അശോകന്‍ തലകുനിച്ച് കരഞ്ഞുകൊണ്ട് നടന്നു, അവര്‍ തിരിച്ചറിഞ്ഞതായിരുന്നു അദ്ദേഹത്തെ വേദനിപ്പിച്ചത്: മുകേഷ്
Entertainment news
അശോകന്‍ തലകുനിച്ച് കരഞ്ഞുകൊണ്ട് നടന്നു, അവര്‍ തിരിച്ചറിഞ്ഞതായിരുന്നു അദ്ദേഹത്തെ വേദനിപ്പിച്ചത്: മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th February 2023, 1:32 pm

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്‍ അശോകനെ ഗള്‍ഫ് പൊലീസ് അറസ്റ്റ് ചെയ്തതിനെ കുറിച്ച് പറയുകയാണ് നടന്‍ മുകേഷ്. ചില തെറ്റിദ്ധാരണകളുടെ പുറത്ത് മയക്കുമരുന്ന് കേസിലാണ് അശോകനെ അറസ്റ്റ് ചെയ്തതെന്നും പിന്നീട് സ്ത്യാവസ്ഥ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് പുറത്തിറങ്ങിയതെന്നും മുകേഷ് പറഞ്ഞു.

പ്രണാമം സിനിമയില്‍ കഞ്ചാവ് ഉപയോഗിക്കുന്ന ഫോട്ടോ കാണിച്ച് മലയാളികളാരോ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മുകേഷ് സ്പീക്കിങ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘അക്കാലത്ത് ഗള്‍ഫ് സിനിമാക്കാര്‍ക്ക് പോലും റീച്ചബിളല്ലാത്ത കാലമാണ്. നാട്ടിലുള്ളവരൊക്കെ ഗള്‍ഫില്‍ പോവാന്‍ വേണ്ടി ചക്ര ശ്വാസം വലിക്കുകയാണ്. പക്ഷെ അശോകന്‍ ഗള്‍ഫില്‍ പോവും. കാരണം അശോകന്റെ ഒന്ന് രണ്ട് ചേട്ടന്മാര്‍ അവിടെ ജോലിയും ബിസിനസുമൊക്കെയായിട്ടുണ്ട്.

അശോകന്‍ സിനിമാ ഷൂട്ടിനിടെ ഗ്യാപ്പ് വരുമ്പോള്‍ ചേട്ടന്മാരുടെ അടുത്ത് പോവും. അങ്ങനെയൊരു പ്രാവശ്യം അശോകന്‍ ഗള്‍ഫില്‍ പോയി. അവിടെ റൂമിലിരിക്കുകയായിരുന്നു, പെട്ടെന്ന് കതകിലൊരു തട്ട്. തുറന്ന് നോക്കുമ്പോള്‍ ദുബായ് പൊലീസാണ്. എന്താണ് പ്രശ്‌നമെന്ന് അശോകന്‍ ചോദിച്ചു, മാറി നില്‍ക്കാന്‍ അവര്‍ അശോകനോട് പറഞ്ഞു.

പൊലീസ് തലയിണ കീറി വരെ തെരച്ചില്‍ നടത്തി. അശോകന് ഒന്നും മനസിലായില്ല. അവസാനം യു ആര്‍ അണ്ടര്‍ അറസ്റ്റെന്ന് പൊലീസ് അശോകനോട് പറഞ്ഞു. ചേട്ടന്മാര്‍ ജോലി കഴിഞ്ഞ് വന്നിട്ടില്ല. അവിടെയാെന്നും മലയാളികളെയും കാണാനില്ല. നേരെ അശോകനെ ഒരു ജീപ്പില്‍ കയറ്റി സെല്ലിലേക്ക് കൊണ്ട് പോയി.

പല സെല്ലുകളിലും പല രാജ്യക്കാരാണ് കിടക്കുന്നത്. അതിനകത്ത് നിന്നും ഒരാള്‍ വിളിച്ച് പറഞ്ഞു, അശോകനല്ലേ ആ പോവുന്നതെന്ന്. അത് കൂടെയായപ്പോള്‍ അശോകന്‍ തളര്‍ന്നു, തല കുമ്പിട്ടു. ആരെയും അറിയിക്കാന്‍ പറ്റുന്നില്ല, ഫോണ്‍ വിളിക്കാന്‍ പറ്റില്ല. അശോകന്‍ അവിടെയിരുന്ന് കരഞ്ഞു.

വിവരമറിഞ്ഞ് ചേട്ടന്മാര്‍ വന്നു. വക്കീലിനെയും സംഘടിപ്പിച്ചാണ് അവര്‍ വന്നത്. എന്നാല്‍ അകത്തോട്ട് പോവാന്‍ പറ്റിയില്ല. മയക്കുമരുന്ന് കള്ളക്കടത്ത് കേസിലാണ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്നെന്നൊക്കെ പറഞ്ഞാല്‍ അവിടെ പുറം ലോകം കാണില്ല. എങ്ങനെ രക്ഷപ്പെടുത്തുമെന്ന് ആലോചിച്ച് അവര്‍ നെട്ടോട്ടമോടുകയാണ്.

പിറ്റേ ദിവസം ദുബായില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ഒരു ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നുണ്ട്. അതിനെയൊരു കച്ചിത്തുരുമ്പാക്കി വക്കീലെടുത്തു. അശോകന്‍ സിനിമയില്‍ മദ്യപിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്യുന്ന ഫോട്ടോസ് കാണിച്ച് കൊടുത്ത് വക്കീല്‍ പെലീസിനോട് പറഞ്ഞു, ഇയാള്‍ നടനാണെന്നും അതിന്റെ ഭാഗമായി അഭിനയിക്കുന്നതാണെന്നും.

പ്രണാമം എന്ന സിനിമയില്‍ അശോകന്‍ അഭിനയിക്കുന്ന റോളാണത്. അതിന്റെ സ്റ്റില്‍സായിരുന്നു പൊലീസുകാര്‍ ആദ്യം കണ്ടത്. അത് മലയാളി സുഹൃത്തുക്കളോ മറ്റോ വെട്ടിക്കൊടുത്ത്, ഇദ്ദേഹം വലിയ ഡ്രഗ് ഡീലറാണെന്ന് പറയുകയായിരുന്നു. ഫോട്ടോ കണ്ട് ബോധ്യപ്പെട്ടപ്പോള്‍ അവര്‍ അശോകനോട് സോറി പറഞ്ഞു,’ മുകേഷ് പറഞ്ഞു.

content highlight: actor mukesh share memories with ashokan