|

'ഇത് മുകേഷ് പാര്‍ട്ടി വിടുന്നതിന്റെ സൂചനയോ?'; കിറ്റെക്‌സ് പരസ്യത്തില്‍ അഭിനയിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ട്വന്റി ട്വന്റിയുടെ രാഷ്ട്രീയ പ്രവേശനത്തെ നിരന്തരം വിമര്‍ശിക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം. ഇതിനിടെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി കൂടിയായ മുകേഷ് കിറ്റെക്‌സിന്റെ പരസ്യത്തില്‍ അഭിനയിച്ചതിനെതിരെ വിമര്‍ശനമുയരുകയാണ്.

കിറ്റെക്‌സിന്റെ ഉത്പന്നങ്ങളായ സാറാസ് പുട്ടുപൊടി, ചാക്‌സണ്‍ പുട്ട് മേക്കര്‍ എന്നിവയുടെ പരസ്യത്തിലാണ് മുകേഷ് അഭിനയിച്ചത്. പരസ്യത്തില്‍ മുകേഷ് അഭിനയിച്ചതിനെതിരെ നിരവധിപേരാണ് വിമര്‍ശനമുന്നയിക്കുന്നത്.

മുകേഷ് മുമ്പ് അഭിനയിച്ച ക്രോണിക് ബാച്ചിലര്‍ എന്ന സിനിമയിലെ രംഗങ്ങള്‍ പുനഃസൃഷ്ടിക്കുന്ന തരത്തിലുള്ള പരസ്യത്തില്‍ ഹരിശ്രീ അശോകും അഭിനയിച്ചിട്ടുണ്ട്. കിറ്റെക്‌സ് ലൈഫ് സ്റ്റൈലിന്റെ ഫേസ്ബുക്ക് പേജില്‍ പരസ്യം ഷെയര്‍ ചെയ്തിട്ടുണ്ട്. ഈ പോസ്റ്റിന് കീഴിലും നിരവധി പേരാണ് വിമര്‍ശിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.

‘മുകേഷ് പാര്‍ട്ടി വിടുന്നതിന്റ സൂചയാണൊന്നൊരു സംശയം, അത് പുട്ടുകുറ്റിയിലൂടെ അവതരിപ്പിച്ചതല്ലേ.. ,’എന്നായിരുന്നു ഒരു കമന്റ്.

‘ട്വന്റി-20 യുടെ ഐറ്റംസ് ബഹിഷ്‌കരിച്ച ടീംസ് ആണ് സി.പി.ഐ.എം. ഇതിന്റെ പരസ്യത്തില്‍ അഭിനയിച്ച മുകേഷിനെയും ഇവര്‍ ബഹിഷ്‌കരിക്കുമായിരിക്കും അല്ലെ’, ’20-20 യോട് എതിര്‍പ്പില്ലാത്ത സഖാവ്…!,’ തുടങ്ങിയ കമന്റുകളും വന്നിട്ടുണ്ട്.

കൊല്ലത്ത് രണ്ടാം തവണയാണ് പാര്‍ട്ടി മുകേഷിനെ മത്സരിപ്പിക്കാനൊരുങ്ങുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ട്വന്റി- ട്വന്റിയില്‍ അഭിനയിച്ചുകൊണ്ടുള്ള മുകേഷിന്റെ പരസ്യവും പുറത്തിറങ്ങിയത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിക്കെതിരെ സി.പി.ഐ.എം ശക്തമായ നിലപാടെടുത്തിരുന്നു. കിറ്റെക്‌സ് കമ്പനിയുള്ള വാര്‍ഡില്‍ സി.പി.ഐ.എം പിന്തുണച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ട്വന്റി ട്വന്റിയെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Mukesh being critisized of acting Twenty Twenty Kitex ad