|

പിണങ്ങിയാലും സാരമില്ല പണം നല്‍കണമെന്ന് ശ്രീനി; ഭാര്യയ്ക്ക് വാക്കുകൊടുത്തുപോയി പ്രതിഫലം വാങ്ങില്ലെന്ന് മമ്മൂക്ക, ഓര്‍മ്മകള്‍ പങ്കുവെച്ച് മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗഹൃദങ്ങളുടെ കഥ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ച സിനിമയാണ് കഥ പറയുമ്പോള്‍. ശ്രീനിവാസന്‍-മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

എം. മോഹനന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് മുകേഷും ശ്രീനിവാസനും ചേര്‍ന്നാണ്. ചിത്രത്തില്‍ അഭിനയിച്ചതിന് മമ്മൂട്ടി പ്രതിഫലം വാങ്ങിയിട്ടില്ലെന്നും അതിന് അദ്ദേഹം പറഞ്ഞ കാരണവും പറയുകയാണ് മുകേഷ്. കുറച്ച് വര്‍ഷം മുമ്പ് കൈരളി ടിവിയിലെ ജെ.ബി. ജംഗ്ഷന്‍ പരിപാടിക്കിടെയായിരുന്നു മുകേഷ് മനസ്സു തുറന്നത്.

കഥ പറയുമ്പോള്‍ എന്ന ചിത്രം ഞങ്ങള്‍ നിര്‍മ്മിക്കുമെന്ന് കരുതിയിരുന്നില്ല. ഇതൊരു സൗഹൃദത്തിന്റെ കഥയാണ്. മമ്മൂക്കയ്ക്കും കഥ വളരെ ഇഷ്ടമായി. അപ്പോള്‍ നമുക്ക് തന്നെ നിര്‍മ്മിച്ചുകൂടെയെന്ന് ഞാന്‍ ശ്രീനിയോട് ചോദിച്ചു.

ലാഭമൊന്നും നോക്കാതെ നമുക്ക് നിര്‍മ്മിച്ചാലോയെന്ന് ശ്രീനിയോട് ചോദിച്ചു. അങ്ങനെയാണെങ്കില്‍ നമ്മുടെ ഒരു രൂപ ചെലവാക്കാന്‍ പാടില്ലെന്ന് ഉറപ്പ് നല്‍കണമെന്ന് ശ്രീനി എന്നോട് പറഞ്ഞു.

ചിത്രത്തില്‍ അഭിനയിച്ചതിന് മമ്മൂക്ക പ്രതിഫലം വാങ്ങിയിട്ടില്ല. അവസാനം നിമിഷം വരെ ഞങ്ങള്‍ നിര്‍ബന്ധിച്ചു. വേണ്ട, എനിക്ക് നിങ്ങള്‍ പ്രതിഫലം തരരുത് എന്ന് മമ്മൂക്ക പറഞ്ഞു. പക്ഷെ പിന്നീട് ഞാനും ശ്രീനിവാസനും കൂടി അദ്ദേഹത്തിന് പണം കൊടുക്കാന്‍ തന്നെ തീരുമാനിച്ചു.

എന്നിട്ട് അദ്ദേഹം ഡബ്ബിംഗ് തിയേറ്ററില്‍ എത്തിയ സമയത്ത് ഈ ആവശ്യവുമായി അദ്ദേഹത്തോട് സംസാരിച്ചു. ഞങ്ങള്‍ക്ക് മനസമാധാനമില്ല ഇത് നിങ്ങള്‍ വാങ്ങിയേ തീരുവെന്ന് മമ്മൂക്കയോട് പറഞ്ഞു. നിങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ് തരുന്നതെന്നും ഞങ്ങള്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം അത് വാങ്ങാന്‍ തയ്യാറായില്ല.

അദ്ദേഹം പിണങ്ങിയാലും കുഴപ്പമില്ല പ്രതിഫലം നല്‍കിയിട്ടേ തിരിച്ചുവരാന്‍ പാടുള്ളുവെന്നായിരുന്നു ശ്രീനി എന്നോട് പറഞ്ഞിരുന്നത്. എന്നാല്‍ എത്ര നിര്‍ബന്ധിച്ചിട്ടും മമ്മൂക്ക പണം വാങ്ങിയില്ല. പകരം അതിന് അദ്ദേഹം ഒരു കാരണം പറയുകയും ചെയ്തു.

ആ സിനിമ കണ്ടിട്ട് എന്റെ ഭാര്യ പറഞ്ഞത്, ഇതില്‍ അശോക് രാജാണ് കഥാപാത്രമെങ്കിലും കേരളത്തിലുള്ള ആള്‍ക്കാര്‍ മമ്മൂട്ടിയായി തന്നെ നിങ്ങളെ കണക്കാക്കും. നിങ്ങള്‍ സൗഹൃദങ്ങള്‍ക്ക് വേണ്ടി എത്രമാത്രം പരിഗണന നല്‍കുന്നയാളാണെന്ന കാര്യം ചിത്രീകരിക്കാന്‍ കോടിക്കണക്കിന് രൂപ മുടക്കി സിനിമയെടുത്താലും ഇതുപോലെയാകണമെന്നില്ല.

അതുകൊണ്ട് തന്നെ ഈ സിനിമയ്ക്ക് വേണ്ടി മുകേഷിന്റെയും ശ്രീനിവാസന്റെയും പക്കല്‍ നിന്ന് പ്രതിഫലം വാങ്ങരുതെന്ന് സുള്‍ഫത്ത് പറഞ്ഞു.  അതുകൊണ്ടാണ് ഞാന്‍ പണം വാങ്ങാത്തത്,’ എന്നായിരുന്നു മമ്മൂട്ടി തങ്ങളോട് പറഞ്ഞതെന്ന് മുകേഷ് പറഞ്ഞു.

അതുകേട്ടപ്പോള്‍ തന്നെ താന്‍ ശ്രീനിയോട് ഇനി അദ്ദേഹത്തെ നിര്‍ബന്ധിക്കേണ്ടെന്ന് പറയുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Actor Mukesh Says  Mammootty Didnt Receive Payment For Film