| Sunday, 15th January 2023, 1:33 pm

'മുകേഷ് മദ്യപിച്ച് മദോന്മത്തനായി കല്യാണ വീട്ടില്‍' എന്നാണ് വാര്‍ത്ത പോയത്: മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ മണിയന്‍പിള്ള രാജുവിന്റെ മകന്റെ കല്യാണത്തിന് പോയപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ മുകേഷ്. കല്യാണ സ്ഥലത്ത് വെച്ച് ചോദ്യങ്ങള്‍ ചോദിക്കാനായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വന്നപ്പോള്‍, അവരെ ഒഴിവാക്കാനായി താന്‍ പറഞ്ഞ കാര്യങ്ങളെ അവര്‍ വളച്ചൊടിച്ചെന്നും മുകേഷ് പറഞ്ഞു.

താന്‍ മദ്യപിച്ച് മദോമത്തനായി നടി കാര്‍ത്തികയോട് മോശമായി പെരുമാറി എന്ന രീതിയിലാണ് വാര്‍ത്തകള്‍ നല്‍കിയതെന്നും പൂര്‍ണമായ വീഡിയോയില്‍ നിന്നും ഭാഗങ്ങള്‍ കട്ട് ചെയ്താണ് പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് മുകേഷ് പ്രതികരിച്ചത്.

‘മണിയന്‍പിള്ള രാജുവിന്റെ മകന്റെ കല്യാണത്തിന് പോയിരുന്നു. തിരുവനന്തപുരത്ത് വെച്ചായിരുന്നു കല്യാണം നടന്നത്. അവിടെ നിന്നും ഭക്ഷണം കഴിച്ച് തിരിച്ചിറങ്ങിയപ്പോള്‍ നമ്മുടെ പഴയ നടി കാര്‍ത്തിക അവിടെ നില്‍ക്കുന്നു. നമ്മുടെ ചുറ്റും ഓണ്‍ലൈന്‍ ചാനലുകാര്‍ നിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ കാര്‍ത്തികയോട് ചോദിച്ചു വെല്ലോം കൊടുത്തോ അവര്‍ക്കെന്ന്.

എല്ലാം കൃത്യമായിട്ട്, സൂക്ഷിച്ച് തന്നെ പറയണമെന്നും ഞാന്‍ കാര്‍ത്തികയോട് പറഞ്ഞു. ഞാന്‍ ഇതൊക്കെ പറയുന്നത് കേട്ടപ്പോള്‍ മീഡിയക്കാരൊക്കെ മൈക്കുമായി എന്റെ അടുത്തേക്ക് വന്നു. നല്ല ഭക്ഷണമാണ്, ഞാന്‍ കഴിച്ചിട്ട് വരുകയാണ്. അത്രയുള്ളു കൂടുതല്‍ ഒന്നും പറയാനില്ല എന്നും മീഡിയക്കാരോട് പറഞ്ഞു.

അത്രയും പറഞ്ഞ് ഞാന്‍ കാറിലേക്ക് പോയി കയറി. തമാശയായിട്ടാണ് ഞാന്‍ ഇതൊക്കെ പറഞ്ഞത്. അല്ലെങ്കില്‍ അവിടെ നിര്‍ത്തി പയ്യന്‍ എങ്ങനെയുണ്ട് തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ വരും. അങ്ങനെ ഞാന്‍ അങ്ങോട്ട് പോയി. എന്നാല്‍ അവിടെയൊന്നും കാര്യങ്ങള്‍ തീര്‍ന്നില്ല. ‘മദ്യപിച്ച് മദോന്മത്തനായി വിവാഹ സ്ഥലത്ത് നിന്നിറങ്ങുന്ന മുകേഷ് കാര്‍ത്തികയോട്’ എന്നും പറഞ്ഞ് ഈ വീഡിയോയില്‍ നിന്ന് കട്ട് ചെയ്ത് ഭാഗം പുറത്ത് വിട്ടു.

നല്ല ഭക്ഷണം എന്നു മാത്രമാണ് ഞാന്‍ പറഞ്ഞത്. ഇതില്‍ നിന്നുമൊക്കെ എന്താണ് നമ്മള്‍ മനസിലാക്കേണ്ടത്. ശരിക്കും പറഞ്ഞാല്‍ നമ്മള്‍ തകര്‍ന്ന് പോകും. ഒരു കല്യാണത്തിനാണല്ലോ ഞാന്‍ പോയത്. ബാറില്‍ വെച്ചൊന്നുമല്ലല്ലോ കല്യാണം നടക്കുന്നത്,’ മുകേഷ് പറഞ്ഞു.

content highlight: actor mukesh talk against online media

We use cookies to give you the best possible experience. Learn more