നടന്‍ ജഗദീഷുമൊത്തുള്ള ഒരു രസകരമായ അനുഭവം പങ്കുവെക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തും നടനുമായ മുകേഷ്. ജഗദീഷിന്റെ വീടുപണി നടക്കുന്ന സമയത്തുള്ള ഒരു സംഭവമാണ് മുകേഷ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
വീടുപണിയുടെ ടെന്‍ഷനിലായിരുന്ന ജഗദീഷ് കിട്ടാവുന്നിടത്തുനിന്നെല്ലാം പണം വാങ്ങുന്നുണ്ടായിരുന്നെന്നും ഒരു സ്‌കിറ്റ് അവതരിപ്പിക്കാനായി അഡ്വാന്‍സ് കൈപ്പറ്റിയിരിക്കെ പരിപാടിയുടെ തലേദിവസം ജഗദീഷിന് ശബ്ദം നഷ്ടപ്പെട്ടുപോയതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് മുകേഷ് പറയുന്നത്.
‘ജഗദീഷിന്റെ വീടുപണി നടക്കുന്ന സമയത്തുള്ള ഒരു ഓര്‍മ്മയാണ്. പല സിനിമകളിലും അവന്‍ അഭിനയിക്കുന്നുണ്ട്. കിട്ടാനുള്ള പണമെല്ലാം ആളുകളില്‍ നിന്നും ചോദിച്ചുവാങ്ങുന്നുണ്ട്. വീടുപണി ഗംഭീരമാക്കാന്‍ വേണ്ടി ഓടിനടക്കുന്ന സമയമാണ്. ആയിടക്ക് എന്റെയടുത്ത് വന്നിട്ട് പറഞ്ഞു, ഒരു പ്രോഗ്രാമുണ്ട്. സ്‌കിറ്റാണ് നമ്മള്‍ രണ്ടുപേരുമാണ് ഉള്ളത്. അങ്കമാലിയിലാണ്. വലിയൊരു പ്രോഗ്രാമാണ്. നിനക്കും എനിക്കും കാശ് പറഞ്ഞിട്ടുണ്ട്. എന്റെ വീടുപണി നടക്കുകയാണല്ലോ,
ഞാന്‍ ചോദിച്ചു സ്‌കിറ്റ് മാത്രമാണോ ഉള്ളത്? അതെ അരമണിക്കൂര്‍ ഉള്ള സ്‌കിറ്റാണ്. നീ വിചാരിക്കുന്ന പോലെയല്ല. ഉഗ്രന്‍ പൈസ കിട്ടും. അവര്‍ അഡ്വാന്‍സും തന്നു. പിന്നെ എന്റെ രണ്ടുപാട്ടും കൂടിയുണ്ട്. അങ്ങനെ തലേദിവസം ഞാന്‍ ചെല്ലുമ്പോഴുള്ള കാഴ്ച ഇദ്ദേഹത്തിന് ശബ്ദമില്ല. എന്തൊക്കെയോ ആംഗ്യഭാഷയില്‍ പറയുന്നുണ്ട്.
ഞാന്‍ ചോദിച്ചു. ഇത് വെച്ചുകൊണ്ട് നീ എങ്ങനെ സ്‌കിറ്റ് ചെയ്യും? അവന്‍ എഴുതിവെച്ചിരിക്കുന്നത് നോക്കി എന്തൊക്കെയോ റിഹേഴ്‌സല്‍ ചെയ്യുന്നുണ്ട്. ഞാന്‍ പറഞ്ഞു, ജഗദീഷേ ആയിരക്കണക്കിന് ആളുകള്‍ വരുന്ന പരിപാടിയാണ്. നമ്മള്‍ കാശുവാങ്ങിയാണ് ഇത് ചെയ്യുന്നത്. ഫ്രീ ആയിട്ടാണെങ്കിലും ഒരു ന്യായമുണ്ട്. ഇതുകേട്ടതോടെ ഇവന്‍ എന്നോട് ദേഷ്യപ്പെടുകയാണ്.
അങ്ങനെ ഇവനേയും കൂട്ടി എനിക്ക് അറിയാവുന്ന ഒരു ഇ.എന്‍.ടി സ്‌പെഷ്യലിസ്റ്റിനടുത്ത് കൊണ്ടു ചെന്നു. സൗണ്ട് പോയെന്നും നാളെ പ്രോഗ്രാമാണെന്നും എന്തെങ്കിലും ചെയ്യണമെന്നും പറഞ്ഞു, ഡോക്ടര്‍ പറഞ്ഞു, മുകേഷേ ഇതിന് മെഡിസിനൊന്നുമില്ല മൂന്ന് ദിവസം സൗണ്ടിന് റെസ്റ്റ് കൊടുക്കുക.
