നടന്‍ ശ്രീനിവാസന്‍ സ്വകാര്യ ചാനലിന്റെ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതിന്റെ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മുകേഷ്. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കാനാണ് അദ്ദേഹത്തെ വിളിച്ചതെന്നും എന്നാല്‍ 50000 രൂപ തന്നാല്‍ താന്‍ വരാമെന്നാണ് ശ്രീനി പറഞ്ഞതെന്നും മുകേഷ് പറഞ്ഞു. മുകേഷ് സ്പീക്കിങ് എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘അവാര്‍ഡ് നല്‍കുന്നതിനോടും ആദരിക്കുന്നതിനോടുമൊക്കെ എതിര്‍പ്പുള്ള വ്യക്തിയാണ് ശ്രീനിവാസന്‍. അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്, ഞാന്‍ മരിച്ച് കഴിഞ്ഞാല്‍ എന്റെ പേരില്‍ ഒരു വെയ്റ്റിങ് ഷെഡ് പോലും ഉണ്ടാക്കരുതെന്ന്. മരിച്ചാല്‍ എല്ലാം തീര്‍ന്നു എന്നാണ് പുള്ളി പറയുന്നത്. ഇത്തരത്തിലൊക്കെ ചിന്തിക്കുന്നയാളാണ് ശ്രീനിവാസന്‍.
ഒരു ചെറിയ ചാനലിന്റെ പരിപാടിക്ക് ശ്രീനിവാസനെ വിളിച്ചു. ഉദ്ഘാടനത്തിനൊന്നും വിളിച്ചാല്‍ പുള്ളി പോകത്തില്ല. ഇടക്കിടക്ക് ഇങ്ങനെ ചിരിക്കുന്നതിന്റെയും കയ്യടിക്കുന്നതിന്റെയും ഫോട്ടോ എടുക്കണം. ക്ലോസപ്പ് ഷോട്ടുകളെടുക്കണം പിന്നെ ഊള പരിപാടികളുടെ അഭിപ്രായം ചോദിക്കും. ഇതൊക്കെ അറിയാവുന്നത് കൊണ്ടാണ് പോകാന്‍ മടി. അതുകൊണ്ട് തന്നെ ശ്രീനിവാസന്‍ പറഞ്ഞു ആ പരിപാടിക്കൊന്നുമില്ലെന്ന്.
ശ്രീനിവാസന് ഒരു അവാര്‍ഡ് കൊടുക്കാന്‍ അവര്‍ തീരുമാനിച്ചു. എനിക്കെന്തിനാ അവാര്‍ഡ് തരുന്നത് എന്റെ സിനിമയൊന്നും ഇറങ്ങിയിട്ടില്ലല്ലോ എന്ന് പുള്ളി ചോദിച്ചു. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരമാണെന്ന് അവര്‍ പറഞ്ഞു. എത്ര രൂപ തരുമെന്ന് ശ്രീനി ചോദിച്ചു. ചെറിയ ബഡ്ജറ്റ് ആണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ വരുന്നില്ല, എനിക്ക് ഇവിടെയിരുന്ന് കുറേ എഴുതാനുണ്ടെന്ന് ശ്രീനിവാസന്‍ പറഞ്ഞു.
എങ്കില്‍ 25000 രൂപ തരാമെന്ന് അവര്‍ പറഞ്ഞപ്പോള്‍, അത് പോരാ 50000 രൂപ തന്നാല്‍ വരാമെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ഇവരൊന്ന് ഒഴിഞ്ഞ് പോകാന്‍ വേണ്ടിയാണ് പുള്ളി ഇങ്ങനെയൊക്കെ പറയുന്നത്. ഞാന്‍ ഇപ്പൊഴൊരു കഥ എഴുതുകയാണ്, എന്നിട്ടും ഇയാളോടുള്ള സ്‌നേഹവും ബന്ധവുമൊക്കെ കാരണമാണ് വരാമെന്ന് സമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞു. അവിടെ വരുന്നു എന്റെ അവാര്‍ഡ് മേടിക്കുന്നു, ഒരു ചെറിയ പ്രസംഗം നടത്തുന്നു ഞാന്‍ തിരിച്ച് പോരുന്നു അത്രയും മാത്രമെ ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെ ശ്രീനി അവിടെ പോയി. ചെറിയ പരിപാടിയാണ്. ശ്രീനിക്ക് മാത്രമാണ് പൈസ കൊടുക്കുന്നത്. വേറെയാര്‍ക്കുമില്ല. പരിപാടി മുന്നോട്ട് പോകുമ്പോള്‍ ശ്രീനിവാസന്‍ അയാളെ വിളിച്ചിട്ട് പറഞ്ഞു. എന്റെ അവാര്‍ഡ് താ എനിക്ക് വീട്ടില്‍ പോയി നാളത്തെ സീന്‍ എഴുതാനുള്ളതാണ്. കുറച്ച് പണിയും കൂടെയുണ്ട് ഇപ്പോള്‍ വിളിക്കാമെന്ന് അയാള്‍ പറഞ്ഞു. അങ്ങനെ അദ്ദേഹത്തെ വിളിച്ചു. വേദിയില്‍ കയറി ചെറിയൊരു പ്രസംഗമൊക്കെ നടത്തി.
ഒരു ചെറിയ മൊമന്റോയും ഒരു കവറില്‍ ചെക്കും അദ്ദേഹത്തിന് നല്‍കി. കഴിഞ്ഞുടനെ പരിപാടി നടത്തുന്നയാള്‍ വണ്ടി അറേഞ്ച് ചെയ്തിട്ടുണ്ട് എന്നാല്‍ പോകാമെന്ന് പറഞ്ഞു. ഇത്രയും നേരം ഇരുന്നില്ലേ കുറച്ച് നേരം കൂടെ നോക്കാമെന്ന് ശ്രീനി പറഞ്ഞു. ആരും ശ്രദ്ധിക്കാതെ പുള്ളി കവര്‍ തുറന്ന് നോക്കുമ്പോള്‍ അതിനകത്ത് 10000 രൂപ മാത്രമാണുള്ളത്. പുള്ളി അയാളെ വിളിച്ച് സംസാരിച്ചു. ഇപ്പോള്‍ ശരിയാക്കി തരാമെന്ന് പറഞ്ഞ് അയാള്‍ ചെക്ക് വാങ്ങികൊണ്ട് പോയി. അങ്ങനെ കിട്ടിയ പതിനായിരവും പോയി,’ മുകേഷ് പറഞ്ഞു.
content highlight: actor mukesh about sreenivasan