോ സന്തോഷമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘രണ്ടും ഒരുപോലെ സന്തോഷം തരുന്ന കാര്യമാണ്. പക്ഷേ വ്യക്തിപരമായിട്ട് പറയുകയാണെങ്കില്‍ ഗോഡ്ഫാദറിന്റെ വിജയം കണ്ട് അന്ന് ഞാന്‍ ഒരുപാട് സന്തോഷിച്ചിരുന്നു.

കാര്യം, ഒരു സാധാരണ പടം പോലെ ഓടുമെന്ന് കരുതിയ പടമായിരുന്നു അത്. പക്ഷേ ഒരു ക്രിസ്മസിന് മുന്‍പ് ഇറങ്ങി, ആ ക്രിസ്മസും വിഷുവും ഓണവും താണ്ടി വീണ്ടും ക്രിസ്മസും വിഷുവും താണ്ടി.

അതോടെ ഞങ്ങള്‍ക്ക് ഭയങ്കര അത്ഭുതവും സന്തോഷവും തോന്നി. അന്ന് ഞങ്ങള് കരുതിയിരുന്നത് വേറെ പടം വന്ന് ഇത് മറികടക്കും എന്നായിരുന്നു. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ വിശ്വസിക്കുന്നത് അങ്ങനെ സംഭവിക്കില്ല എന്നാണ്.

ഈ റെക്കോഡ് തകര്‍ക്കാന്‍ ഇനി സാധിക്കില്ല. കാരണം പറ്റേണ്‍ ഒക്കെ മാറി പോയല്ലോ. മുമ്പ് കുറച്ച് തിയേറ്ററില്‍ മാത്രമേ സിനിമ റിലീസ് ഉണ്ടാകുള്ളുവായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല.

എല്ലാ സ്ഥലത്തും റിലീസ് ഉണ്ട്. രണ്ടാഴ്ചയോ മൂന്നു ആഴ്ചയോ കഴിയുമ്പോള്‍ വലിയ പടങ്ങള്‍ പോലും തിയേറ്റര്‍ വിട്ടു പോകും. അന്ന് അങ്ങനെയല്ല. അപ്പോള്‍ അതിനകത്തുള്ള സന്തോഷം വളരെ വലുതാണ്,’ മുകേഷ് പറഞ്ഞു.


Content Highlight: Actor Mukesh Talks About Godfather Movie

We use cookies to give you the best possible experience. Learn more