നാളെ പ്രോഗ്രാമുണ്ടെന്ന് പറഞ്ഞപ്പോഴും ഡോക്ടര്‍ സമ്മതിക്കുന്നില്ല, മൂന്ന് ദിവസം റെസ്റ്റ് ചെയ്താല്‍ തന്നെയേ ഇത് മാറുള്ളൂവെന്ന് ഉറപ്പിച്ചു പറഞ്ഞു. ജഗദീഷും ഇത് കേട്ടുകൊണ്ടിരിക്കുകയാണ്. ഞാന്‍ പറഞ്ഞു, ഏറ്റവും വലിയ ഡോക്ടറാണ് ഇത്. മരുന്നില്ലെന്നാണ് പറയുന്നത്. നീ തത്ക്കാലത്തേക്ക് മിണ്ടാതിരുന്നോ നമുക്ക് ഇത് ക്യാന്‍സല്‍ ചെയ്യാം.
ഇല്ല വീടുപണി വീടുപണി എന്ന് ഇവന്‍ ആംഗ്യത്തില്‍ പറയുന്നത് കേള്‍ക്കാം. എന്തെങ്കിലുമാകട്ടെ നാളെ ഇത് കാണുമ്പോള്‍ ഭാരവാഹികള്‍ തന്നെ വേണ്ട എന്നു പറയുമല്ലോ എന്ന് ഞാനും കരുതി. അങ്ങനെ പിറ്റേ ദിവസം ചെന്നപ്പോള്‍ ഇവന്‍ മേക്കപ്പ് ഒക്കെ ഇട്ട് ഇരിക്കുകയാണ്. ഞാനും ഇവനും മാത്രമേ സ്‌കിറ്റില്‍ ഉള്ളൂ. വല്ല ചെരിപ്പ് എറിയലോ മറ്റോ ഉണ്ടെങ്കില്‍ രണ്ടുപേരുടെ പേരും പോകും.
അവസാനം ഞാന്‍ ജഗദീഷിനോട് പറഞ്ഞു, എടാ ആ കാശ് ഞാന്‍ തന്നേക്കാം. നമുക്ക് പിന്‍വാങ്ങാം. ഇവന്‍ കേള്‍ക്കുന്ന ലക്ഷണമില്ല. എന്നോട് ആംഗ്യത്തില്‍ എന്തൊക്കെയോ കാണിച്ച് അവന്‍ സ്റ്റേജിലോട്ട് കയറി. പിറകെയാണ് ഞാന്‍ ചെല്ലേണ്ടത്.
അങ്ങനെ ഇവന്‍ ആദ്യത്തെ രണ്ട് ഡയലോഗ് പറഞ്ഞു, വല്യ കുഴപ്പമൊന്നും കാണുന്നില്ല. അത്യാവശ്യം ആള്‍ക്കാര്‍ക്ക് മനസിലാകുന്നുണ്ട്. തൊണ്ടയ്ക്ക് ഇങ്ങനെയൊരു പ്രശ്‌നമുണ്ട് എന്ന് മനസിലാകുന്നില്ല. അങ്ങനെ അത്രയ്ക്കും പെര്‍ഫക്ടായി സ്‌കിറ്റ് തീര്‍ത്തു. അവര്‍ ബാക്കി കാശ് തന്നു.
ഞാന്‍ ഡോക്ടറെ വിളിച്ച് പറഞ്ഞു, ഡോക്ടറെ അവന്‍ സ്‌കിറ്റ് മുഴുവന്‍ ചെയ്തു. തൊണ്ടയ്ക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്തായാലും അന്നത്തോടെ ഫേമസ് ആയ ഒരു ടൈറ്റില്‍ വന്നു. ശാസ്ത്രം തോറ്റു, ആക്രാന്തം ജയിച്ചു. വീടുപണി വന്ന് കഴിഞ്ഞാല്‍ ശാസ്ത്രമൊക്കെ തോറ്റ് തൊപ്പിയിട്ടുപോകും,’ മുകേഷ് ചിരിയോടെ പറഞ്ഞുനിര്‍ത്തി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക