മലയാള സിനിമയില്‍ കോമഡി കൈകാര്യം ചെയ്യാന്‍ കഴിയുന്ന നായക നടന്മാര്‍ വളരെ കുറവാണ്. എന്നാല്‍ നായകനായോ സഹനടനായോ എത്തിയാലും കോമഡി അതി മനോഹരമായി ചെയ്യാന്‍ സാധിക്കുന്ന നടന്മാരില്‍ ഒരാളാണ് മുകേഷ്.
പലപ്പോഴും നായകന്മാരെ പോലും കടത്തി വെട്ടുന്ന പെര്‍ഫോമന്‍സാണ് മുകേഷ് സിനിമയില്‍ നടത്താറുള്ളത്. ‘ഉടായിപ്പിന് ഒരു മുഖമുണ്ടെങ്കില്‍ അത് മുകേഷിന്റെതാണ്’ എന്നാണ് ആരാധകര്‍ പറയാറുള്ളത്. മലയാളത്തില്‍ മുകേഷിന്റെതായി ഇറങ്ങിയ ചിത്രങ്ങളില്‍ പലതിലെയും സംഭാഷണങ്ങള്‍ ഇപ്പോഴും ഹിറ്റാണ്.
അത്യാവശ്യം തട്ടിപ്പും കള്ളത്തരവും കാണിക്കുന്ന കഥാപാത്രമായി എപ്പേഴൊക്കെ സിനിമയില്‍ എത്തിയിട്ടുണ്ടോ അപ്പോള്‍ ഒക്കെ കഥാപാത്രം ഹിറ്റായിട്ടുണ്ട്. മുകേഷ് അവതരിപ്പിച്ച് ഹിറ്റായ അഞ്ച് ഉടായിപ്പ് കഥാപാത്രങ്ങളും സിനിമകളും നോക്കാം.
മുകേഷിന്റെ കരിയറിലെ തന്നെ ആദ്യത്തെ ഹിറ്റ് കഥാപാത്രമാണ് ഓടരുത് അമ്മാവ ആളറിയാം എന്ന സിനിമയിലെ ഗോപന്‍. മണിയന്‍ പിള്ള രാജുവിന്റെ അച്ച്യുതന്‍ എന്ന കഥാപാത്രത്തിന് സഹായവുമായി എത്തുന്ന അടുത്ത സുഹൃത്തായിട്ടാണ് മുകേഷ് ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രത്തില്‍ അറബിയായി തട്ടിപ്പ് നടത്തുന്ന ശ്രീനിവാസന്റെ അറബി ഡയലോഗ് നെടുമുടി വേണു അവതരിപ്പിച്ച അമ്മാവന്‍ കഥാപാത്രത്തിന് വിവര്‍ത്തനം ചെയ്യുന്ന സീന്‍ ഇന്നും ഹിറ്റാണ്.
2. അക്കരെ നിന്നൊരു മാരന്‍ – പവിത്രന്‍
മേജര്‍ നായരുടെ മകളെ പ്രേമിക്കാന്‍ വേണ്ടി സകല അടവും പയറ്റുന്ന പവിത്രന്‍ എന്ന കോളേജ് പയ്യനായി മുകേഷ് ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ‘കൊല്ലത്തുള്ള എന്റെ ചിറ്റപ്പന്റെ മകളുടെ ഭര്‍ത്താവ് ഇന്നലെ രാവിലെ ചത്തു’ എന്ന ഡയലോഗും പോകുന്ന വഴിക്ക് ബോഡി സ്‌പ്രെ അടിക്കുന്ന സീനും ഇപ്പോഴും ആളുകള്‍ കാണുന്ന സീനുകളാണ്.
3. ബോയിംഗ് ബോയിംഗ് – അനില്‍
വെള്ളിത്തിരയില്‍ ഏറെ ഹിറ്റായ മോഹന്‍ലാല്‍ – മുകേഷ് കൂട്ടുകെട്ടിന് ശക്തമായ തുടക്കം കുറിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. ശ്യാം ആയി മോഹന്‍ലാലും അനിലായി മുകേഷും എത്തുന്നുത്. ഒന്നിലധികം സ്ത്രീകളെ പ്രേമിക്കുന്ന ശ്യാമിന്റെയും അനിലിന്റെയും കോമഡികള്‍ എവര്‍ഗ്രീനാണ്. ‘വസന്തരാവിന്‍ വാതില്‍ തുറന്നുവരും വാടാ മലർ കിളിയെ… ഒന്നു പോടാ മലർ കിളിയെ’ എന്ന മുകേഷിന്‍റെ ഗാനം ഏറെ ചിരിയുണര്‍ത്തുന്നതാണ്.
4. വന്ദനം – പീറ്റര്‍ കളിയിക്കയില്‍
ഡേയ് കളിയിക്കാ എന്ന മോഹന്‍ലാല്‍ അവതരിപ്പിച്ച ഉണ്ണികൃഷ്ണന്റെ വിളിയും പുല്ല് നിനക്ക് എന്നെ മനസിലായോടെയ്… എന്ന് പറയുന്ന മുകേഷിന്റെ പീറ്റര്‍ കളിയിക്കയന്റെ ഡയലോഗും ഇപ്പോഴും ആളുകള്‍ ട്രോളിന് ഉപയോഗിക്കുന്നതാണ്. ഇരുവരുടെയും രഹസ്യാന്വേഷണവും ഉണ്ണികൃഷ്ണനെ സഹായിക്കാന്‍ പോയി അബദ്ധത്തില്‍ ചാടുന്ന പീറ്ററും, ഇരുവരുടെയും ഓരോ ഡയലോഗും ഒട്ടുമിക്ക മലയാളികള്‍ക്കും ഓര്‍മ്മയിലുണ്ട്.
5. കാക്കകുയില്‍ – ഗോവിന്ദന്‍ കുട്ടി
രണ്ടായിരത്തിന് ശേഷം പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ – മുകേഷ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് കാക്കകുയില്‍. ഗോവിന്ദന്‍കുട്ടിയെന്ന സകല ഉടായിപ്പുകളുമുള്ളയാളായി അനായാസമാണ് മുകേഷ് അഭിനയിച്ചത്. കിളവന്‍ കൈരളിയാണെന്ന് തോന്നുന്നു, മുകേഷ് – മോഹന്‍ലാല്‍ ഡയലോഗുകളും ടിക് ടോക്കിലും റീല്‍സിലും ഇന്നും ആരാധകര്‍ അവതരിപ്പിക്കാറുണ്ട്.
ആള്‍മാറാട്ടം നടത്തിയെത്തുന്ന ഇരുവരുടെയും പെര്‍ഫോമന്‍സ് അതിഗംഭീരമാണ്. ഇതിന് പുറമെയും നിരവധി സിനിമകളില്‍ മുകേഷ് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, അണ്ഡകടാഹം ശിവന്‍, ഇന്‍ ഹരിഹര്‍ നഗര്‍ മഹാദേവന്‍, ഗോഡ്ഫാദര്‍ സിനിമയിലെ രാമഭദ്രന്‍, ഒറ്റയാള്‍ പട്ടാളം, മാട്ടുപെട്ടി മച്ചാന്‍, അറബിയും ഒട്ടകം പി മാധവന്‍ നായരും, തുടങ്ങി നിരവധി സിനിമകളില്‍ മികച്ച പ്രകടനമാണ് മുകേഷ് കാഴ്ചവെച്ചത്.