| Sunday, 2nd April 2023, 11:38 am

തനിക്ക് കിട്ടിയില്ലെങ്കിലും മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് കിട്ടരുതേയെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു: മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ അനശ്വര നടന്‍ ഇന്നസെന്റ് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. അദ്ദേഹത്തിനൊപ്പമുള്ള രസകരമായ ചില നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് നടന്‍ മുകേഷ്. നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള താരങ്ങളാണ് ഇരുവരും.

മമ്മൂട്ടി, ഇന്നസെന്റ്, അമിതാഭ് ബച്ചന്‍ എന്നിവര്‍ ദേശീയ പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ട സമയത്ത് തനിക്ക് കിട്ടിയില്ലെങ്കിലും മമ്മൂട്ടിക്ക് കിട്ടാതിരുന്നാല്‍ മതിയെന്ന് ഇന്നസെന്റ് പ്രാര്‍ത്ഥിച്ചിരുന്നു എന്ന് പറയുകയാണ് മുകേഷ്. പലരും ഇത്തരം കാര്യങ്ങള്‍ മനസില്‍ തോന്നിയാലും തുറന്ന് പറയില്ലെന്നും എന്നാല്‍ ഇന്നസെന്റ് അങ്ങനെയല്ലെന്നും ദേശാഭിമാനിയില്‍ മുകേഷ് എഴുതി.

‘ഇന്നസെന്റേട്ടന്‍ അഭിനയിച്ച പത്താം നിലയിലെ തീവണ്ടിക്ക് അവാര്‍ഡ് കിട്ടുമെന്ന് വിചാരിച്ചിരുന്നു. അപ്പോള്‍ ടി.വിയില്‍ സ്‌ക്രോള്‍ വന്നു. അവസാന റൗണ്ടില്‍ ഇന്നസെന്റ്, മമ്മൂട്ടി, അമിതാഭ് ബച്ചന്‍ എന്ന്. അത് കണ്ടപ്പോള്‍ ഇന്നസെന്റേട്ടന്‍ പറഞ്ഞത്, ഞാനപ്പോള്‍ പ്രാര്‍ത്ഥിച്ചെടാ, എനിക്ക് കിട്ടിയില്ലെങ്കിലും മമ്മൂട്ടിക്ക് കിട്ടരുതെന്ന്. അവസാനം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കിട്ടാതെ ബച്ചന് കിട്ടിയപ്പോള്‍ ഞാന്‍ സന്തോഷിച്ചെടാ എന്നും പറഞ്ഞു.

അത് മനുഷ്യന്റെ സ്വഭാവമാണ്. മറച്ചുവെച്ചിട്ട് കാര്യമില്ല. ആര്‍ക്കെങ്കിലും മനസില്‍ തോന്നിയാല്‍ പോലും ഇങ്ങനെ തുറന്ന് പറയുമോ. പക്ഷെ ഇന്നസെന്റ് പറയും. ഒരിക്കല്‍ മമ്മൂട്ടിയെ കുറിച്ച് സണ്‍ഡേ സപ്ലിമെന്റ് എഴുതാന്‍ വേണ്ടി ഒരു പത്രപ്രവര്‍ത്തകന്‍ എന്റെ അടുത്ത് വന്നിരുന്നു. ഞാന്‍ പുള്ളിയോട് പറഞ്ഞു എനിക്ക് കൂടുതലൊന്നും പറയാനില്ലെന്ന്.

ഇത് പറയുമ്പോള്‍ അടുത്ത് ഇന്നസെന്റേട്ടന്‍ നില്‍പ്പുണ്ടായിരുന്നു. പുള്ളി എടുത്ത വായ്ക്ക് പറഞ്ഞു, ഓര്‍മകളൊക്കെ പഴയത് തന്നെ, വേണമെങ്കില്‍ നിങ്ങള്‍ എഴുതിക്കോ, മമ്മൂട്ടി വലിയ നടനാണ് പക്ഷെ ഞാനെടുക്കുന്ന റോള്‍ മമ്മൂട്ടിക്ക് പറ്റില്ല. മമ്മൂട്ടിയെടുക്കുന്ന റോള്‍ എനിക്കും പറ്റില്ല.

അടുത്ത് നിന്നവര്‍ക്ക് അത്ഭുതമായി പോയി. നമ്മളൊക്കെ മനുഷ്യരാണ്, മനസില്‍ തോന്നുന്നത് വെട്ടിത്തുറന്ന് പറയണം. അതില്‍ എന്താണ് തെറ്റ്. ഇതാണ് ഇന്നസെന്റ് സിഗ്നേച്ചര്‍,’ മുകേഷ് പറഞ്ഞു.

content highlight: actor mukesh share memories of innocent

We use cookies to give you the best possible experience. Learn more